'ഹിന്ദി തെരിയാത്, പോടാ..'; ബിജെപിക്ക് ഉദയനിധി സ്‌റ്റാലിന്റെ സിനിമാ സ്‌റ്റൈൽ മറുപടി...
ന്യൂഡൽഹി: ബിജെപിയും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്‌റ്റാലിനുമായുള്ള പുതിയ പോർമുഖം തുറന്ന് ട്വീറ്റ് യുദ്ധം. നീതികെട്ടവരെ തിരിച്ചറിയണമെന്ന ബിജെപിയുടെ ഒദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന പോസ്‌റ്റിന് മറുപടിയുമായാണ് ഡിഎംകെ നേതാവ് ഉദയനിധി ശക്തമായ മറുപടിയുമായി രംഗത്ത് വന്നത്. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രസിദ്ധീകരിച്ച പോസ്റ്റിന് കീഴിലായിരുന്നു ഉദയനിധി സ്‌റ്റാലിന്‍ പരിഹാസ രൂപേണ മറുപടി നല്‍കിയത്.
'ഹിന്ദി തെരിയാത്, പോടാ...' എന്ന് എഴുതിയിരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രം പോസ്‌റ്റിന് കീഴിൽ അദ്ദേഹം കമന്റ് ചെയ്യുകയായിരുന്നു. ഉദയനിധി സ്‌റ്റാലിനെ പോലുള്ള നീതികെട്ടവരെ തിരിച്ചറിയണമെന്ന് പറഞ്ഞു കൊണ്ട് ഉദയനിധിയുടെ ഫോട്ടോ ഉൾപ്പെടെ ഉപയോഗിച്ചാണ് ബിജെപി പോസ്‌റ്റ് ട്വിറ്ററിൽ വന്നത്. രാമക്ഷേത്രത്തെ വെറുക്കുന്ന ഇക്കൂട്ടര്‍ സനാതന ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ബിജെപിയുടെ പോസ്‌റ്റിൽ ആരോപിച്ചിരുന്നു.

ഹിന്ദിയിൽ ആയിരുന്നു ഈ പോസ്‌റ്റ് എന്നതും ശ്രദ്ധേയമാണ്. നേരത്തെ തന്നെ സനാതന ധർമ്മവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും കണ്ണിലെ കരടാണ് ഉദയനിധി സ്‌റ്റാലിൻ. കൂടാതെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന് എതിരെ നിരന്തരം കേന്ദ്ര സർക്കാരുമായി കലഹത്തിൽ ഏർപ്പെടുന്നതും ഉദയനിധിയുടെ പതിവായിരുന്നു.
സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല. പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഉദയനിധി സ്‌റ്റാലിന്റെ പ്രസ്‌താവന വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതിന് പിന്നാലെ ബിജെപി നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിലും ഉദയനിധി പ്രതികരിച്ചിരുന്നു. മസ്‌ജിദ് തകർത്ത് നിർമ്മിച്ച ക്ഷേത്രവുമായി തന്റെ പാർട്ടിക്ക് യോജിപ്പില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്‌റ്റാലിൻ.മതത്തെ രാഷ്ട്രീയത്തിൽ കലർത്തരുതെന്നും ഉദയനിധി പറഞ്ഞു.
ഇന്നലെയാണ് രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമക്ഷേത്ര ട്രസ്‌റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരും പൂജാ ചടങ്ങുകളുടെ ഭാഗമായിരുന്നു.












Click it and Unblock the Notifications