'സിൽവർ ലൈൻ സ്വതന്ത്ര സംരംഭമായി പരിഗണിക്കാനാണ് കേരളത്തിന്റെ താൽപര്യം'; ഡിപിആർ മാറ്റണമെന്ന് റെയിൽവേ മന്ത്രി
ന്യൂഡൽഹി: കേരളം കാത്തിരിക്കുന്ന സിൽവർലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. സിൽവർലൈൻ പദ്ധതിയെ ഏറ്റവും പുതിയ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് ഡിപിആർ (വിശദമായ പദ്ധതി റിപ്പോർട്ട്) പുതുക്കാൻ ആവശ്യപ്പെട്ടപ്പോഴും, കേരള സർക്കാർ അതിനെ ഒരു സ്വതന്ത്ര സംരംഭമായി മാത്രം പരിഗണിക്കണമെന്ന് നിർബന്ധിക്കുകയാണെന്നാണ് റെയിൽവേ മന്ത്രി രാജ്യസഭയിൽ അറിയിച്ചത്.
കെ-റെയിൽ എന്നറിയപ്പെടുന്ന 530 കിലോമീറ്റർ സിൽവർലൈൻ പദ്ധതിയിലൂടെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സംസ്ഥാനത്തിന്റെ തെക്കേയറ്റത്തെയും വടക്കേയറ്റത്തെയും ജില്ലകളെ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്‌ടിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്. അടുത്ത കാലത്തായി ഈ പദ്ധതിയുടെ പേരിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഭിന്നത രൂക്ഷമാവുന്നതിന് ഇടയിലാണ് മന്ത്രിയുടെ പ്രതികരണം.

കേരള സർക്കാരിന്റെയും റെയിൽവേ മന്ത്രാലയന്റെയും സംയുക്ത സംരംഭമായ കെആർഡിസിഎല്ലിനോട് (കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്), ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച് ഡിപിആർ പരിഷ്‌കരിക്കാൻ നിർദ്ദേശിച്ചിരുന്നതായി മന്ത്രി അശ്വിനി വൈഷ്‌ണവ് തന്നെ പറഞ്ഞു. സിപിഎം അംഗം ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'കേരള സർക്കാർ നിലവിൽ ഒരു സെമി ഹൈ-സ്‌പീഡ് സിൽവർലൈൻ പദ്ധതിയുടെ പ്രവർത്തനങ്ങളിലാണ്. ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി സംയോജിപ്പിക്കുന്നതിന് ബ്രോഡ് ഗേജ് സ്വീകരിക്കുക, മെച്ചപ്പെട്ട ഗ്രേഡിയന്റ്, യാർഡുകൾക്കും പാതകൾക്കും ശരിയായ ഡ്രെയിനേജ് സംവിധാനം, കവചിന്റെ വ്യവസ്ഥ, 2X25 കെവി വൈദ്യുതീകരണം, നിർമ്മാണത്തിലും പ്രവർത്തനത്തിലും പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയുൾപ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച് ഡിപിആറിൽ മാറ്റങ്ങൾ വരുത്താൻ കെആർഡിസിഎല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്' എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കഴിഞ്ഞ മാസം, കെ-റെയിലിന് പകരമായി തിരുവനന്തപുരം-കാസർകോട് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റത്തിന് (ആർആർടിഎസ്) കേരള മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ഇത് കേന്ദ്രത്തെ അറിയിച്ച് ധാരണാപത്രം ഒപ്പിടുമെന്ന് സംസ്ഥാനം വ്യക്തമാക്കുകയും ചെയ്‌തിരുന്നു. അതേസമയം, സിൽവർലൈൻ യാഥാർത്ഥ്യമായാൽ തിരുവനന്തപുരം-കാസർഗോഡ് യാത്രാസമയം നിലവിലെ ഏഴ് മണിക്കൂറിൽ നിന്ന് നാലായി കുറയും.
സംസ്ഥാനത്തിന് ഹൈ-സ്‌പീഡ് ഇടനാഴികൾ പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായിരിക്കെ, ആർആർടിഎസ് പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് മുതിർന്ന സാങ്കേതിക വിദഗ്ദ്ധനും ബിജെപി നേതാവുമായ ഇ. ശ്രീധരൻ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലേക്ക് റെയിൽവേ പാതകൾ നവീകരിക്കുന്നതിനുള്ള ഏഴ് റൂട്ടുകളുടെ സർവേകൾക്ക് അനുമതി നൽകിയതായും മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
ഇതിൽ 307 കിലോമീറ്റർ ഷൊർണൂർ-മംഗലാപുരം 3/4 ലൈൻ, 99 കിലോമീറ്റർ കോയമ്പത്തൂർ-ഷൊർണൂർ 3/4 ലൈൻ, 106 കിലോമീറ്റർ ഷൊർണൂർ-എറണാകുളം 3-ാം ലൈൻ, 115 കിലോമീറ്റർ എറണാകുളം-കായംകുളം 3-ാം ലൈൻ (കോട്ടയം വഴി), 105 കിലോമീറ്റർ കായംകുളം-തിരുവനന്തപുരം 3-ാം ലൈൻ, 71 കിലോമീറ്റർ തിരുവനന്തപുരം-നാഗർകോവിൽ 3-ാം ലൈൻ, 46 കിലോമീറ്റർ തുറവൂർ-അമ്പലപ്പുഴ ഇരട്ടപ്പാത എന്നിവ ഉൾപ്പെടുന്നു.












Click it and Unblock the Notifications