രാഹുല്‍ ഗാന്ധി പഞ്ചാബിലേക്ക്, സര്‍പ്രൈസ് പ്രതീക്ഷിച്ച് ചന്നിയും സിദ്ദുവും
ദില്ലി: പഞ്ചാബില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെ നേരിടുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി നവജ്യോത് സിംഗ് സിദ്ദുവും ചരണ്‍ജിത്ത് സിംഗ് ചന്നിയും പോരാടി കൊണ്ടിരിക്കുകയാണ്. നേതൃത്വത്തിനെതിരെ സിദ്ദു പലപ്പോഴായി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. രാഹുല്‍ ഗാന്ധി അടുത്ത ദിവസം തന്നെ പഞ്ചാബിലേക്ക് പ്രചാരണത്തിനായി എത്തുന്നുണ്ട്. സര്‍പ്രൈസ് പ്രഖ്യാപനം രാഹുലില്‍ നിന്നുണ്ടാവുമെന്നാണ് സൂചന. ഓരോ സംസ്ഥാനത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്തരം സര്‍പ്രൈസ് പ്രഖ്യാപനങ്ങള്‍ രാഹുല്‍ നടത്താറുണ്ട്. അതിലാണ് സിദ്ദുവിന്റെയും ചന്നിയുടെയും പ്രതീക്ഷ.

ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് തന്നെയാണ് നിലവില്‍ മുന്‍തൂക്കമുള്ളത്. പക്ഷേ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ മറുവിഭാഗം പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. പ്രത്യേകിച്ച് ചന്നിയെ തഴഞ്ഞാല്‍ ദളിത് വോട്ടുകള്‍ ഒന്നാകെ നഷ്ടമാകും. അത് വലിയ തിരിച്ചടിയാകും. നിലവില്‍ എഎപി ഭഗവന്ത് മന്നിനെ പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഇന്റേണല്‍ സര്‍വേയില്‍ എഎപി ഇതോടെ ബഹുദൂരം മുന്നിലെത്തിയതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എ ത്രയും പെട്ടെന്ന് കോണ്‍ഗ്രസും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
സുവര്‍ണ ക്ഷേത്രത്തില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അതിന് ശേഷം ദുര്‍ഗിയാന ക്ഷേത്രം, ഭഗവാന്‍ വാല്‍മീകി ക്ഷേത്രം എന്നിവയിലും രാഹുലിന്റെ സന്ദര്‍ശനമുണ്ടാകും. 117 സ്ഥാനാര്‍ത്ഥികളും അദ്ദേഹത്തോടൊപ്പമുണ്ടാവും. മിഥാപൂരിലും ജലന്ധറിലും വിര്‍ച്വല്‍ റാലിനടത്താനാണ് രാഹുലിന്റെ പ്ലാന്‍. ഇതിന് ശേഷം അദ്ദേഹം ദില്ലിക്ക് തിരിക്കും. രാഹുല്‍ വരുന്നതോടെ വിഭാഗീയത അവസാനിക്കുമെന്നാണ് കരുതുന്നത്. സിദ്ദുവിനോട് ഒന്നടങ്ങാന്‍ നേതാക്കള്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് തോറ്റാല്‍ സിദ്ദു പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോവുമെന്നാണ് സൂചന. രാഹുല്‍ സര്‍പ്രൈസായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സീനിയര്‍ നേതാക്കള്‍ വിശ്വസിക്കുന്നത്.
ചന്നി ദളിത് സിഖാണ്. സിദ്ദു ജാട്ട് നേതാവാണ്. സുനില്‍ ജക്കര്‍ ഹിന്ദു നേതാവാണ്. ഇവരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ സോഷ്യല്‍ എഞ്ചിനിയീറിംഗ് കൃത്യമാകുമെന്നാണ് രാഹുല്‍ കരുതുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. 2017ല്‍ തിരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കെയാണ് സര്‍പ്രൈസായി അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ പ്രഖ്യാപിക്കുന്നത്. മണ്ണിന്റെ മകന്‍ എന്ന പ്രചാരണമാണ് രാഹുല്‍ നടത്തിയത്. ഇത് വിജയിക്കുകയും, കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം നേടുകയും ചെയ്തു. എഎപിയെ പുറത്തുനിന്ന് വന്നവരായി ചിത്രീകരിച്ചായിരുന്നു ഈ ജയം.












Click it and Unblock the Notifications