സ്ഥാനാർത്ഥി പോലുമില്ലാതെ പ്രതിപക്ഷം; മഹാരാഷ്ട്രയിൽ വീണ്ടും സ്‌പീക്കറായി രാഹുൽ നർവേക്കർ
മുംബൈ: മഹാരാഷ്ട്ര നിയമസഭാ സ്‌പീക്കറായി ബിജെപി നേതാവ് രാഹുൽ നർവേക്കർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്‌ചയാണ് രാഹുൽ നർവേക്കർ വീണ്ടും സ്‌പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊളാബയിൽ നിന്നുള്ള 47കാരനായ എംഎൽഎ ഏകനാഥ് ഷിൻഡെ സർക്കാരിന്റെ കീഴിൽ സ്‌പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് രാഹുൽ നർവേക്കർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പ്രതിപക്ഷം സ്ഥാനാർത്ഥിയെ പോലും നിർത്താത്ത സാഹചര്യത്തിൽ എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2019ൽ ആദ്യമായി എംഎൽഎയായ അദ്ദേഹം ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി ഹീരാ നവാജി ദേവസിയെ 48,500 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വീണ്ടും സഭയിലെത്തിയത്.

ബിജെപിയിൽ എത്തുന്നതിന് മുൻപ് വേറെയും കക്ഷികളുമായി അദ്ദേഹം നേരത്തെ ചേർന്ന് പ്രവർത്തിച്ചിരുന്നു. മുമ്പ് ശിവസേനയുമായും എൻസിപിയുമായും അദ്ദേഹം സഹകരിച്ചിരുന്നു. നേരത്തെ ശിവസേന യൂത്ത് വിംഗിന്റെ വക്താവായും രാഹുൽ നർവേക്കർ പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ശിവസേനയ്ക്ക് വേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ മോഹം മുടങ്ങി.
ശിവസേനയിൽ 15 വർഷം ചെലവഴിച്ച ശേഷം, 2014-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടപ്പോൾ നർവേക്കർ പാർട്ടി വിടുകയായിരുന്നു. തുടർന്ന് അദ്ദേഹം എൻസിപിയിലേക്ക് ചേക്കേറി. അവർക്ക് വേണ്ടി മാവൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയെങ്കിലും പരാജയമായിരുന്നു ഫലം. ഇതോടെയാണ് ബിജെപിയിലേക്ക് കൂടുമാറിയത്.
മഹാരാഷ്ട്രയിലെ ഒരു രാഷ്ട്രീയ കുടുംബത്തിലാണ് നർവേക്കർ പിറന്നത്. അദ്ദേഹത്തിന്റെ പിതാവ് സുരേഷ് നർവേക്കർ ഒരു കൗൺസിലറായിരുന്നു. എൻസിപിയിൽ നിന്നുള്ള നിയമസഭാംഗവും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനും സ്‌പീക്കറുമായ രാംരാജെ നായിക്-നിംബാൽക്കറാണ് അദ്ദേഹത്തിന്റെ ഭാര്യാപിതാവ്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന്റെ വമ്പൻ മുന്നേറ്റം തന്നെ പ്രകടമായതിനാൽ ഇക്കുറി പ്രതിപക്ഷം സ്‌പീക്കർ മത്സര ചിത്രത്തിലേ ഇല്ലായിരുന്നു. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നെങ്കിലും രാഹുൽ നർവേക്കർ യാതൊരു വെല്ലുവിളിയും കൂടാതെ ജയിക്കുമായിരുന്നു. സഭയിൽ 230 പേരുടെ മൃഗീയ പിന്തുണ ഉള്ളതിനാൽ തന്നെ നർവേക്കറുടെ രണ്ടാം വരവ് പ്രതീക്ഷിച്ചത് തന്നെയാണ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം കൈമുതലാക്കി ഇക്കുറി ഭരണം പിടിച്ചെടുക്കാമെന്ന മഹാവികാസ് അഘാഡി സഖ്യത്തിന്റെ സകല പ്രതീക്ഷകളും തകർത്തു കൊണ്ടാണ് ഇത്തവണ ബിജെപി നേതൃത്വം നൽകുന്ന മഹായുതി ചരിത്രപരമായ ജയവുമായി സർക്കാർ രൂപീകരിക്കുന്നത്. അഞ്ച് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് ഒരു മുന്നണി നേടുന്ന ഏറ്റവും വലിയ വിജയം കൂടിയായിരുന്നു ഇത്തവണത്തേത്.












Click it and Unblock the Notifications