ഇന്ത്യയിലെ അസമത്വം തുറന്നുകാട്ടാൻ ജാതി സെൻസസ് അനിവാര്യമെന്ന് രാഹുൽ; തിരിച്ചടിച്ച് ബിജെപിയും
ന്യൂഡൽഹി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം താഴ്ന്ന ജാതിക്കാരോട് കാട്ടുന്നത് അനീതിയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതോടെ രാഹുലിന്റെ പരാമർശം പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇപ്പോൾ. രാജ്യത്തെ അസമത്വത്തെക്കുറിച്ചുള്ള യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നതിന് ജാതി സെൻസസ് പ്രധാനമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞതിന് പിന്നാലെ തിരിച്ചടിച്ച് ബിജെപിയും രംഗത്ത് വന്നു.
എല്ലാവർക്കും വിഭവങ്ങളുടെ തുല്യമായ വിതരണം ഉറപ്പാക്കണമെന്ന ബിആർ അംബേദ്ക്കറുടെ സ്വപ്‌നം സാക്ഷാത്കരിക്കാൻ തന്റെ പാർട്ടി പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാൽ ഇതിനോട് കടുത്ത ഭാഷയിലാണ് ബിജെപി പ്രതികരിച്ചത്. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലെ മെറിറ്റ് സിസ്‌റ്റത്തെക്കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞ മോശം വാക്കുകൾ പാർട്ടിയുടെ 'വംശപരമ്പര' മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് ബിജെപി പറഞ്ഞത്.

'രാഹുൽ ഗാന്ധിയുടെ മെറിറ്റിനെക്കുറിച്ചുള്ള പരാമർശം കോൺഗ്രസിന്റെ സ്വജനപക്ഷപാതപരവും ഫ്യൂഡൽ മനോഭാവവും വ്യക്തമായി തുറന്നുകാട്ടുന്നു. കുടുംബാധിപത്യം പിന്തുടരുന്ന കോൺഗ്രസ് ചരിത്രപരമായി എപ്പോഴും കഠിനാധ്വാനത്തിലൂടെയും പൂർണ പ്രതിബദ്ധതയിലൂടെയും പൊതുജീവിതത്തിൽ മുന്നേറിയ എസ്‌സി, എസ്‌ടി, ഒബിസി സമുദായങ്ങളിലെ അർഹരായ നേതാക്കളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് ചെയ്‌തിട്ടുള്ളത്' ബിജെപി ദേശീയ വക്താവ് സിആർ കേശവൻ പറഞ്ഞു.
അതിനിടെ മുൻ യുജിസി ചെയർമാനും അക്കാദമിഷ്യനുമായ സുഖ്‌ദിയോ തോറാട്ടുമായുള്ള അഭിമുഖത്തിലാണ് രാഹുൽ ഗാന്ധി തന്റെ നിലപാട് വ്യക്തമാക്കിയത്. 'സാമൂഹിക സ്ഥാനവും കഴിവും തമ്മിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു മെറിറ്റ് ആശയം തികച്ചും വികലമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായമോ ഉദ്യോഗസ്ഥ പ്രവേശന സംവിധാനമോ ദളിതർക്കും, മറ്റ് പിന്നോക്ക ജാതിക്കാർക്കും ആദിവാസികൾക്കും നീതിയുക്തമാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റിദ്ധാരണ മാത്രമാണ്' എന്നായിരുന്നു രാഹുൽ പറഞ്ഞത്.
ബിജെപിയെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തിരുന്നു. ഇന്ത്യയിലെ അസമത്വത്തിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്നതിനുള്ള ജാതി സെൻസസ് എന്ന ആശയത്തിനെ എതിർക്കുന്നവർ ഉണ്ടെന്നായിരുന്നു രാഹുൽ പറഞ്ഞത്. ജാതി സെൻസസ് ഈ അസമത്വത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്, എന്നാൽ അതിനെ എതിർക്കുന്നവർ ഈ സത്യം പുറത്തുവരാൻ ആഗ്രഹിക്കുന്നില്ല; രാഹുൽ ആരോപിച്ചു.
ജാതി സെൻസസ് റിപ്പോർട്ട് സഭയിൽ വെച്ചാൽ മാത്രമേ പുതിയൊരു സംവിധാനം സൃഷ്‌ടിക്കാൻ കഴിയൂ എന്ന് രാഹുൽ ഗാന്ധി നേരത്തെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് എംപിയുടെ പുതിയ പരാമർശം. എന്നാൽ ബിജെപി ഇതിനെ ശക്തമായി എതിർക്കുകയാണ്.












Click it and Unblock the Notifications