നിലേകാനിയല്ല, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍
ദില്ലി: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഐടി വിദഗ്ധനും യുഐഡിഎഐ ചെയര്‍മാനും ആയ നന്ദന്‍ നിലേകാനി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധി തന്നെയായിരുന്നു വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാമന്ത്രി സ്ഥാനാര്‍ത്ഥി എന്നും വ്യക്തമായി.
കോണ്‍ഗ്രസ്സിനുള്ളിലെ ഒരു വിഭാഗം തന്നെയാണ് ഇത്തരം ഒരു പ്രചാരണം തുടങ്ങിവച്ചത്. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഏറ്റ കനത്ത തോല്‍വിയില്‍ രാഹുല്‍ കടുത്ത നിരാശയില്‍ ആണെന്നായിരുന്നു പ്രചാരണം. അതുകൊണ്ട് തന്നെ രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യപ്പെടുന്നില്ലെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നവരുടെ പട്ടികയില്‍ നന്ദന്‍ നിലേകാനിയുടെ പേരുണ്ടെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കള്‍ ആരും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
പക്ഷേ രാഹുല്‍ ഗാന്ധിയല്ലാതെ വേറൊരു മികച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയേയും കോണ്‍ഗ്രസിന് മുന്നോട്ട് വക്കാനില്ല എന്നാണ് പല മുതിര്‍ന്ന നേതാക്കളുടേയും നിലപാട്. ഉടന്‍ തന്നെ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം എന്ന് ദ്വിഗ് വിജയ് സിങിനെ പോലുള്ള നേതാക്കന്‍മാര്‍ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആരായിരിക്കും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നത് പ്രഖ്യാപിക്കേണ്ട സമയത്ത് പ്രഖ്യാപിക്കും എന്നാണ് സോണിയ ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.












Click it and Unblock the Notifications