രജനീകാന്ത് ചെന്നൈയിലെ ആശുപത്രിയിൽ; ശാരീരിക അസ്വാസ്ഥ്യം, ഇന്ന് കൂടുതൽ മെഡിക്കൽ പരിശോധന
ചെന്നൈ: ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ രജനീകാന്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് നടനെ ആശുപത്രിയിൽ എത്തിച്ചത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ ഉടൻ ചികിത്സ തേടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. നിലവിൽ താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് താരത്തിന്റെ കൂടുതൽ മെഡിക്കൽ പരിശോധനകൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അപ്പോളോ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്‌ധനായ ഡോ. സായ് സതീഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുകയെന്നാണ് വിവരം.തിങ്കളാഴ്‌ച അർധരാത്രിയാണ് 73കാരനായ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ നിരവധി ആരാധകരാണ് പ്രാർത്ഥനയുമായി രംഗത്ത് വന്നിരിക്കുന്നത്. താരത്തിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നായിരുന്നു ആരാധകർ അറിയിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ രജനി ആരാധകർ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിപ്പാണ്.
നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തിലാണ് ഫഹദ് ഫാസിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിലെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് ഇപ്പോൾ. ഇതിന്റെ ചിത്രീകരണവേളയിലാണ് രജനീകാന്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇനി താരത്തിന് കൂടുതൽ വിശ്രമം വേണ്ടിവരുമോ എന്നതുൾപ്പെടെ വൈകാതെ അറിയാം.
വേട്ടയാൻ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന രജനീകാന്ത് ചിത്രം. 160 കോടിയോളം രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം ഒക്ടോബർ പത്തിന് ദീപാവലി റിലീസായാണ് എത്തുന്നത്. ചിത്രത്തിൽ രജനിക്ക് പുറമേ ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. അമിത് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുപതി, മഞ്ജു വാര്യർ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ജയ് ഭീം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടിജി ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതിനിടെയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതോടെ ആരാധകരും നിരാശയിലാണ്.
അടുത്തിടെ ഇറങ്ങിയ ജയിലർ എന്ന രജനി ചിത്രം വമ്പൻ വിജയം നേടിയെങ്കിലും പിന്നാലെ വന്ന ലാൽ സലാം വലിയ പരാജയം നേരിട്ടിരുന്നു. രജനീകാന്തിനെ മകളായ ഐശ്വര്യ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്‌തത്. ഇതിന് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയാൻ. ചിത്രത്തിന്റെ റിലീസിന് മുൻപ് താരം പൂർണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.












Click it and Unblock the Notifications