'മോദി മൗനം പാലിക്കുന്നു, അമേരിക്കയുടെ സേവകനായി മാറി'; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: അമേരിക്കൻ സൈനികാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂൺ 10-ന് ഗൾഫ് മേഖലയിലെ ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ അമേരിക്കൻ മിസൈൽ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത്. ഇതിൽ പ്രതിപക്ഷം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്.
ഇന്ത്യൻ നാവികരുടെ മരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയുമായി സംസാരിച്ചതിന് പിന്നാലെ അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തിറക്കിയ പ്രസ്‌താവനയാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. അമേരിക്കൻ സൈന്യം പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ വാണിജ്യ കപ്പലുകൾ പാലിക്കണമെന്നും ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ ഉപരോധം ലംഘിക്കുന്നത് അനുവദിക്കില്ലെന്നും പ്രസ്‌താവനയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനെതിരെ സമൂഹമാധ്യമമായ എക്‌സിൽ പ്രതികരിച്ച രാഹുൽ ഗാന്ധി, ഒരു സ്വതന്ത്ര രാജ്യം ഇത്തരം ഭാഷ ഒരിക്കലും അംഗീകരിക്കില്ല. എന്നാൽ നമ്മുടെ ഒത്തുതീർപ്പിലായ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ് എന്ന് വിമർശിച്ചു. അമേരിക്കയുടെ നിർദേശങ്ങൾ കേട്ട് അനുസരിക്കുന്ന ഒരു വിധേയ സേവകനെപ്പോലെയാണ് കേന്ദ്ര സർക്കാർ പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അമേരിക്കയിൽ നിന്ന് ഖേദപ്രകടനമോ മാപ്പുപറച്ചിലോ ഉണ്ടായിട്ടില്ലെന്നും, പകരം ഇന്ത്യയോട് നിർദേശങ്ങൾ നൽകുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. 'അമേരിക്കൻ സൈന്യത്തിന്റെ ഉത്തരവുകൾ ഉടൻ പാലിക്കണം, ലംഘനം സഹിക്കില്ല' എന്ന തരത്തിലുള്ള പ്രസ്‌താവനകൾ ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു പോസ്‌റ്റിൽ, കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ ഭൗതികാവശിഷ്ടങ്ങൾ ഉടൻ നാട്ടിലെത്തിക്കണമെന്ന് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 'ഇന്ത്യക്കാരനാകുന്നത് തന്നെ ദുരവസ്ഥയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിദേശ ശക്തികൾ നമ്മുടെ പൗരന്മാരെ കൊല്ലുമ്പോൾ സർക്കാർ നിശബ്‌ദമായി ഉത്തരവുകൾ അനുസരിക്കുകയാണ്' എന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫ്രാൻസിലെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കെയാണ് രാഹുലിന്റെ പരാമർശങ്ങൾ രാഷ്ട്രീയ ശ്രദ്ധ നേടുന്നത്. ഇവിടെ വച്ച് ഇരുരാജ്യ നേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ചകളും വ്യാപാര വിഷയങ്ങളിലുള്ള കൂടിക്കാഴ്‌ചകളും നടക്കുമെന്നാണ് പ്രതീക്ഷ.
അമേരിക്കൻ നാവിക ഉപരോധം ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്ന് എംടി സെറ്റബെല്ലോ എന്ന കപ്പലിനെ അമേരിക്കൻ സേന ലക്ഷ്യമിട്ടതാണ് കടുത്ത വിമർശനത്തിന് കാരണമാവുന്നത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേർ മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. എന്നാൽ ഇതുവരെ യുഎസ് ഈ സംഭവം അപലപിക്കുകയോ ഖേദം പ്രകടിപ്പിക്കുകയോ ഒന്നും ചെയ്‌തിരുന്നില്ല.












Click it and Unblock the Notifications