രാജ്യസഭ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ എംഎല്‍എമാർ ബിജെപിയില്‍ ചേരുമെന്ന് അസം മുഖ്യമന്ത്രി
കോൺഗ്രസിന്റെ നിരവധി എം എൽ എമാർ ബി ജെ പിയിൽ ചേരാൻ ഒരുങ്ങുന്നുവെന്ന അവകാശവാദവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മാർച്ച് 31ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം എല്‍ എമാർ കൂടുമാറുമെന്നാണ് ബി ജെ പി മുമന്ത്രിയുടെ മുന്നറിയിപ്പ്. ''തങ്ങളുടെ എം എൽ എമാരിൽ പലരും ബി ജെ പിയിൽ ചേരുമെന്ന കാര്യം കോൺഗ്രസിന് അറിയില്ല.
കൂടാതെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പുറപ്പെടുവിച്ച വിപ്പ് അനുസരിക്കാൻ സ്ഥാനാർത്ഥികൾ ബാധ്യസ്ഥരല്ല. ഈ കണക്കുപ്രകാരം രണ്ട് സീറ്റും ബി ജെ പിക്ക് നേടാനാവും''- ശർമ്മയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പിനായി അസമില്‍ ബി ജെ പി പബിത്ര ഗൊഗോയ് മാർഗരിറ്റയെ മത്സരിപ്പിക്കുകയും രണ്ടാം സീറ്റിൽ യു പി പിഎൽ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്റെ (യു പി പി എൽ) സ്ഥാനാർഥി റൂങ്‌വ്ര നർസാരിയാണ് രണ്ടാം സീറ്റിലെ സ്ഥാനാർഥി. കോണ്‍ഗ്രസില്‍ നിന്നും ചില അംഗങ്ങളെ കൂറുമാറ്റാന്‍ സാധിച്ചാല്‍ ഈ സീറ്റില്‍ വിജയിക്കാന്‍ എന്‍ ഡി എ സഖ്യത്തിന് സാധിച്ചേക്കും.

ഏപ്രിലിൽ ഒഴിവ് വരുന്ന 13 രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണമാണ് അസമില്‍ നിന്നുള്ളത്. പഞ്ചാബ്, കേരളം, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, ത്രിപുര എന്നിവയാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന മറ്റ് സംസ്ഥാനങ്ങള്‍. പഞ്ചാബിലും കേരളത്തിലും മൂന്ന് ഒഴിവുകളാണ് വരുന്നത്. കേരളത്തില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുമെങ്കില്‍ പഞ്ചാബില്‍ ഒറ്റസീറ്റിലും വിജയ സാധ്യതയില്ല.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് വരുന്നത്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയേറ്റ ഈ തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ സ്വന്തം എം എല്‍ എമാർ കളംമാറിയാല്‍ അത് അവർക്കും കൂടുതല്‍ ആഘാതം സൃഷ്ടിച്ചേക്കും. ബി ജെ പി മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് അസമില്‍ പാർട്ടി നേതൃത്വം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അസമിൽ, ഏപ്രിലിൽ കാലാവധി തീരാൻ പോകുന്ന രണ്ട് നേതാക്കളും കോൺഗ്രസിൽ നിന്നുള്ളവരാണ് എന്നതും പ്രധാനപ്പെട്ടതാണ്. റാണി നാരയും റിപുൺ ബോറയുമാണ് കാലാവധി കഴിയുന്ന നേതാക്കള്‍. വിജയിക്കുമെന്ന ഉറപ്പുള്ള സീറ്റിലേക്ക് റിപുണ്‍ ബോറയെയാണ് പാർട്ടി ഇത്തവണ വീണ്ടും മത്സരിപ്പിക്കുന്നത്. വിജയം ഉറപ്പിക്കാനായി കോൺഗ്രസ് എ ഐ യു ഡിഎഫുമായി ഈ മാസം ആദ്യം ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടുണ്ട്. 10 പാർട്ടികളുടെ സഖ്യത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച് മത്സരിക്കുകയും ചെയ്തിരുന്നു.

അസമിൽ രാജ്യസഭയിൽ വിജയിക്കാൻ ഒരു പാർട്ടിക്കോ സഖ്യത്തിനോ 43 വോട്ടുകളാണ് വേണ്ടത്. നിയമസഭയില്‍ നിലവില്‍ 82 സീറ്റുകളാണ് ഭരണ കക്ഷിയായ എന്‍ ഡി എയ്ക്കുള്ളത്. മറുവശത്ത് കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും കൂടി 28 സീറ്റുണ്ട്. ഈ സാഹചര്യത്തിലാണ് 43 എന്ന സംഖ്യയിലേക്ക് എത്താന്‍ 16 അംഗങളുള്ള എ ഐ യു ഡിഎഫിന്റെ പിന്തുണ കോണ്‍ഗ്രസ് തേടുന്നത്.












Click it and Unblock the Notifications