മോദി-ആർഎസ്എസ് സർക്കാരിനെ താഴെയിറക്കുമെന്ന് രാഹുൽ; ബാലറ്റ് പേപ്പർ കൊണ്ട് വരാൻ വെല്ലുവിളിച്ച് പ്രിയങ്ക
ന്യൂഡൽഹി: വോട്ട് കൊള്ളയ്ക്ക് എതിരായ റാലിയിൽ ബിജെപിയ്ക്ക് എതിരെ ആഞ്ഞടിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യത്തിനൊപ്പം നിൽക്കുമെന്നും നരേന്ദ്ര മോദി-ആർഎസ്എസ് സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും രാഹുൽ ഗാന്ധി റാലിയിൽ പറഞ്ഞു. രാംലീല മൈതാനത്ത് വച്ച് നടന്ന വമ്പൻ റാലിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അദ്ദേഹം രൂക്ഷ വിമർശനമുയർത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാർ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ ബിജെപിക്കായി പ്രവർത്തിക്കുന്നുവെന്ന് രാഹുൽ ആരോപിച്ചു. 'ഞങ്ങൾ 'സത്യ'ത്തിനൊപ്പം നിൽക്കും, നരേന്ദ്ര മോദി-ആർഎസ്എസ് സർക്കാരിനെ മാറ്റും. അവർക്ക് അധികാരം ഉണ്ട്, അതുകൊണ്ട് അവർ വോട്ട് മോഷണം ചെയ്യുന്നു' രാഹുൽ ഗാന്ധി ആരോപിച്ചു.

തിരഞ്ഞെടുപ്പിനിടെ ബിജെപി 10000 രൂപ കൈമാറിയിട്ടും കമ്മീഷൻ നടപടിയെടുത്തില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 'സത്യവും അസത്യവും തമ്മിലുള്ള ഈ പോരാട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി സർക്കാരിനൊപ്പമാണ് പ്രവർത്തിക്കുന്നത്' അദ്ദേഹം ആഞ്ഞടിച്ചു. മോദി സർക്കാർ കൊണ്ട് വന്ന നിയമം അധികാരത്തിൽ വന്നാൽ തങ്ങൾ മാറ്റുമെന്നും രാഹുൽ പ്രഖ്യാപിച്ചു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനായി ഒരു പുതിയ നിയമം കൊണ്ടുവന്നു; ഞങ്ങൾ ഈ നിയമം മുൻകാല പ്രാബല്യത്തോടെ മാറ്റുകയും തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരെ നടപടിയെടുക്കുകയും ചെയ്യും' എന്നായിരുന്നു രാഹുൽ ഗാന്ധി റാലിയിൽ വ്യക്തമാക്കിയത്.
സമയമെടുത്താലും സത്യം ഒടുവിൽ വിജയിക്കുമെന്നും, മോദിയെയും അമിത് ഷായെയും പരാജയപ്പെടുത്താൻ സത്യത്തിലും അഹിംസയിലും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതേ റാലിയിൽ പ്രിയങ്ക ഗാന്ധിയും കേന്ദ്ര സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ചു. രാജ്യത്തിലെ സ്ഥാപനങ്ങൾ തകർക്കപ്പെടുമ്പോൾ ഇന്ത്യക്കാർ ഉണർന്നെഴുന്നേൽക്കണം എന്നാണ് പ്രിയങ്ക പറഞ്ഞത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരുടെ പേരുകൾ പ്രിയങ്കാ ഗാന്ധി എടുത്തുപറഞ്ഞു. ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കാൻ ഗൂഢാലോചന നടത്തിയതിന് ഇവർ മറുപടി പറയേണ്ടിവരുമെന്നും, ബിജെപിക്ക് അന്ന് അവരെ രക്ഷിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
'
ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു. അവർക്ക് ഒരിക്കലും ജയിക്കാനാവില്ലെന്ന് അവർക്കറിയാം. ബീഹാർ നഷ്ടപ്പെട്ടതിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല, ബിജെപി വോട്ട് മോഷണത്തിലൂടെയാണ് ജയിക്കുന്നത് എന്ന് ഈ രാജ്യം മുഴുവൻ അറിയാവുന്ന കാര്യമാണ്; പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ബിഹാറിൽ സ്ത്രീകൾക്ക് 10,000 രൂപ നൽകിയത് തിരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിച്ചുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 'ഇതൊരു വോട്ട് മോഷണം അല്ലെങ്കിൽ മറ്റെന്താണ്?" അവർ ചോദിച്ചു. തിരഞ്ഞെടുപ്പുകൾ നീതിയുക്തമായി നടക്കുന്നില്ലെന്നും ഓരോ ഘട്ടവും സംശയമുയർത്തുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications