ബെംഗളൂരു ഔട്ടർ റിംഗ് റോഡ് മേഖലയിലെ യാത്രക്കാർക്ക് ആശ്വാസം; 8 കി.മീ ദൂരത്തിൽ ആകാശ നടപ്പാത വരുന്നു!
ബെംഗളൂരു: നഗരത്തിലെ ഗതാഗത സൗകര്യങ്ങളിൽ കാര്യമായ മാറ്റമാണ് ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബെംഗളൂരു ഔട്ടർ റിംഗ് റോഡിലെ (ഒആർആർ) ബ്ലൂ ലൈനിന്റെ എട്ട് കിലോമീറ്റർ ദൂരത്തിൽ, മെട്രോ പാതയ്ക്ക് താഴെയുള്ള ആകാശ നടപ്പാതകൾക്ക് അംഗീകാരം ലഭിച്ചിരിക്കുകയാണ്. വലിയൊരു വിഭാഗം ജീവനക്കാർക്ക് ടെക് പാർക്കുകളിലേക്കും ഓഫീസുകളിലേക്കും നേരിട്ട് പ്രവേശനം സാധ്യമാക്കുന്ന ഇത്തരത്തിലൊരു ആദ്യ മാതൃകയാണിത്.
കഴിഞ്ഞ ദിവസം ചേർന്ന ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജിബിഎ) യോഗം ഈ നിർദ്ദേശത്തിന് അംഗീകാരം നൽക്കുകയായിരുന്നു. എന്നാൽ, പദ്ധതിയുടെ ധനസഹായം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് ലഭ്യമായ വിവരം. ബിഎംആർസിഎൽ, ഒആർആർസിഎ എന്നിവർ ചേർന്ന് ഇനി ഇതിന്റെ ഫണ്ടിംഗ് കാര്യങ്ങളിൽ തീരുമാനമെടുക്കണം.

രണ്ട് മെട്രോ സ്‌റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ടെക് പാർക്കുകൾക്ക് ഈ നടപ്പാതകൾ പ്രയോജനകരമാകും എന്നതാണ് പ്രധാന കാര്യം. ശരിയായ നടപ്പാതകളില്ലാത്തതും കൈയേറ്റങ്ങളും കാരണം ഇവിടുത്തെ ജീവനക്കാർ നിലവിൽ കാര്യമായ വെല്ലുവിളികളാണ് നേരിടുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതൊരു പുതിയ ആശയമല്ല. ബ്ലൂ ലൈൻ രൂപകൽപ്പന ഘട്ടത്തിലായിരുന്നപ്പോൾ തന്നെ, മെട്രോ തൂണുകൾക്കരികിൽ ആകാശ നടപ്പാതകൾ സ്ഥാപിക്കുന്നതിനായി രണ്ട് ചെറിയ തൂണുകൾക്ക് അടിത്തറ കെട്ടണമെന്ന് ബിഎംആർസിഎല്ലിനോട് അഭ്യർത്ഥിച്ചിരുന്നു. ഏകദേശം ആറ് മുതൽ എട്ട് ലക്ഷം പേർ ജോലി ചെയ്യുന്ന ഒആർആറിലെ കാൽനടയാത്രക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് ഈ ആശയം മുന്നോട്ട് വെച്ചത്.
മഹാദേവപുര എംഎൽഎ മഞ്ജുള അരവിന്ദ് ലിംബാവലി ഗ്രേറ്റർ ബംഗളൂരു അതോറിറ്റിക്കും ബിഎംആർസിഎല്ലിനും നൽകിയ കത്തിൽ, ഇബ്ളൂരിനും മഹാദേവപുരയ്ക്കും ഇടയിൽ ഒരു ആകാശ നടപ്പാത നിർമ്മിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എങ്കിലും പദ്ധതി പ്രദേശം കോർപ്പറേഷൻ പരിധിയിൽ വരുന്നതിനാൽ ജിബിഎയുടെ അംഗീകാരം നിർബന്ധമായിരുന്നു.
മഹദേവപുര ടാസ്‌ക് ഫോഴ്‌സ് അംഗം ക്ലെമന്റ് ജയകുമാറിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് പറയുന്നതനുസരിച്ച്, ഒആർആറിലെ മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനാണ് പദ്ധതി നടപ്പാക്കാൻ ജിബിഎ ഒരുങ്ങുന്നത്. മേഖലയിലെ കാൽനടയാത്രക്കാർക്ക് നിലവിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
'സെസ്ന ബിസിനസ് പാർക്കിൽ ഏകദേശം 30,000 പേർ ജോലി ചെയ്യുന്നുണ്ട്, പക്ഷേ അടുത്തുള്ള മെട്രോ സ്‌റ്റേഷൻ ദൂരെയാണ്. മെട്രോ പാതയ്ക്ക് താഴെയുള്ള സ്കൈവാക്ക് സ്‌റ്റേഷനെയും ടെക് പാർക്കിനെയും ബന്ധിപ്പിച്ചാൽ, യാത്രക്കാർക്ക് ഇടുങ്ങിയതും കൈയേറിയതുമായ നടപ്പാതകൾ ഒഴിവാക്കാനാകും' എന്നാണ് ജയകുമാർ പറയുന്നത്.
മാത്രമല്ല സ്‌റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള എക്കോസ്പേസിനും ഇത് വലിയ സഹായമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിച്ചെലവിന്റെ ഒരു ഭാഗം ബിഎംആർസിഎൽ വഹിക്കണമെന്നും, ബാക്കി തുക ടെക് കമ്പനികൾ വഹിക്കുകയും സ്കൈവാക്ക് സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം നൽകുകയും വേണമെന്നും ജയകുമാർ അഭ്യർത്ഥിച്ചു.
ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷന് (ഒആർആർസിഎ) മറ്റ് വരുമാന മാർഗങ്ങളില്ലെന്ന് പ്രസിഡന്റ് മനസ് ദാസ് അറിയിച്ചു. പദ്ധതിക്കായി ധനസഹായം നൽകാൻ ചില ഡെവലപ്പർമാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, അതിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിഎംആർസിഎൽ എംഡി ജെ രവിശങ്കർ ഇതിനോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications