രാജസ്ഥാനിൽ കോൺഗ്രസിന് ഷോക്ക് ? ബിജെപിയ്ക്ക് മേൽക്കൈ പ്രവചിച്ച് സർവേ ഫലങ്ങൾ, പതിവ് തെറ്റില്ല...
ജയ്‌പൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ രാജ്യം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. കോൺഗ്രസും ബിജെപിയും മാറിമാറി അധികാരത്തിൽ വന്നിരുന്ന രാജസ്ഥാനിൽ ഇക്കുറി മാറ്റമുണ്ടാകുമെന്ന മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ആത്മവിശ്വാസത്തിന് മങ്ങലേൽപിക്കുന്ന എക്‌സിറ്റ് പോൾ സർവേ ഫലങ്ങളാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.
നവംബർ 25നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും രാജസ്ഥാനിൽ ബിജെപിയ്ക്ക് അനുകൂലമായ ഫലമാണ് പ്രവചിച്ചിരിക്കുന്നത്. ജൻ കി ബാത്ത്, ടിവി9, ടൈംസ് നൗ ഇടിജി, പി-മാർക്, റിപ്പബ്ലിക്-മാട്രിസ് തുടങ്ങിയ ഏജൻസികൾ നടത്തിയ എക്‌സിറ്റ് പോൾ പ്രകാരം രാജസ്ഥാനിൽ ബിജെപിക്ക് കൃത്യമായ മുൻതൂക്കം പ്രവചിക്കുന്നു.

ജൻ കി ബാത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് ബിജെപി 111 മുതൽ 122 സീറ്റുകൾ വരെ നേടി അധികാരം സ്വന്തമാക്കുമെന്നാണ്. ഇവിടെ അവർ കോൺഗ്രസിന് പ്രവചിക്കുന്നത് കേവലം 62 മുതൽ 85 സീറ്റുകൾ വരെയാണ്. ഇത് വ്യക്തമായ ആധിപത്യമാണ് സൂചിപ്പിക്കുന്നത്. ഏകദേശം നാൽപത് സീറ്റുകൾ വരെ വ്യത്യാസത്തിലാവും സീറ്റ് എണ്ണമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
സമാനമായി ടിവി9 എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് 100-110 സീറ്റുകൾ പ്രവചിക്കുന്നു. ടൈംസ് നൗ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപിക്ക് 108-128 സീറ്റുകളോളം ലഭിക്കുമെന്നാണ് പറയുന്നത്, അതേസമയം പി-മാർക്കിന്റെ എക്‌സിറ്റ് പോൾ കാവി തരംഗമാണ് പ്രവചിക്കുന്നത്, ബിജെപി 105-125 സീറ്റുകൾ നേടുമെന്നാണ് അവർ പറയുന്നത്. റിപ്പബ്ലിക് മാട്രിക്‌സ് സർവേ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാവുമെന്നാണ് പറയുന്നത്, പാർട്ടി ഇവിടെ 115-130 സീറ്റുകൾ നേടുമെന്നാണ് അവരുടെ പ്രവചനം.
മറുഭാഗത്ത് അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് 62-85 സീറ്റുകൾ നേടുമെന്നാണ് ജാൻ കി ബാത്ത് പറയുന്നത്. ടിവി9, ടൈംസ് നൗ ഇടിജി എന്നിവയുൾപ്പെടെ മറ്റ് എക്‌സിറ്റ് പോളുകൾ, യഥാക്രമം 90-100, 56-72 എന്നിങ്ങനെയുള്ള സീറ്റ് വിഹിതങ്ങളാണ് പ്രവചിക്കുന്നത്. പി-മാർക്കിന്റെ എക്‌സിറ്റ് പോൾ കോൺഗ്രസ് 69 മുതൽ 91 വരെ സീറ്റുകൾ നേടുമെന്ന് സൂചിപ്പിക്കുന്നു, റിപ്പബ്ലിക്-മാട്രിസ് ആവട്ടെ പാർട്ടിക്ക് 65-75 സീറ്റുകളും പ്രവചിക്കുന്നു.
ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായാണ് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ രാജസ്ഥാനിൽ തൂക്കു നിയമസഭയാണ് പ്രവചിക്കുന്നത്, കോൺഗ്രസ് 86-106 സീറ്റുകൾ ലഭിക്കുമെന്നും ബിജെപി 80-100 സീറ്റുകൾ നേടുമെന്നും അവർ പ്രവചിക്കുന്നു.












Click it and Unblock the Notifications