രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും; പ്രതിപക്ഷ നേതാവായതിന് ശേഷം ആദ്യ വരവ്, ക്യാമ്പുകൾ നേരിട്ട് കാണും
ന്യൂഡൽഹി: കോൺഗ്രസ് നേതാവും റായ്ബറേലി എംപിയുമായ രാഹുൽ ഗാന്ധി കലാപബാധിത സംസ്ഥാനമായ മണിപ്പൂർ സന്ദർശിക്കും, ജൂലൈ എട്ട് തിങ്കളാഴ്‌ചയാണ് രാഹുലിന്റെ സന്ദർശനം. കഴിഞ്ഞ വർഷം മെയ് മാസത്തിൽ മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിൽ വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനത്തിലേക്കുള്ള രാഹുലിന്റെ മൂന്നാമത്തെ സന്ദർശനമാണിത്. എന്നാൽ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ വരവാണ് ഇത്.
നേരത്തെ ഇംഫാലിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ മേഘചന്ദ്രയാണ് രാഹുൽ ഗാന്ധി മണിപ്പൂരിൽ എത്തുമെന്ന് അറിയിച്ചത്. ഡൽഹിയിൽ നിന്ന് വിമാനമാർഗം സിൽച്ചാറിലേക്ക് എത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്ന് കഴിഞ്ഞ ദിവസം പുതിയ അക്രമം നടന്ന ജിരിബാം ജില്ലയിലേക്ക് പോകുമെന്നുമാണ് അറിയിച്ചത്.

രാഹുൽ ഇവിടെ ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുമെന്നും ആക്രമണ ബാധിതരായ ആളുകളെ നേരിട്ട് കാണുമെന്നും അദ്ദേഹം അറിയിച്ചു. "രാഹുൽ ജിരിബാം ഗാന്ധി ജില്ലയിലെ ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. തുടർന്ന് അദ്ദേഹം സിൽച്ചാർ വിമാനത്താവളത്തിലേക്ക് മടങ്ങും, അവിടെ നിന്ന് വിമാനത്തിൽ ഇംഫാലിലേക്ക് പോകും" മേഘചന്ദ്ര വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഇംഫാലിൽ നിന്ന് അദ്ദേഹം ചുരാചന്ദ്പൂർ ജില്ലയിലേക്ക് പോകും, അവിടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ചുരാചന്ദ്പൂരിൽ നിന്ന്, പ്രതിപക്ഷ നേതാവ് റോഡ് മാർഗം ബിഷ്‌ണുപൂർ ജില്ലയിലെ മൊയ്‌റാങ്ങിലേക്ക് പോകുകയും അവിടെയുള്ള ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്യും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങളും രാഷ്ട്രീയ നിലപാടുകളും കാരണം മണിപ്പൂരിനെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാത്തതിനെയും അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു.
"പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂർ എന്ന സംസ്ഥാനമേയില്ല. ഒരു സന്ദേശം നൽകാൻ ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു, അവിടെ പോകണമെന്നും. പക്ഷേ അദ്ദേഹം ചെയ്‌തില്ല. ഇക്കാര്യത്തിൽ നിങ്ങൾക്ക് ഒരു മറുപടി പ്രധാനമന്ത്രിയിൽ നിന്ന് ലഭിക്കില്ല" എന്നായിരുന്നു രാഹുൽ ലോക്‌സഭയിൽ ചൂണ്ടിക്കാട്ടിയത്.
വർഗീയ കലാപം പൊട്ടിപുറപ്പെട്ടതിന് പിന്നാലെ 2023 ജൂണിൽ രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിച്ചിരുന്നു. കൂടാതെ ഈ വർഷം ആദ്യം ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായും രാഹുൽ മണിപ്പൂരിൽ എത്തി. അതുകൊണ്ട് തന്നെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള രാഹുലിന്റെ ആദ്യ സന്ദർശനത്തെ വളരെ പ്രാധാന്യത്തോടെ തന്നെയാണ് മണിപ്പൂരിലെ കോൺഗ്രസ് പാർട്ടി കാണുന്നതെന്ന് വ്യക്തം.












Click it and Unblock the Notifications