രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്ര; വിവാദം പുകയുന്നു, ആഞ്ഞടിച്ച് ബിജെപി, നിങ്ങൾക്കെന്ത് കാര്യമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തിന് തൊട്ടുപിന്നാലെ വിയറ്റ്നാമിലേക്ക് പറന്ന കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ നടപടി വിവാദത്തിൽ. വിഷയത്തിൽ രാഹുലിനെ ലക്ഷ്യമിട്ട് ബിജെപി വിമർശനം കടുപ്പിക്കുകയാണ്. പ്രതികരണവുമായി കോൺഗ്രസ് കൂടി രംഗത്ത് വന്നതോടെ രാഹുലിന്റെ വിയറ്റ്നാം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ കൊഴുക്കുകയാണ്.
മൻമോഹൻ സിംഗിന്റെ മരണത്തിൽ രാജ്യമെങ്ങും ദുഃഖാചരണം നടക്കുന്ന വേളയിലെ രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ വിമർശിച്ചുകൊണ്ട് ബിജെപി നേതാക്കൾ രംഗത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമായത്. എന്നാൽ ഇതിന് മറുപടിയുമായി കോൺഗ്രസും രംഗത്ത് വരികയായിരുന്നു. മൻമോഹൻ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ കേന്ദ്രം കൈകാര്യം ചെയ്‌ത രീതിയിലെ പിഴവുകൾ മറയ്ക്കാനാണ് ഈ വിഷയം ഉയർത്തിക്കാട്ടുന്നത് എന്നാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്.

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് വിവാദങ്ങൾ തുടക്കമിട്ടത്. പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുമ്പോൾ രാഹുൽ ഗാന്ധി പുതുവർഷത്തെ വരവേൽക്കാൻ വിയറ്റ്നാമിലേക്ക് പറന്നുവെന്നായിരുന്നു മാളവ്യ പറഞ്ഞത്. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അമിത് മാളവ്യയുടെ വിമർശനം.
ഒരുപടി കൂടി കടന്ന് കോൺഗ്രസിന്റെ സിഖ് വിരോധം കൂടി അമിത് മാളവ്യ എടുത്ത് പറയുകയുണ്ടായി. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ ഉയർത്തിക്കാട്ടി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഗാന്ധിമാരും കോൺഗ്രസും സിഖുകാരെ വെറുക്കുന്നു. ഇന്ദിരാഗാന്ധി ദർബാർ സാഹിബിനെ അവഹേളിച്ച കാര്യം ഒരിക്കലും മറക്കരുത്; മാളവ്യ പറഞ്ഞു.
ബിജെപി ശ്രദ്ധ മാറ്റാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ തിരിച്ചടിച്ചു. എപ്പോഴാണ് സംഘികൾ ഈ വ്യതിചലന രാഷ്ട്രീയം അവസാനിപ്പിക്കുക? യമുനാതീരത്ത് ഡോ.സാഹബിന് ശവസംസ്‌കാരത്തിന് സ്ഥലം നിഷേധിച്ച രീതിയും അദ്ദേഹത്തിന്റെ മന്ത്രിമാർ ഡോ. സാഹബിന്റെ കുടുംബത്തെ മൂലക്കിരുത്തിയതും ലജ്ജാകരമാണ്; മാണിക്കം ടാഗോർ ആഞ്ഞടിച്ചു.
രാഹുൽ ഗാന്ധി സ്വകാര്യമായി യാത്ര ചെയ്യുകയാണെങ്കിൽ, അത് നിങ്ങളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്? അദ്ദേഹം പരിഹസിച്ചു. പുതുവർഷത്തിൽ എങ്കിലും നന്നായിരിക്കുക എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് തവണ പ്രധാനമന്ത്രിയായ മൻമോഹൻ സിംഗിന്റെ ശവസംസ്‌കാര ചടങ്ങുകളും സ്‌മാരകവും ഒക്കെ സംബന്ധിച്ച് ഇരുപാർട്ടികളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളിൽ ഏറ്റവും പുതിയതാണ് ഈ വിവാദം.
മൻമോഹൻ സിംഗിന്റെ ചിതാഭസ്‌മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ ഗാന്ധി കുടുംബം പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ബിജെപി ചോദിച്ചിരുന്നു. എന്നാൽ മൻമോഹൻ സിംഗിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ തങ്ങൾ മാനിക്കുന്നു എന്നായിരുന്നു കോൺഗ്രസ് നൽകിയ മറുപടി. ഇതിന്റെ തുടർച്ചയായാണ് ബിജെപി വിയറ്റ്നാം യാത്രയുടെ പേരിൽ രാഹുലിനെയും കോൺഗ്രസിനെയും കടന്നാക്രമിക്കുന്നത്.












Click it and Unblock the Notifications