ഇത് ബീഹാറിനുള്ള സന്ദേശം; രാംനാഥ് താക്കൂറും, ജിതിൻ റാം മാഞ്ചിയും പുതിയ മന്ത്രിസഭയിൽ, ലക്ഷ്യമെന്ത്?
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മൂന്നാം മോദി സർക്കാരിലെ മന്ത്രിമാരെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമായിരുന്നു. പല പ്രമുഖരുടെയും പേരുകൾ ഇതിനിടയിൽ കടന്നുവന്നു. പലതും പിന്നീട് വഴുതിമാറുകയും ചെയ്‌തു. എന്നാൽ ഇത്തവണ തുടക്കം മുതൽ അവസാനം വരെ കേട്ട ഒരു പേരായിരുന്നു രാംനാഥ് താക്കൂറിന്റേത്.
ബീഹാർ രാഷ്ട്രീയത്തിൽ ഈ പേര് ഉയർന്ന് കേട്ട പേരാണ് അദ്ദേഹത്തിന്റേത്. ജെഡിയു നേതാവായ താക്കൂർ സംസ്ഥാനത്തെ പാർട്ടിയുടെ ജയത്തിൽ ബലത്തിൽ കേന്ദ്രമന്ത്രിസഭയിലേക്ക് നടന്നടുക്കുമ്പോൾ ചോദ്യങ്ങൾ അനവധിയാണ്. ഇത്തവണ ബീഹാറിനെ കാര്യമായി തന്നെ ബിജെപി പരിഗണിക്കുന്നത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ എന്നതാണ് ചോദ്യം.

ഭാരതരത്‌ന ജേതാവ് കർപ്പൂരി താക്കൂറിന്റെ മകൻ നരേന്ദ്ര മോദി സർക്കാരിലേക്ക് കടന്നുവരുന്നത് ഒന്നും കാണാതെയല്ലെന്ന് ഉറപ്പാണ്. 2014 മുതൽ പാർലമെന്ററി രംഗത്ത് സജീവമായ താക്കൂർ നിതീഷ് കുമാറിന്റെ അടുത്ത അനുയായികളിൽ ഒരാളാണ്. എന്നാൽ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നില്ല, രാജ്യസഭാ എംപിയാണ് താക്കൂർ.
രാംനാഥ് താക്കൂർ കൂടി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റതോടെ താക്കൂർ കുടുംബത്തിന് മോദി സർക്കാർ നൽകിയ അംഗീകാരമാണ് ഇത്. കർപൂരി താക്കൂറിന് നേരത്തെ മരണാനന്തര ബഹുമതിയായി ഭാരതരത്ന സമ്മാനിച്ചിരുന്നു. ഇതിന്റെ തുടച്ചയായാണ് രാംനാഥ് താക്കൂറിനുള്ള അംഗീകാരവും കൂട്ടി വായിക്കേണ്ടത്.
ബിഹാറിലെ പിന്നോക്ക വിഭാഗത്തിനെ കൈയിലെടുക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതോടെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ ഉറപ്പാക്കുക എന്ന ബിജെപിയുടെ ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി അടുക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇതിന് പുറമെ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ സ്ഥാപക പ്രസിഡന്റായ ജിതൻ റാം മാഞ്ചിയും മന്ത്രിസഭയിൽ ഇടം നേടി എന്നത് ശ്രദ്ധേയമാണ്. രാം നാഥ് താക്കൂറിന്റെ വരവിനൊപ്പം കൂട്ടി വായിക്കേണ്ട കാര്യമാണ് മാഞ്ചിയുടെയും മന്ത്രിസഭാ പ്രവേശനം. ബീഹാറിലെ സാഹചര്യങ്ങളിൽ കൂടുതൽ അയവ് വരുത്തുക എന്ന ബിജെപിയുടെ മോഹം ഇതോടെ പൂവണിയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
അതേസമയം, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടന്നത്. കഴിഞ്ഞ ക്യാബിനറ്റിലെ അംഗങ്ങളായ പ്രമുഖരെ ഉൾപ്പെടെ നിലനിർത്തി കൊണ്ടാണ് ഇക്കുറിയും മോദിയുടെ നേതൃത്വത്തിൽ ബിജെപി മന്ത്രിസഭ രൂപീകരിക്കുന്നത്. ചില മുൻ മന്ത്രിമാർക്ക് ഇതിൽ ഇടം നേടാനും കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications