പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതായി തെളിവില്ല? റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍
ന്യൂദല്‍ഹി: ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതായി തെളിവുകളൊന്നും സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് ലഭിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട്. വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി 100-ലധികം ഡിവൈസുകള്‍ പരിശോധിച്ച് മനസിലാക്കിയ കണ്ടെത്തലുകള്‍ ഒരാഴ്ച മുന്‍പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
600-ലധികം പേജുള്ള രേഖയില്‍ എല്ലാ വിവരങ്ങളുമുണ്ടെന്നും പേര് വെളിപ്പെടുത്താത്ത ഒരാളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്മറ്റിയുടെ ടേംസ് ഓഫ് റഫറന്‍സിലെ ആദ്യ ചോദ്യത്തെ പരാമര്‍ശിക്കുന്നതായിരുന്നു തെളിവുകളുടെ അഭാവം പ്രസ്താവിക്കുന്ന സമര്‍പ്പണം.

അതേസമയം റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ കുറിച്ച് പ്രതികരിക്കാന്‍ ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ തയ്യാറായില്ല. ഇത് ഒരു സ്വതന്ത്ര അന്വേഷണമല്ല. വിഷയം സബ് ജുഡീഷ്യല്‍ ആണ്. അതിന്റെ വിശദാംശങ്ങള്‍ കോടതി അതിന്റേതായ സമയത്ത് വെളിപ്പെടുത്തും, അദ്ദേഹം പറഞ്ഞു. കേസിന്റെ വാദം കേള്‍ക്കാനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

എന്നാല്‍ കേസ് ഓഗസ്റ്റ് 12 ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യുമെന്ന് കോടതി രജിസ്ട്രി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ അടക്കം നിരവധി പേരുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. പെഗാസസ് ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന നൂറിലേറെ ഫോണുകളില്‍ സാങ്കേതിക പരിശോധന നടത്തിയിരുന്നു.

സ്പൈവെയര്‍ ഉപയോഗിച്ച് ടാര്‍ഗെറ്റുചെയ്തവരുടെ വിശദാംശങ്ങള്‍, അനധികൃത നുഴഞ്ഞുകയറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ഇന്ത്യന്‍ പൗരന്മാരെ ചാരപ്പണി ചെയ്യാന്‍ പെഗാസസിനെ സര്‍ക്കാര്‍ ഉപയോഗിച്ചോ എന്നിവയാണ് രവീന്ദ്രന്‍ കമ്മീഷന്‍ അന്വേഷിച്ചത്. അതേസമയം ഉപകരണങ്ങളില്‍ സ്നൂപ്പ് ചെയ്യാന്‍ സ്‌പൈവെയര്‍ ഉപയോഗിച്ചതിന് തെളിവില്ലെന്ന് പാനല്‍ നിഗമനത്തിയാല്‍ ബാക്കി ചോദ്യങ്ങള്‍ പ്രസക്തമാകില്ല എന്നാണ് വിവരങ്ങളെ കുറിച്ച് അറിവുള്ള വൃത്തം തങ്ങളോട് പറഞ്ഞത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആളുകള്‍ സ്വമേധയാ നല്‍കിയ ഉപകരണങ്ങളില്‍ പാനല്‍ നടത്തിയ അത്യാധുനിക പരിശോധനകള്‍ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെഗാസസ് ഉപയോഗിച്ചതായി പറയപ്പെടുന്ന 50,000 പേരില്‍ മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ബിസിനസുകാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകളും ഉള്‍പ്പെടുന്നുവെന്ന് 2021 ജൂലൈ 18-ന് മാധ്യമസ്ഥാപനങ്ങളുടെയും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെയും ഒരു കണ്‍സോര്‍ഷ്യം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്.

ഇസ്രായേല്‍ ആസ്ഥാനമായുള്ള എന്‍ എസ് ഒ ഗ്രൂപ്പാണ് പെഗാസസ് നിര്‍മിച്ചത്. ഇത് സര്‍ക്കാര്‍ ക്ലയന്റുകള്‍ക്ക് മാത്രമാണ് വിതരണം ചെയ്യുന്നത്. പെഗാസസ് ഉപയോഗിക്കപ്പെട്ടു എന്ന് പറയുന്നവരില്‍ രാഹുല്‍ ഗാന്ധി, അദ്ദേഹത്തിന്റെ രണ്ട് സഹായികള്‍, രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ, മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, പ്രഹ്ലാദ് പട്ടേല്‍, അശ്വിനി വൈഷ്ണവ് എന്നിവര്‍ ഉള്‍പ്പെടുന്നു.

2021 ഒക്ടോബറില്‍ വിഷയം സുപ്രീംകോടതിയുടെ മുന്‍പാകെ എത്തി. സ്വകാര്യതയ്ക്കുള്ള അവകാശത്തിന് മേല്‍ കടന്ന് കയറി ദേശീയ സുരക്ഷ എന്ന ആശങ്ക ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാരിന് എല്ലാ തവണയും സൗജന്യ പാസ് നേടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ഇതിന് പിന്നാലെയാണ് റിട്ടയേര്‍ഡ് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ അലോക് ജോഷിയും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ സന്ദീപ് ഒബ്റോയിയും ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെ നിയോഗിച്ചത്.












Click it and Unblock the Notifications