രത്തൻ ടാറ്റയുടെ ആരോഗ്യനില ഗുരുതരം; മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ അധിപനും രാജ്യത്തെ വ്യവസായ പ്രമുഖനുമായ രത്തൻ ടാറ്റയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്താരാഷ്ട്ര മാധ്യമമായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഗുരുതരാവസ്ഥയിൽ ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പ്രായാധിക്യമാണോ, മറ്റെന്തെങ്കിലും രോഗമാണോ കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് അവ തള്ളിയിരുന്നു. തിങ്കളാഴ്‌ച രത്തൻ ടാറ്റയുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയായിരുന്നു ഈ വാർത്തകൾ നിഷേധിച്ചുകൊണ്ട് പോസ്‌റ്റ് പങ്കുവച്ചത്. സാധാരണ മെഡിക്കൽ പരിശോധനക്കയാണ് ആശുപത്രിയിൽ എത്തിയതെന്നും മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നുമായിരുന്നു പോസ്‌റ്റിൽ പറഞ്ഞിരുന്നത്.

വിഷയവുമായി നേരിട്ട് ബന്ധമുള്ളവരുടെ വിവരം അനുസരിച്ചാണ് റിപ്പോർട്ടെന്നാണ് റോയിറ്റേഴ്‌സ് വ്യക്തമാക്കുന്നത്. എന്നാൽ ടാറ്റ ഗ്രൂപ്പോ രത്തൻ ടാറ്റയുടെ കുടുംബമോ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല. മുംബൈയിലെ ഏത് ആശുപത്രിയിലാണ് രത്തൻ ടാറ്റ ചികിത്സയിൽ കഴിയുന്നതെന്നും വ്യക്തമായിട്ടില്ല.
അതേസമയം, ഇന്ത്യൻ വ്യവസായ മേഖലയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തികളിൽ ഒരാളാണ് രത്തൻ ടാറ്റ. ശതകോടീശ്വര പട്ടികയിൽ മുകേഷ് അംബാനിയെ പോലെയുള്ള ഉന്നതർ മുൻനിരയിൽ എത്തിയപ്പോഴും ടാറ്റ ഗ്രൂപ്പിലെ അമരക്കാരനായ രത്തൻ ടാറ്റയ്ക്ക് ഇന്ത്യക്കാർക്ക് ഇടയിൽ സവിശേഷമായ ഒരു ഇരിപ്പിടം തന്നെയുണ്ടായിരുന്നു.
മൂന്ന് പതിറ്റാണ്ട് കാലത്തോളം ടാറ്റ ഗ്രൂപ്പിന്റെയും അവരുടെ സകല സാമ്രാജ്യങ്ങളുടെയും നിയന്ത്രണം രത്തൻ ടാറ്റയ്ക്ക് ആയിരുന്നു. പിന്നീട് പ്രായത്തിന്റെ അവശതകൾ വല്ലാതെ അലട്ടിയപ്പോൾ മാത്രമാണ് അദ്ദേഹം ബിസിനസിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചത്. 1991 മുതൽ 2012 വരെയുള്ള കാലയളവിൽ ടാറ്റ ഗ്രൂപ്പിനെ മുന്നോട്ട് നയിച്ചത് രത്തൻ ടാറ്റയായിരുന്നു.
1996ലാണ് രത്തൻ ടാറ്റ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ടാറ്റ ടെലിസർവീസസ് സ്ഥാപിച്ചത്, പിന്നീട് 2004-ൽ ടാറ്റ കൺസൾട്ടൻസി സർവീസസ് അദ്ദേഹം പബ്ലിക് ആക്കി മാറ്റുകയും ചെയ്‌തു. നിലവിൽ എഴുപത് ശതമാനത്തിൽ അധികം ഓഹരികളും ടാറ്റ ഗ്രൂപ്പിന്റെ കൈവശം തന്നെയാണ്. വിരമിച്ചതിന് ശേഷം ടാറ്റ സൺസ്, ടാറ്റ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്‌റ്റീൽ, ടാറ്റ കെമിക്കൽസ് എന്നിവയുടെ ചെയർമാൻ പദവി വഹിക്കുകയാണ് അദ്ദേഹം.












Click it and Unblock the Notifications