രാമക്ഷേത്രം തന്നിട്ടും തോല്‍പ്പിച്ചു, അയോധ്യയിലുള്ളവര്‍ സ്വാര്‍ത്ഥര്‍; തുറന്നടിച്ച് നടന്‍
ന്യൂഡല്‍ഹി: അയോധ്യയില്‍ ബിജെപിയുടെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാര്‍ക്കെതിരെ നടന്‍ സുനില്‍ ലാഹ്രി. രാമാനന്ദ് സാഗറിന്റെ രാമായണം എന്ന സീരീയലില്‍ ലക്ഷ്മണന്റെ റോള്‍ ചെയ്തത് സുനില്‍ ലാഹ്രിയായിരുന്നു. അയോധ്യ ജനങ്ങള്‍ വോട്ട് ചെയ്യാത്തതിലായിരുന്നു വിമര്‍ശനം.
രാമക്ഷേത്രം അടക്കം അയോധ്യയില്‍ നല്‍കിയിട്ടും ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തിയെന്ന് സുനില്‍ ലാഹ്രി ആരോപിച്ചു. അയോധ്യയുടെ ഭാഗമായ ഫൈസാബാദ് മണ്ഡലത്തില്‍ നേരത്തെ ബിജെപിയുടെ ലല്ലു സിംഗ് പരാജയപ്പെട്ടിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദാണ് ഞെട്ടിച്ച വിജയം നേടിയത്.

അതേസമയം തോല്‍വിയില്‍ വളരെ രോഷത്തോടെയായിരുന്നു സുനില്‍ ലാഹ്രിയുടെ പ്രതികരണം. അയോധ്യയിലെ ജനങ്ങള്‍ അവരുടെ രാജാവിനെ വഞ്ചിച്ചിരിക്കുകയാണ്. തീര്‍ത്തും സ്വാര്‍ത്ഥരാണ് അവരെന്നും ഇന്‍സ്റ്റഗ്രാമില്‍ സുനില്‍ കുറിച്ചു.
അയോധ്യയിലെ ഇതേ പൗരന്‍മാര്‍ തന്നെയാണ് സീതാ ദേവിയെ രാവണന്റെ കൈയ്യില്‍ നിന്ന് മോചിപ്പിച്ചെത്തിച്ചപ്പോള്‍ സംശയിച്ചത്. ദൈവത്തെ വരെ നിഷേധിക്കുന്ന വ്യക്തിയെ നിങ്ങള്‍ എന്തുപറയും. സ്വാര്‍ത്ഥരെന്ന് വിളിക്കും. അയോധ്യയിലെ ജനങ്ങള്‍ അവരുടെ രാജാവിനെ വഞ്ചിച്ചവരാണെന്ന് ചരിത്രം തെളിയിക്കുന്നു. അവരെ ആലോചിച്ച് നാണക്കേട് തോന്നുന്നുവെന്നും സുനില്‍ ലാഹ്രി പറഞ്ഞു.
മറ്റൊരു പോസ്റ്റില്‍ വീണ്ടും അയോധ്യയിലെ ജനങ്ങളെ രൂക്ഷമായി സുനില്‍ വിമര്‍ശിക്കുന്നുണ്ട്. സീതാ ദേവിയെ പോലും വെറുതെ വിടാത്ത അയോധ്യയിലെ പൗരന്‍മാരെ സല്യൂട്ട് ചെയ്യുന്നു. ശ്രീരാമനെ ഒരു ടെന്റില്‍ നിന്ന് മനോഹരമായ ക്ഷേത്രത്തില്‍ സ്ഥാപിച്ച വ്യക്തിയെ തന്നെ നിങ്ങള്‍ പരാജയപ്പെടുത്തി. ഞങ്ങള്‍ അതില്‍ ഞെട്ടുന്നില്ല.
ഈ രാജ്യം മുഴുവന്‍ ഇനി നിങ്ങളെ ഒരിക്കലും ബഹുമാനത്തോടെ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അയോധ്യയില്‍ ബിജെപി പോലും പ്രതീക്ഷിക്കാത്ത തോല്‍വിയാണ് പാര്‍ട്ടിക്ക് നേരിട്ടത്. പ്രാദേശികമായ വിഷയങ്ങള്‍ അടക്കം ബിജെപിയെ ബാധിച്ചിട്ടുണ്ട്. മുസ്ലീം വോട്ടുകള്‍ പൂര്‍ണമായും എസ്പിയിലേക്ക് പോവുകയായിരുന്നു.
അതേസമയം സുനിലിന്റെ രാമായണത്തിലെ മറ്റൊരു അഭിനേതാവായ അരുണ്‍ ഗോവില്‍ യുപിയിലെ മീററ്റില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. ശ്രീരാമനായി ഗോവിലാണ് അഭിനയിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ സുനിത വര്‍മയ്‌ക്കെതിരെയായിരുന്നു മത്സരം. 10585 വോട്ടിനാണ് അരുണ്‍ ഗോവില്‍ വിജയിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത മറ്റൊരു വീഡിയോയില്‍ ലാഹിരി ഗോവിലിനെ അഭിനന്ദിച്ചിട്ടുണ്ട്.
ഞാന്‍ ഇഷ്ടപ്പെടുന്ന രണ്ട് പേര്‍ വിജയിച്ചതില്‍ സന്തോഷമുണ്ട്. ആദ്യത്തേത് കങ്കണ റനാവത്താണ്. സ്ത്രീശാക്തീകരണത്തിന്റെ മൂര്‍ത്തിഭാവമാണ് അവര്‍. മാണ്ഡിയില്‍ നിന്ന് അവര്‍ വിജയിച്ചിരിക്കുകയാണ്. എന്റെ മൂത്ത സഹോദരന്‍ അരുണ്‍ ഗോവില്‍ മീറററില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ഇരുവരെയും അഭിനന്ദിക്കുന്നതായും ലാഹിരി പറഞ്ഞു.












Click it and Unblock the Notifications