ബെംഗളൂരു നിവാസികൾക്ക് ആശ്വാസം; സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്‌ഷനിൽ നവീകരണം പൂർത്തിയായി
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. പ്രദേശം കൂടുതൽ വൃത്തിയുള്ളതും വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സൗകര്യപ്രദവുമാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിരവധി വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. നഗരത്തിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള ജംഗ്ഷനുകളിലൊന്നായ ഇവിടെ നേരത്തേ തകർന്ന റോഡുകൾ, മാലിന്യക്കൂമ്പാരങ്ങൾ, വെള്ളക്കെട്ട്, ചെളി, വൃത്തിഹീനമായ പൊതുസ്ഥലങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ രൂക്ഷമായിരുന്നു.
ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ പ്രദേശം സന്ദർശിച്ച് പരിശോധന നടത്തിയതിന് പിന്നാലെയാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ കമ്മീഷണർ കെഎൻ രമേശിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ. റോഡുകളുടെ അറ്റകുറ്റപ്പണി, ശുചിത്വം, ജംഗ്ഷന്റെ ആകെ ഭംഗി എന്നിവ മെച്ചപ്പെടുത്തുന്നതിനായിരുന്നു പ്രധാനമായും ശ്രദ്ധ നൽകിയത്.

തകർന്ന റോഡുകൾ പുതുക്കിപ്പണിതതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. വെള്ളക്കെട്ടും കുഴികളും കാരണം യാത്ര ദുഷ്‌കരമായിരുന്ന ജംഗ്ഷനിലും സമീപ റോഡുകളിലും ഒക്ടോബർ 30-ന് പുതിയ ടാറിങ് നടത്തി. ഇതോടെ വാഹനങ്ങൾക്ക് കൂടുതൽ സുഗമമായി സഞ്ചരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്ലൈഓവറിന്റെ തൂണുകൾക്കും ബീമുകൾക്കും പുതിയ രൂപവും ഭംഗിയും നൽകിയിട്ടുണ്ട്.
ആകർഷകമായ പർപ്പിൾ നിറത്തിൽ പെയിന്റ് ചെയ്‌ത ഇവയിൽ മനോഹരമായ ഡിസൈനുകളും ഒരുക്കി. പരിസരത്ത് ടൈലുകളും പേവിങ് സംവിധാനവും സ്ഥാപിച്ചു. ജംഗ്ഷന് കൂടുതൽ ചിട്ടയായ രൂപം നൽകുന്നതിനായി റോഡരികിലെ കർബുകൾക്ക് മഞ്ഞ നിറവും നൽകി. ഫ്ലൈഓവർ തൂണുകൾക്ക് ചുറ്റുമുള്ള ഭാഗങ്ങളും ടൈലുകൾ പാകി വൃത്തിയാക്കി.
കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി സഞ്ചരിക്കാൻ നടപ്പാതകളും നവീകരിച്ചു. മെട്രോ, ഇലക്ട്രോണിക് സിറ്റി റോഡ്, ഔട്ടർ റിങ് റോഡ് തുടങ്ങി ബെംഗളൂരുവിലെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത കേന്ദ്രമാണ് സിൽക്ക് ബോർഡ് ജംഗ്ഷൻ. ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. അതിനാൽ കാൽനടയാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിന് ഈ മാറ്റങ്ങൾ സഹായിക്കും.
മഴവെള്ളം ഒഴുകിപ്പോകുന്ന ഓടകൾ വൃത്തിയാക്കിയതും നവീകരണത്തിന്റെ പ്രധാന ഭാഗമായിരുന്നു. മണ്ണും മാലിന്യങ്ങളും മറ്റ് അവശിഷ്‌ടങ്ങളും അടിഞ്ഞുകൂടിയതിനാൽ ഇവിടെ വെള്ളക്കെട്ടും വൃത്തിഹീനമായ സാഹചര്യങ്ങളും ഉണ്ടായിരുന്നു. തുടർന്ന് ഓടകളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുകയും ആവശ്യമായ സ്ഥലങ്ങളിൽ സ്ലാബുകൾ സ്ഥാപിച്ച് ഓടകൾ മൂടുകയും ചെയ്‌തു. ഫ്ലൈഓവറിന് താഴെയും പരിസര പ്രദേശങ്ങളിലും കുന്നുകൂടിയിരുന്ന വലിയ അളവിലുള്ള മാലിന്യങ്ങളും നീക്കം ചെയ്‌തിട്ടുണ്ട്.
ഈ പ്രവർത്തനങ്ങളിലൂടെ ജംഗ്ഷന്റെ രൂപത്തിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. നേരത്തേ മാലിന്യക്കൂമ്പാരങ്ങളും ചെളി നിറഞ്ഞ ഭാഗങ്ങളും തകർന്ന റോഡുകളും നിറഞ്ഞിരുന്ന പ്രദേശം ഇപ്പോൾ കൂടുതൽ വൃത്തിയുള്ളതും ടൈലുകൾ പാകിയതും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ ഇടമായി മാറി.
നഗരത്തിലെ പ്രധാന പൊതുസ്ഥലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നടത്തുന്ന വിപുലമായ പ്രവർത്തനങ്ങളുടെ ഭാഗം കൂടിയാണ് ഈ നവീകരണം. നേരത്തേ സിൽക്ക് ബോർഡ് ഫ്ലൈഓവറിന് താഴെയുള്ള സ്ഥലം കൂടുതൽ പ്രയോജനപ്രദമായ പൊതുഇടമാക്കി മാറ്റാനുള്ള പദ്ധതിയും ബെംഗളൂരു വികസന മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ത്രോബോൾ കോർട്ട്, ടേബിൾ ടെന്നീസ് സൗകര്യം, ഇരിപ്പിടങ്ങൾ, മികച്ച ലൈറ്റിങ് സംവിധാനം തുടങ്ങിയവ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനും വലിയ പദ്ധതികളാണ് പരിഗണനയിലുള്ളത്. മഴവെള്ളം ഒഴുകിപ്പോകാനുള്ള മികച്ച സംവിധാനങ്ങൾ, നവീകരിച്ച നടപ്പാതകൾ, വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ച് ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ബിടിഎം ലേഔട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.


Click it and Unblock the Notifications
