Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിലെ ട്രാൻസ്‌പോർട്ട് ജീവനക്കാർക്ക് ആശ്വാസം; 1271 കോടി അനുവദിച്ചു, എന്നിട്ടും ബെംഗളൂരു ചലോ മാർച്ച്!

ബെംഗളൂരു: കർണാടകയിലെ റോഡ് ഗതാഗത കോർപ്പറേഷനുകളിലെ ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാൻ സർക്കാർ അടിയന്തര നീക്കങ്ങളുമായി രംഗത്ത് വന്നെങ്കിലും അത് ഫലം കണ്ടില്ല. പണിമുടക്കിന് ഒരു ദിവസം മുമ്പേ അതായത് ഇന്നലെ കുടിശികയിനത്തിൽ 1271 കോടി രൂപ അനുവദിക്കാനും ശമ്പള പരിഷ്‌കരണം നടപ്പാക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു. ദീർഘകാലമായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരം കാണാനുള്ള ശ്രമമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

കഴിഞ്ഞ കുറേ നാളുകളായി ശമ്പള കുടിശിക വിതരണം വൈകുന്നതിൽ ജീവനക്കാർക്ക് കടുത്ത അതൃപ്‌തിയുണ്ടായിരുന്നു. മൊത്തം 36 മാസത്തെ ശമ്പള കുടിശിക പൂർണമായും വിതരണം ചെയ്യണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിൽ 26 മാസത്തെ കുടിശികയാണ് നിലവിൽ അനുവദിക്കാൻ സംസ്ഥാന സർക്കാർ സമ്മതിച്ചിരിക്കുന്നത്. ഇതിനായി ആവശ്യമായ ഫണ്ട് വിതരണം ചെയ്യാനും ധാരണയായിട്ടുണ്ട്.

ksrtc

അടുത്തിടെ ഇറങ്ങിയ ഉത്തരവ് പ്രകാരം, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീനിവാസ് മൂർത്തിയുടെ ഏകാംഗ സമിതി ശുപാർശ ചെയ്‌തതനുസരിച്ച് ശമ്പള കുടിശിക വിതരണം ചെയ്യും. ഇതിൽ, 2022 ജനുവരി 1 മുതൽ 2023 ഫെബ്രുവരി 28 വരെയുള്ള 14 മാസത്തെ കുടിശികയായി 718.93 കോടി രൂപയും, 2021 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള 12 മാസത്തെ കുടിശികയായി 552.99 കോടി രൂപയും അടങ്ങുന്നു. നാല് ഗതാഗത കോർപ്പറേഷനുകളിലെ ജീവനക്കാർക്ക് ഇത് ആശ്വാസമാകും.

സർക്കാർ അവസാന നിമിഷം ഉത്തരവിറക്കിയെങ്കിലും, ജീവനക്കാരുടെ സംഘടനകൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. 38 മാസത്തെ ശമ്പള കുടിശ്ശിക പൂർണമായും അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. ഫെബ്രുവരി 19-ന് പ്രഖ്യാപിച്ച 'ബെംഗളൂരു ചലോ' പ്രതിഷേധം തുടരുകയാണ്. ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് അവർ പറയുന്നത്.

വേതന പരിഷ്‌കരണം സംബന്ധിച്ചും സർക്കാർ പുതിയ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ശമ്പള വർധനയുടെ ശതമാനം എത്രയായിരിക്കണമെന്ന് തീരുമാനിക്കാൻ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്താൻ സർക്കാർ ഒരുങ്ങുകയാണ്. ഇതിനായുള്ള മധ്യസ്ഥ ചർച്ചകൾ ആരംഭിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ശമ്പള പരിഷ്‌കരണത്തിലും കുടിശിക വിതരണത്തിലും വന്ന കാലതാമസത്തിനുള്ള കാരണങ്ങൾ സർക്കാർ ഉത്തരവിൽ വിശദീകരിച്ചു. 2023 മാർച്ചിൽ നാല് റോഡ് ഗതാഗത സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം പരിഷ്‌കരിച്ചപ്പോഴും ബജറ്റിൽ അതിനായി ഫണ്ട് നീക്കിവെച്ചിരുന്നില്ല. 38 മാസത്തെ കുടിശ്ശികയുമായി ബന്ധപ്പെട്ട് ശ്രീനിവാസ് മൂർത്തിയുടെ ഏകാംഗ സമിതിയുടെ രൂപീകരണവും അതിന്റെ ശുപാർശകളും കാലതാമസത്തിന് കാരണമായതായും സർക്കാർ വ്യക്തമാക്കുന്നു.

വിരമിച്ച ജീവനക്കാർക്ക് 224 കോടി രൂപയുടെ ഗ്രാറ്റുവിറ്റി കുടിശിക പ്രത്യേക ഫണ്ട് വകയിരുത്താതെയും വിതരണം ചെയ്‌തു. 2019-2023 കാലയളവിലെ 4900 കോടി രൂപയുടെ ബാധ്യതയിൽ, പ്രൊവിഡന്റ് ഫണ്ടും ഡീസൽ കുടിശ്ശികയും അടയ്ക്കുന്നതിനായി 2000 കോടി രൂപ ബാങ്ക് വായ്‌പയെടുക്കാൻ ഗതാഗത കോർപ്പറേഷനുകളെ സർക്കാർ അനുവദിച്ചിരുന്നു. ഈ വായ്‌പയുടെ മുതലും പലിശയും സർക്കാർ നേരിട്ടാണ് അടയ്ക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.

2019-2023 കാലയളവിൽ നാല് റോഡ് ഗതാഗത സ്ഥാപനങ്ങളിൽ പുതിയ ബസുകൾ എത്തുകയോ നിയമനങ്ങൾ നടക്കുകയോ ചെയ്‌തിരുന്നില്ല. എന്നാൽ, കഴിഞ്ഞ രണ്ടര വർഷത്തിനിടെ കോർപ്പറേഷനുകളെ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാരുടെ സൗകര്യത്തിനുമായി ഗണ്യമായ മാറ്റങ്ങൾ വരുത്തി. ഇതിന്റെ ഭാഗമായി 7800 പുതിയ ബസ്സുകൾ (3510 കോടി) കൂട്ടിച്ചേർക്കുകയും 10,000 പുതിയ നിയമനങ്ങൾ നടത്തുകയും ചെയ്‌തിട്ടുണ്ടെന്ന് സർക്കാർ പറയുന്നു.

സംസ്ഥാനത്തെ നാല് റോഡ് ഗതാഗത കോർപ്പറേഷനുകളുടെ സങ്കീർണമായ സാമ്പത്തികസ്ഥിതിയും ഉത്തരവിൽ എടുത്തുപറഞ്ഞു. ദിവസേനയുള്ള വരുമാനത്തിന്റെ 34.50 ശതമാനം ഡീസലിനും, 46.37 ശതമാനം ജീവനക്കാരുടെ വേതനത്തിനുമായാണ് വിനിയോഗിക്കുന്നത്; മൊത്തം 80.87 ശതമാനം. ഈ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, കഴിഞ്ഞ രണ്ട് വർഷങ്ങളിലെ 1219.23 കോടി രൂപയുടെ മോട്ടോർ വാഹന നികുതി ഇളവ് ഈ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+