രത്തൻ ടാറ്റ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് പുതിയ മുഖം നൽകിയ അതികായൻ
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പിന്റെ അമരക്കാരനുമായിരുന്ന രത്തൻ ടാറ്റ അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് മരണം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ച് തന്റെ 86ആം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നേരത്തെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു.
നേരത്തെ തന്നെ രത്തൻ ടാറ്റായുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. ഈ ആഴ്‌ചയുടെ തുടക്കത്തിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾ വന്നിരുന്നെങ്കിലും അത് രത്തൻ ടാറ്റയുടെ സമൂഹ മാധ്യമ പേജിലൂടെ തന്നെ തള്ളിയിരുന്നു. സാധാരണ ചെക്കപ്പിനായാണ് ആശുപത്രിയിൽ എത്തിയതാണ് എന്നായിരുന്നു വിവരം.

പ്രമുഖ വ്യവസായിയും ആർപിജി ഗ്രൂപ്പിന്റെ ചെയർമാനുമായ ഹർഷ ഗോയെങ്കെ രത്തൻ ടാറ്റായുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്‌തിരുന്നു. ബിസിനസ് ലോകത്തും അല്ലാതെയും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച രത്തൻ ടാറ്റ മായാത്ത വഴിവിളിക്കായിരുന്നു എന്ന് അദ്ദേഹം തന്റെ ട്വീറ്റിൽ പറയുന്നു. എക്കാലവും അദ്ദേഹം മനസുകളിൽ ജീവിക്കുമെന്നും ഗോയെങ്കെയുടെ ട്വീറ്റിൽ പറയുന്നു.
ടാറ്റ സൺസ് ചെയർമാൻ ചന്ദ്രശേഖരനും രത്തൻ ടാറ്റയുടെ മരണവിവരം അറിയിച്ചുകൊണ്ട് പോസ്‌റ്റ് പങ്കുവച്ചിരുന്നു. 'അഗാധമായ നഷ്‌ടബോധത്തോടെയാണ്, ടാറ്റ ഗ്രൂപ്പിനെ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ ഘടനയെയും രൂപപ്പെടുത്തിയ, അളവറ്റ സംഭാവനകൾ നൽകിയ, അസാധാരണ നേതാവായിരുന്ന ശ്രീ. രത്തൻ ടാറ്റയോട് ഞങ്ങൾ വിടപറയുന്നു.' എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്‌റ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വ്യവസായികളായ ആനന്ദ് മഹീന്ദ്ര, ഗൗതം അദാനി എന്നിവർ രത്തൻ ടാറ്റയെ അനുസ്‌മരിച്ചു. എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു മോദിയുടെ പ്രതികരണം. രത്തൻ ടാറ്റയ്ക്ക് ഒപ്പമുള്ള പഴയൊരു ചിത്രവും അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. കൃത്യമായ കാഴ്‌ചപാടും ദീർഘവീക്ഷണവുമുള്ള വ്യവസായിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1991ലാണ് രത്തൻ ടാറ്റ 100 ബില്യൺ ഡോളറിന്റെ ആസ്‌തിയിലേക്ക് വളർന്ന ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനാവുകയും നൂറു വർഷങ്ങൾക്ക് മുമ്പ് തന്റെ മുത്തശ്ശൻ സ്ഥാപിച്ച ബിസിനസ് സാമ്രാജ്യത്തെ ഏതാണ്ട് രണ്ട് പതിറ്റാണ്ടിലേറെ നയിക്കുകയും ചെയ്‌തത്. 1996ലാണ് അദ്ദേഹം ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ടാറ്റ ടെലിസർവീസസ് സ്ഥാപിച്ചുകൊണ്ട് വിപ്ലവം തീർത്തത്, 2004-ൽ ടാറ്റ കൺസൾട്ടൻസി സർവീസസ് എന്ന ഐടി കമ്പനി പബ്ലിക് ആക്കി കൊണ്ടും വാർത്തകളിൽ ഇടം നേടി.












Click it and Unblock the Notifications