'സോനം വാങ്ചുക്കിനെ നീക്കിയത് തെറ്റ്, കേന്ദ്ര സർക്കാർ ബലം പ്രയോഗിക്കുന്നു'; പ്രതികരിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: നീറ്റ് ക്രമേക്കേടുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ നിന്ന് സോനം വാങ്ചുക്കിനെ നീക്കിയത് തെറ്റാണെന്നും, സമാധാനപരമായി നടന്ന പ്രതിഷേധത്തിനെതിരെ കേന്ദ്ര സർക്കാർ ബലം പ്രയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയായിരുന്നു. സമരം 21-ാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പോലീസ് അദ്ദേഹത്തെ പ്രതിഷേധ സ്ഥലത്ത് നിന്ന് മാറ്റി ഡൽഹിയിലെ വിഎംഎംസി-സഫ്‌ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില നിരീക്ഷിക്കുന്നതിനായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

പോലീസ് നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി, സമാധാനപരമായ പ്രതിഷേധത്തെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ച, ഉയർന്നുവരുന്ന വിദ്യാഭ്യാസ ചെലവ്, വിദ്യാർഥികളുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങൾ അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
'സമാധാനപരമായി സമരം നടത്തുന്നതിനിടെ സോനം വാങ്ചുക്ക് ജിയെ ജന്തർ മന്തറിൽ നിന്ന് നീക്കിയത് തെറ്റാണ്. ഇന്ത്യയുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളാണ് ചോദ്യപേപ്പർ ചോർച്ച, വിദ്യാഭ്യാസ ചെലവുകളുടെ വർധന, വിദ്യാർഥികളുടെ ആത്മഹത്യ എന്നിവ. എത്ര ശക്തി പ്രയോഗിച്ചാലും ഈ വിഷയങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികളെയും അവരെ പിന്തുണയ്ക്കുന്നവരെയും തടയാനാകില്ല' രാഹുൽ ഗാന്ധി പറഞ്ഞു.
ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യ ദിവസം നടത്താനിരുന്ന പാർലമെന്റ് മാർച്ചിന് ഏകദേശം 48 മണിക്കൂർ മുമ്പാണ് വാങ്ചുക്കിനെ പ്രതിഷേധ സ്ഥലത്ത് നിന്ന് മാറ്റിയത്. സിവിൽ ഡ്രസിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധ വേദിയിലെത്തി വാങ്ചുക്കിനെ വെള്ളത്തുണികൊണ്ട് മൂടി ഏതാനും മിനിറ്റുകൾക്കുള്ളിൽ അവിടെ നിന്ന് മാറ്റുകയായിരുന്നു.
എന്നാൽ, ആരോഗ്യ വിദഗ്‌ധരുടെ നിർദേശപ്രകാരവും ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുമാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു. ആരോഗ്യനില മോശമാകുന്നതിനെക്കുറിച്ചുള്ള ആശങ്കയാണ് നടപടിക്ക് കാരണമെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിഷേധക്കാർ നടപടിയെ തടയാൻ ശ്രമിച്ചതിനെ തുടർന്ന് ചെറിയ സംഘർഷാവസ്ഥ ഉണ്ടായെന്നും, എന്നാൽ പൊലീസ് പരമാവധി സംയമനം പാലിച്ചാണ് പ്രവർത്തിച്ചതെന്നും അറിയിച്ചു. ആശുപത്രി അധികൃതർ പിന്നീട് വാങ്ചുക്കിന്റെ ആരോഗ്യനില നിലവിൽ ഭേദപ്പെട്ടതാണെന്ന് അറിയിച്ചു. എങ്കിലും തുടർച്ചയായ നിരീക്ഷണവും ചികിത്സയും ആവശ്യമാണെന്ന് ആശുപത്രി വ്യക്തമാക്കി.
അതേസമയം, വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ ചോദ്യം ചെയ്‌തു രംഗത്തെത്തി. തന്റെ സമ്മതമില്ലാതെ ചികിത്സ നൽകരുതെന്നും അവർ ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് പോലീസ് വ്യാഖ്യാനിക്കുന്ന രീതി ശരിയല്ലെന്നും, ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications