രാഷ്ട്രീയ രജ്‌പുത് കർണി സേന തലവൻ സുഖ്ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് മരിച്ചു; സഹായികൾക്ക് പരിക്ക്
ജയ്‌പൂർ: രാജസ്ഥാനിലെ പ്രമുഖ രജപുത്ര നേതാവും, രാഷ്ട്രീയ രജ്‌പുത് കർണി സേനയുടെ തലവനുമായ സുഖ്‌ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ വീടിന് പുറത്ത് സ്‌കൂട്ടറിലെത്തിയ അജ്ഞാതരായ രണ്ട് പേർ അദ്ദേഹത്തിന് നേരെ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു.
ഗോഗമേദിക്കും അദ്ദേഹത്തിന്റെ സഹായികൾക്കും വെടിയേൽക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോഗമേദി മരിച്ചതായി ഡോക്‌ടർമാർ അറിയിച്ചു. മുൻപ് ബോളിവുഡ് ചിത്രമായ പദ്മാവതിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയ സംഘടനയായ രജ്‌പുത് കർണി സേനയിൽ നിന്ന് വ്യത്യസ്‌തമാണ് ഗോഗമേദി നേതൃത്വം നൽകുന്ന സംഘടന.

2015-ൽ ലോകേന്ദ്ര സിംഗ് കൽവിയുടെ നേതൃത്വത്തിലുള്ള കർണി സേനയിൽ നിന്ന് രാജിവെച്ചാണ് അദ്ദേഹം പുതിയ സംഘടന രൂപീകരിച്ചത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഗോഗമേദിയുടെ തലയ്ക്കും, നെഞ്ചിലുമാണ് വെടിയേറ്റത്. വീടിന്റെ വാതിൽ തകർന്ന നിലയിലും, തറയിൽ രക്തം വാർന്ന നിലയിലുമുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ പ്രതികളെ പിടിക്കാൻ പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനം കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തമാക്കുകയാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി സർക്കാറിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications