രമേശ് ബിദുരി പ്രധാനമന്ത്രിക്കെതിരെ മോശം ഭാഷ പ്രയോഗിച്ചു; വെളിപ്പെടുത്തി ഡാനിഷ് അലി
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ വര്‍ഗീയ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെ രമേശ് ബിദുരിക്കെതിരെ ആരോപണങ്ങളുമായി ഡാനിഷ് അലി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കുകയാണ് അദ്ദേഹം. ബിദുരിയുടെ പരാമര്‍ശത്തില്‍ മൗനം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്ന് അലി ആവശ്യപ്പെട്ടു. പാര്‍ലമെന്ററി അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ അലി ജാതീയ പരാമര്‍ശം നടത്തിയതില്‍ പ്രകോപിതനായിട്ടാണ് ബിദുരി അത്തരം വാക്കുകള്‍ പ്രയോഗിച്ചതെന്നായിരുന്നു ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞിരുന്നു. ഇതിനും ഡാനിഷ് അലി മറുപടി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയത് ഞാനല്ല, അത് ബിദുരിയാണെന്നും ഡാനിഷ് അലി വെളിപ്പെടുത്തി. താന്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തത്. സഭയില്‍ താന്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ബിജെപിയില്‍ നിന്നുള്ള ഒരംഗം പോലും എതിര്‍ത്തിട്ടില്ല.

താന്‍ മോശം പരാമര്‍ശം നടത്തിയെങ്കില്‍ അവര്‍ പാര്‍ലമെന്റില്‍ പ്രതികരിക്കുമായിരുന്നു. എന്നാല്‍ അത്തരമൊരു പ്രതികരണം ബിജെപി എംപിമാരില്‍ നിന്നുണ്ടായിട്ടില്ല. അതില്‍ നിന്ന് മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് ഉറപ്പാണ്. എന്നാല്‍ രമേശ് ബിദുരിയുടെ മോശം പരാമര്‍ശത്തെ എതിര്‍ത്തപ്പോള്‍, അതില്‍ രോഷം പൂണ്ടാണ് എനിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതെന്നും ഡാനിഷ് അലി പറഞ്ഞു.
ലോകം ഇന്ത്യയെ കൂടുതല്‍ സൂക്ഷ്മമായി നോക്കി കൊണ്ടിരിക്കുകയാണെന്നും ബിഎസ്പി എംപി പറയുന്നു. തനിക്കെതിരെയുള്ള ഭീഷണികള്‍ വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സുരക്ഷ തനിക്ക് ആവശ്യമുണ്ട്. പാര്‍ലമെന്റില്‍ തനിക്കെതിരെ നടന്ന പരാമര്‍ശങ്ങള്‍ വെറുമൊരു വ്യക്തിക്കെതിരെ നടന്നതല്ല. അത് ജനാധിപത്യത്തിന്റെ മൂലതത്വങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്.
സെപ്റ്റംബര്‍ 21 മുതല്‍ സാഹചര്യങ്ങള്‍ വളരെ മോശമായിരിക്കുകയാണ്. പാര്‍ലമെന്റിന്റെ അന്തസത്തയ്ക്ക് മേല്‍ ഇത് കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. പ്രധാനമന്ത്രിയുമായി ചേര്‍ത്ത് ഇത്തരം പരാമര്‍ശം പാടില്ലെന്ന് കാണിച്ച് ബിദുരിയെ എതിര്‍ത്തിരുന്നു. തന്റെ പരാമര്‍ശത്തെ ഒരു എംപി പോലും എതിര്‍ത്തിട്ടില്ലെന്നും ഡാനിഷ് അലി പറഞ്ഞു.
ബിദുരിയെ തിരുത്തിയത് കൊണ്ടിരിക്കും അദ്ദേഹം രോഷം പ്രകടിപ്പിച്ചത്. സഭയുടെ ശ്രദ്ധ തന്നെ തിരിക്കാനാണ് അത്തരം പരാമര്‍ശം നടത്തിയത്. സഭയില്‍ പുലര്‍ത്തി വരുന്ന എല്ലാ മാന്യതയുടെ അതിര്‍വരമ്പുകളെയും ലംഘിക്കുന്നതായിരുന്നു ആ പരാമര്‍ശം. തന്നെ വാക്കുകള്‍ കൊണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബിജെപിയിലെ എംപിമാര്‍ അടക്കം ഇതിനെ അപലപിച്ചിരുന്നു.
എന്നാല്‍ എന്നെ മോശക്കാരനാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചില അംഗങ്ങള്‍എന്റെ പെരുമാറ്റത്തെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരിക്കലും പറയാത്ത കാര്യങ്ങളാണ് ചിലര്‍ തനിക്കെതിരെ ആരോപണമായി ഉന്നയിക്കുന്നതെന്നും അലി പറഞ്ഞു.












Click it and Unblock the Notifications