വിജയ്ക്ക് ആശ്വാസം; കരൂർ ദുരന്തത്തിലെ ഇരകളുടെ കുടുംബത്തിന് ജോലി നൽകിയ നടപടി നിലനിൽക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: കഴിഞ്ഞ വർഷം കരൂരിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ നിയമനം നൽകാനുള്ള തമിഴ്‌നാട് സർക്കാർ തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന് ആശ്വാസമാകുന്ന നടപടിയാണ് പരമോന്നത കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
ജസ്‌റ്റിസുമാരായ ജെബി പർദിവാല, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 'നോട്ടീസ് അയക്കുന്നു. ഹൈക്കോടതി പുറപ്പെടുവിച്ച വിധി സ്‌റ്റേ ചെയ്യുന്നു' സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജിയിൽ തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്.

കരൂർ ദുരന്തത്തെ തുടർന്ന് ഇരകളുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ സർക്കാർ തീരുമാനിച്ചതിനെ കോടതി ചൂണ്ടിക്കാട്ടി. ഒരു ദാരുണമായ സംഭവം നടന്നു. സർക്കാർ അവർക്ക് നഷ്‌ടപരിഹാരം നൽകാൻ തീരുമാനിച്ചു. അപ്പോൾ സർക്കാർ ജോലി നൽകാൻ പാടില്ലേ എന്നായിരുന്നു സുപ്രീം കോടതിയുടെ പ്രധാന ചോദ്യം.
ദുരന്തത്തിൽ കുടുംബത്തിലെ ഏക ആശ്രിതൻ മരിച്ച സാഹചര്യത്തിൽ, ആ കുടുംബത്തിലെ മകനോ മകൾക്കോ സർക്കാർ ജോലി നൽകുന്നതിൽ എന്താണ് പ്രശ്‌നമെന്നും ബെഞ്ച് ചോദിച്ചു. ഒരു കുടുംബത്തിലെ വരുമാനമുള്ള ഏക അംഗം ദുരന്തത്തിൽ മരിച്ചാൽ, ആ കുടുംബത്തിലെ മകനോ മകൾക്കോ സർക്കാർ എന്തെങ്കിലും ജോലി നൽകേണ്ടതില്ലേ? എന്നാണ് ഹർജിക്കാരനോട് കോടതി ചോദിച്ചത്.
പണം നഷ്‌ടപരിഹാരമായി നൽകാൻ സർക്കാർ തീരുമാനിച്ചെങ്കിൽ, അതിനൊപ്പം കുടുംബത്തിന് ആശ്വാസമായി ജോലി നൽകുന്നതിനെ എങ്ങനെ ചോദ്യം ചെയ്യാനാകുമെന്നും സുപ്രീം കോടതി ഹർജി പരിഗണിക്കുന്നതിനിടെ നിരീക്ഷിച്ചു. തമിഴ്‌നാട് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഹാജരായി.
ജൂലൈ 27നാണ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. ഭരണഘടനയിലെ ആർട്ടിക്കിൾ 14, 16 അനുസരിച്ചായിരിക്കണം പൊതുമേഖലയിലെ നിയമനങ്ങൾ നടത്തേണ്ടതെന്നും അതിനാൽ ഇത്തരം നിയമനങ്ങൾ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
സർക്കാർ സർവീസിലിരിക്കെ മരിച്ച ജീവനക്കാരുടെ കുടുംബങ്ങളിൽ നിന്നുള്ള നിരവധി പേർ ഇതിനകം അനുകമ്പാ നിയമനത്തിനായി കാത്തിരിക്കുകയാണെന്നും അവരുടെ അവകാശങ്ങൾ മറികടന്ന് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകുന്നത് ഉചിതമല്ലെന്നും ജസ്‌റ്റിസുമാരായ സിവി കാർത്തികേയൻ, ആർ സക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 2026 ഏപ്രിലിലാണ് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എന്നാൽ അനുകമ്പാ നിയമനം സാധാരണയായി സർവീസിലിരിക്കെ മരിക്കുന്ന സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് ബാധകമായ പ്രത്യേക നിയമങ്ങൾക്കനുസരിച്ചാണ് നൽകുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കുടുംബങ്ങൾക്ക് ഇതിനകം സർക്കാർ ധനസഹായം നൽകിയിട്ടുണ്ടെന്നും അതിനാൽ വീണ്ടും ജോലി നൽകേണ്ടതില്ലെന്നും ഹർജിക്കാർ വാദിച്ചു. കൂടാതെ സിബിഐ അന്വേഷണം നടക്കുന്നതിനിടെ ജോലി നൽകുന്നത് കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെയാണ് 41 പേർ കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്.
സംഭവത്തിൽ നിലവിൽ സിബിഐ അന്വേഷണം നടക്കുകയാണ്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവോടെ മദ്രാസ് ഹൈക്കോടതിയുടെ വിധി താൽക്കാലികമായി പ്രാബല്യത്തിൽ നിന്ന് മാറിനിൽക്കും. സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുന്നതുവരെ ഈ സ്ഥിതി തുടരും.


Click it and Unblock the Notifications