കോണ്‍ഗ്രസ് സമരം ശക്തമാക്കും, രാജസ്ഥാനും ഇന്ധന വില കുറയ്ക്കുന്നു, വാറ്റ് കുറയ്ക്കുമെന്ന് ഗെലോട്ട്
ദില്ലി: ഇന്ധന വിലയില്‍ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. കേരളത്തില്‍ അടക്കം കോണ്‍ഗ്രസ് സമരത്തിന് കരുത്ത് പകരാന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിരക്കാണ് കുറയ്ക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാരും വാറ്റ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. പഞ്ചാബിന് പിന്നാലെയാണ് രാജസ്ഥാനും നികുതി കുറയ്ക്കാന്‍ തയ്യാറാവുന്നത്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചെങ്കിലും തങ്ങള്‍ സംസ്ഥാന നികുതി കുറയ്ക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. എന്നാല്‍ സമ്മര്‍ദം ശക്തമായതോടെയാണ് ഇന്ധന വില കുറയ്ക്കാന്‍ തയ്യാറായത്. കേരളം ഇപ്പോഴും നികുതി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

എക്‌സൈസ് നികുതി കൂടുതല്‍ കുറയ്ക്കാന്‍ അശോക് ഗെലോട്ട് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഗെലോട്ട് പറഞ്ഞു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്രം ഇന്ധന നികുതി കുറച്ചത്. ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്നായിരുന്നു ഈ നീക്കം. പ്രതിപക്ഷം ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ദില്ലി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലേക്കാള്‍ കുറവാണ് പഞ്ചാബിലെ ഇന്ധന വിലയെന്ന് നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ പരസ്യം നല്‍കിയിരുന്നു. ഇത് കോണ്‍ഗ്രസിന് തന്നെ നാണക്കേടായിരുന്നു.
എല്ലാ സംസ്ഥാനങ്ങളും നികുതി കുറയ്ക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാനും നികുതി കുറയ്ക്കുകയാണ്. കേന്ദ്ര സര്‍ക്കാരാണ് ഉയര്‍ന്ന ഇന്ധന വിലയ്ക്ക് കാരണം. ഇന്ധനത്തില്‍ വന്‍ നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുകയാണ് മോദി സര്‍ക്കാര്‍. ഇപ്പോള്‍ ചെറിയൊരു നിരക്ക് കുറയ്ക്കുക മാത്രമാണ് അവര്‍ ചെയ്തത്. അതുകൊണ്ട് കാര്യമില്ല. കൂടുതല്‍ ഇളവുകളാണ് വേണ്ടതെന്നും ഗെലോട്ട് പറഞ്ഞു. പെട്രോളിന് പത്ത് രൂപയും ഡീസലിന് പതിനഞ്ച് രൂപയും എക്‌സൈസ് നികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നാണ് ഗെലോട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രം നികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ നികുതിയും കുറയുമെന്ന് ഗെലോട്ട് പറഞ്ഞു.
രാജസ്ഥാനില്‍ പെട്രോളിന് 3 രൂപ 40 പൈസയും ഡീസലിന് 3 രൂപ 90 പൈസയും വാറ്റ് കുറയും. ഇതിലൂടെ 3500 കോടിയുടെ വരുമാനം നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാവുക. ജനങ്ങള്‍ക്ക് വേണ്ടി അതിന് തയ്യാറാണ്. 2016ന് ശേഷം കേന്ദ്രത്തിന് നല്‍കുന്ന സംസ്ഥാന നികുതിയുടെ വിഹിതം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ സംസ്ഥാനത്തിന് ഒരു വിഹിതവും ഇതിലൂടെ ലഭിക്കില്ല. സംസ്ഥാന നികുതി കുറയ്ക്കണമെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. കേന്ദ്രമാണ് എല്ലാം കൂട്ടുന്നത്. അവരാണ് കുറയ്‌ക്കേണ്ടത്. അത് സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയല്ല വേണ്ടത്. രാജസ്ഥാന്റെ മൊത്തം വരുമാനത്തില്‍ 22 ശതമാനവും വരുന്നത് വാറ്റ് നികുതിയില്‍ നിന്നാണെന്നും ഗെലോട്ട് പറഞ്ഞു.












Click it and Unblock the Notifications