'പ്രധാനമന്ത്രി ചോദ്യങ്ങൾ ചോദിക്കുന്നവരെ അപമാനിക്കുന്നു, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു'; രാഹുൽ
ന്യൂഡൽഹി: സത്യ നികേതനിലെ കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ബിജെപി സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി 'ദിമാഗി നക്‌സൽ' എന്നത് അടക്കമുള്ള അപകീർത്തികരമായ വിശേഷണങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഡൽഹിയിൽ 'ട്രിപ്പിൾ എൻജിൻ' സർക്കാർ അധികാരത്തിലിരിക്കെ ഇത്തരം ദുരന്തങ്ങൾ തടയുന്നതിൽ സർക്കാർ എന്തുകൊണ്ടാണ് നിസഹായരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതിന് പിന്നിൽ ഉദ്ദേശശുദ്ധിയുടെ അഭാവമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തമില്ല എന്ന തലക്കെട്ടോടെയാണ് രാഹുൽ ഗാന്ധി ഹിന്ദിയിൽ എക്‌സിൽ കുറിപ്പ് പങ്കുവെച്ചത്.

ഓരോ ദുരന്തത്തിനുശേഷവും ബിജെപി സർക്കാർ പിന്തുടരുന്നത് ഒരേ ലജ്ജാകരമായ രീതിയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് അവ തടയാൻ നടപടിയെടുക്കുന്നില്ലെന്നും, അപകടങ്ങൾ സംഭവിച്ച ശേഷം വലിയ അവകാശവാദങ്ങളും പ്രകടനങ്ങളും മാത്രമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഏതാനും താഴേ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ മേൽ മാത്രം കുറ്റം ചുമത്തുകയും യഥാർഥ ഉത്തരവാദികൾ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.
'വിദ്യാർഥികൾ തിങ്ങിനിറഞ്ഞിരുന്ന സത്യ നികേതനിലെ കെട്ടിടം തകർന്നുവീണത് ഒറ്റപ്പെട്ട ദുരന്തമല്ല. കഴിഞ്ഞ നാല് മാസത്തിനിടെ സെയ്ദുൽജാബിൽ സമാനമായ ദുരന്തത്തിൽ ആറ് പേർ മരിച്ചു. ഹൗസ് റാണിയിൽ ഉണ്ടായ തീപിടിത്തത്തിൽ 22 പേരുടെ ജീവനാണ് നഷ്‌ടപ്പെട്ടത്' രാഹുൽ ഗാന്ധി വിമർശനം കടുപ്പിച്ചു.
'ഓരോ തവണയും ജീവനുകളും സ്വപ്‌നങ്ങളും പ്രതീക്ഷകളും കെട്ടിടാവശിഷ്‌ടങ്ങൾക്കടിയിൽ മൂടപ്പെടുന്നു. എന്നാൽ ഓരോ തവണയും യഥാർഥ നടപടികൾ എവിടെയും കാണാനില്ല. ഉത്തരവാദിത്തം ചോദിക്കുമ്പോൾ, പ്രധാനമന്ത്രി തന്നെ 'ദിമാഗി നക്‌സൽ', 'നാരാസ് ഫൂഫാ' തുടങ്ങിയ അപമാനകരമായ വിശേഷണങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുന്നവരെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും നിശബ്‌ദരാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം' അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ 12 വർഷമായി, ലോകത്തെക്കുറിച്ചുള്ള വലിയ അവകാശവാദങ്ങളും പ്രസംഗങ്ങളും നടത്തി ജനങ്ങളെ വഴിതിരിച്ചുവിടുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്നും എന്നാൽ യഥാർഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ പരാജയപ്പെട്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ 'ട്രിപ്പിൾ എൻഞ്ചിൻ സർക്കാർ ഉണ്ടായിട്ടും അലംഭാവം തുടരുന്നതിൽ രാഹുൽ ഗാന്ധി അതൃപ്‌തി അറിയിച്ചു.
ഉദ്ദേശശുദ്ധിയുടെ അഭാവമാണ് ഈ നിസഹായതയ്ക്ക് കാരണമെന്നും ഉദ്ദേശശുദ്ധിയില്ലാത്തിടത്ത് ഉത്തരവാദിത്തവും ഉണ്ടാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള തിരക്കേറിയ പ്രദേശത്ത് അഞ്ചുനില കെട്ടിടം തകർന്നുവീണ് ഏഴ് പേർ മരണപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.


Click it and Unblock the Notifications
