രാമക്ഷേത്ര ഉദ്‌ഘാടന ദിനം ബിജെപി ഓഫീസിൽ സ്ഫോടന ശ്രമം? രാമേശ്വരം കഫേ രണ്ടാമത്തെ ലക്ഷ്യമെന്ന് എൻഐഎ
ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഈ വർഷം ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ദിനത്തിൽ ബെംഗളൂരുവിലെ ബിജെപി ഓഫീസ് ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി എൻഐഎ. കേസുമായി ബന്ധപ്പെട്ട എൻഐഎയുടെ കുറ്റപത്രത്തിലാണ് നിർണായകമായ വിവരങ്ങൾ നൽകിയിരിക്കുന്നത്.
രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ നാല് പ്രതികളായി മുസ്സാവിർ ഹുസൈൻ ഷാസിബ്, അബ്‌ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷെരീഫ് എന്നിവരെ ചേർത്ത് കൊണ്ടുള്ള കുറ്റപത്രം എൻഐഎ തിങ്കളാഴ്‌ചയാണ് സമർപ്പിച്ചത്. ഇത് കൂടാതെ പ്രതികളെ കുറിച്ചുള്ള കൂടുതൽ നിർണായക കണ്ടെത്തലുകളും എൻഐഎ കുറ്റപത്രത്തിലുണ്ട്.

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) അൽ-ഹിന്ദ് മൊഡ്യൂൾ തകർത്തതിന് ശേഷം 2020 മുതൽ രാമേശ്വരം കഫേയിൽ ബോംബ് സ്ഥാപിച്ച കേസിലെ പ്രതികളായ താഹയും ഷാസിബും ഒളിവിലായിരുന്നുവെന്ന് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനം നടന്ന് 42 ദിവസങ്ങൾക്ക് ശേഷമാണ് ഇരുവരും ബംഗാളിൽ നിന്ന് പിടിയിലായത്.
പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി വ്യാപകമായി വലവിരിച്ചിരുന്നു. വിവിധ മേഖലകളിൽ കാര്യക്ഷമമായ നിലയിൽ റെയ്‌ഡുകളും പരിശോധനയും നടത്തുകയും ചെയ്‌തിരുന്നു. ഇതിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. കർണാടകയിലെ ഷിമോഗ ജില്ലയിൽ നിന്നുള്ളവരാണ് രണ്ട് പേരും.
തഹയും ഷാസിബും ധാരാളം ഇന്ത്യൻ സിം കാർഡുകളും ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളും വ്യാജമായി ഉപയോഗിച്ചു വന്നിരുന്നു. കൂടാതെ ഡാർക്ക് വെബിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത നിരവധി ഇന്ത്യൻ, ബംഗ്ലാദേശ് തിരിച്ചറിയൽ രേഖകളും ഇവർ ഉപയോഗിച്ച് വന്നിരുന്നു എന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ക്രിപ്റ്റോ കറൻസി ഉൾപ്പെടയുള്ളവ വഴിയാണ് ഇരുവർക്കും ഫണ്ട് ലഭിച്ചിരുന്നത്. ഈ പണം മുഴുവൻ ബെംഗളൂരു നഗരത്തിലെ വിവിധ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു ഇരുവരും. ഇതിൽ മല്ലേശ്വരത്തെ ബിജെപി ഓഫീസ് രാം മന്ദിർ ഉദ്‌ഘാടന ദിവസം സ്‌ഫോടനത്തിൽ തകർക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളും ഉൾപ്പെടുന്നു. എന്നാൽ ഈ ഐഇഡി സ്ഫോടന ശ്രമം വിജയിക്കാതെ വരികയായിരുന്നു.
ഇതോടെയാണ് ഇരുവരും ചേർന്ന് രാമേശ്വരം കഫേ സ്‌ഫോടനം ആസൂത്രണം ചെയ്‌തതെന്ന് എൻഐഎ അറിയിച്ചു. ഈ വർഷം മാർച്ച് ഒന്നിനാണ് ബെംഗളൂരു നഗരത്തിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിൽ സ്ഥിതി ചെയ്‌തിരുന്ന രാമേശ്വരം കഫേയിൽ ഐഇഡി സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു.












Click it and Unblock the Notifications