'രാമക്ഷേത്രം എല്ലാ ഹിന്ദുക്കളുടേതും, ബിജെപി അതിൽ രാഷ്ട്രീയം കളിക്കുന്നു..'; രേവന്ത് റെഡ്ഡി
ന്യൂഡൽഹി: രാമക്ഷേത്ര ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതികരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ 'പ്രാണപ്രതിഷ്‌ഠ'യിൽ പങ്കെടുക്കേണ്ടതില്ലെന്ന് നാല് ശങ്കരാചാര്യന്മാർ തീരുമാനിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ച അദ്ദേഹം രാമക്ഷേത്രം എല്ലാ ഹിന്ദുക്കളുടേതും ആണെന്ന് വ്യക്തമാക്കി.
രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി അതിൽ മത രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ ടിവി ന്യൂസ് ഡയറക്ടർ രാഹുൽ കൻവാളുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെ തനിക്ക് എന്നെങ്കിലും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കണമെന്ന ആഗ്രഹവും രേവന്ത് റെഡ്ഡി പറഞ്ഞു.

"രാമക്ഷേത്രം എല്ലാ ഹിന്ദുക്കൾക്കും അവകാശപ്പെട്ടതാണ്. അതിന് ബിജെപിയുമായി യാതൊരു ബന്ധവുമില്ല. അത് അവരെ രാഷ്ട്രീയമായി എങ്ങനെ സഹായിക്കാനാണ്? രാമക്ഷേത്രത്തിൽ നിന്ന് എന്തെങ്കിലും നേട്ടങ്ങൾ ലഭിക്കുമെന്ന് അവർ അവകാശപ്പെടുകയാണെങ്കിൽ, അവർ മത രാഷ്ട്രീയമാണ് കളിക്കുന്നതെന്നാണ് ഇത് അർത്ഥമാക്കുന്നത്" അദ്ദേഹം ചൂണ്ടിക്കാട്ടി.
"ക്ഷേത്രം അപൂർണ്ണമായതിനാൽ അയോധ്യയിലേക്ക് പോകില്ലെന്ന് നാല് ശങ്കരാചാര്യന്മാർ അടുത്തിടെ പറഞ്ഞിരുന്നു. അത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്ന ആർക്കും അവിടെ പോകാം. ഇത് ആദ്യ ദിവസമോ അവസാന ദിവസമോ അല്ല" തെലങ്കാന മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് നേരത്തെ നാല് ശങ്കരാചാര്യന്മാർ അറിയിച്ചിരുന്നു.
തെലങ്കാനയിലെ ഭദ്രാചലത്തിലെ രാമക്ഷേത്രം താൻ എപ്പോഴും സന്ദർശിക്കാറുണ്ടെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. അയോധ്യയും ഭദ്രാചലം രാമക്ഷേത്രവും തമ്മിൽ ഒരു വ്യത്യാസവും താൻ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചും രേവന്ത് മനസ് തുറന്നു. അയൽ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവയോടല്ല മത്സരിക്കാനുള്ളതെന്നും, ലോകത്തോടാണ് മത്സരിക്കാൻ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ജനുവരി 22നാണ് രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് നടക്കുക. ഉദ്‌ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കും. ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ആത്മീയ നേതാവ് ദലൈലാമ, കേരളത്തിൽ നിന്നുള്ള മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, തമിഴ് സൂപ്പർതാരം രജനികാന്ത്, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.












Click it and Unblock the Notifications