ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്കില്ല, ചെന്നൈ ചെപ്പോക്കില്‍ തന്നെ കളിക്കുമെന്ന് രാജീവ് ശുക്ല!!
ചെന്നൈയുടെ മത്സരങ്ങള്‍ ചെപ്പോക്കില്‍ തന്നെ
മുംബൈ: മലയാളി സ്വപ്‌നം കണ്ടതൊക്കെ വെറുതെയായി. ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഐപിഎല്‍ ഷെഡ്യൂള്‍ പ്രകാരം ചെന്നെ സൂപ്പര്‍ കിംഗ്‌സിന്റെ മത്സരം ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ തന്നെ നടക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. ഇതോടെ മത്സരം മാറ്റാനുള്ള എല്ലാ സാധ്യതയും അവസാനിച്ചിരിക്കുകയാണ്. നേരത്തെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ തിരുവനന്തപുരത്ത് കളിക്കാനിറങ്ങുമെന്നായിരുന്നു മലയാളികളുടെ പ്രതീക്ഷ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ ക്യാപ്റ്റനായതിനാലും ബെംഗളൂരുവില്‍ വിരാട് കോഹ്ലി ഉള്ളതിനാലും ഇവരെല്ലാം കേരളത്തില്‍ കളിക്കാന്‍ എത്തുന്നു എന്നതായിരുന്നു കേരളത്തെ സംബന്ധിച്ച് പ്രതീക്ഷ നല്‍കിയിരുന്ന കാര്യം.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മത്സരം തിരുവനന്തപുരത്ത് നടത്താന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. എന്നാല്‍ രാജീവ് ശുക്ലയുടെ പരാമര്‍ശത്തോടെ ഇതെല്ലാം കാറ്റില്‍ പറന്നിരിക്കുകയാണ്. രാഷ്ട്രീയ വിവാദങ്ങളെ ഐപിഎല്ലിലേക്ക് വലിച്ചിഴക്കരുതെന്നും ശുക്ല പറഞ്ഞു. മത്സരത്തിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കാവേരി നദീജല തര്‍ക്കത്തിനെ തുടര്‍ന്നാണ് ചെന്നൈയുടെ ഹോം മത്സരങ്ങള്‍ കേരളത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. അതും ഇക്കാര്യത്തില്‍ പ്രതിഫലിച്ചെന്നാണ് സൂചന. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അധികൃതര്‍ക്ക് മത്സരം ചെന്നൈയില്‍ തന്നെ നടത്താനാണ് താല്‍പര്യമെന്നാണ് സൂചന.

ചൊവ്വാഴ്ച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ചെന്നൈയുടെ രണ്ടാമത്തെ മത്സരം. ചെപ്പോക്കില്‍ തന്നെ മത്സരം നടക്കുമെന്ന് ഉറപ്പായതോടെ ചെന്നൈ ടീമിന്റെ ആരാധകരും സന്തോഷത്തിലാണ്. മത്സരങ്ങള്‍ ചെന്നൈയില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. നേരത്തെ സൂപ്പര്‍ താരങ്ങളായ രജനീകാന്തും കമല്‍ഹാസനും ഐപിഎല്‍ മത്സരങ്ങള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഇത് ഐപിഎല്‍ കളിക്കേണ്ട സമയമല്ലെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. ചെന്നൈ താരങ്ങള്‍ കറുത്ത ബാന്‍ഡ് അമിഞ്ഞ് കളത്തില്‍ ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications