പ്രതിരോധ മേഖലയിലും സമുദ്ര സുരക്ഷയിലും ഇന്തോനേഷ്യയുമായി ബന്ധം മെച്ചപ്പെടുത്തും; പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡണ്ട് പ്രബോവോ സുബിയാന്തോയും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. തലസ്ഥാനത്തെ ഹൈദരാബാദ് ഹൗസിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന് ഇരു നേതാക്കളും തുടക്കമിട്ടു. റിപ്പബ്ലിക് ദിന പരേഡിൽ അതിഥിയായി പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയതായിരുന്നു ഇന്തോനേഷ്യൻ പ്രസിഡന്റ്.
ആരോഗ്യ മേഖലയിലെ സഹകരണം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകളെ ഉൾപ്പെടുത്തി യോഗത്തിൽ നിരവധി ധാരണാപത്രങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ കൈമാറി. ആസിയാൻ, ഇന്തോ-പസഫിക് മേഖലകളിലെ പങ്കാളിയെന്ന നിലയിൽ ഇന്തോനേഷ്യയുടെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു.

'2025 ഇന്ത്യ-ആസിയാൻ ടൂറിസം വർഷമായി ആഘോഷിക്കും. ഇത് ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയം വർദ്ധിപ്പിക്കുകയും ടൂറിസം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നടപടിയായിരിക്കും. ആസിയാൻ, ഇന്തോ-പസഫിക് മേഖലകളിൽ ഇന്തോനേഷ്യ ഞങ്ങൾക്ക് ഒരു പ്രധാന പങ്കാളിയാണ്.' മോദി പറഞ്ഞു.
'മേഖലയിൽ സമാധാനം, സുരക്ഷ, സമൃദ്ധി, നിയമവാഴ്‌ച എന്നിവ നിലനിർത്താൻ ഞങ്ങൾ ഇരുകൂട്ടരും ഒരുപോലെ പ്രതിജ്ഞാബദ്ധരാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ഞങ്ങൾ സമ്മതിക്കുന്നു' മോദി വ്യക്തമാക്കി. ആസിയാൻ ഐക്യവും കേന്ദ്രീകരണവും ഇന്ത്യയുടെ 'ആക്റ്റ്-ഈസ്‌റ്റ്' നയത്തിൽ എടുത്തുകാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിൽ ഇന്തോനേഷ്യ തന്നെയായിരുന്നു മുഖ്യാതിഥി. റിപ്പബ്ലിക്കിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിലും ഇന്തോനേഷ്യ ഈ ചരിത്ര അവസരത്തിന്റെ ഭാഗമാകുന്നത് അഭിമാനകരമാണ്; അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം 30 ബില്യൺ ഡോളർ കടന്ന ഉഭയകക്ഷി വ്യാപാരം വളർന്നു കൊണ്ടിരിക്കുന്നത് മോദി ചൂണ്ടിക്കാണിച്ചു. ഫിൻടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്ന കാര്യവും നരേന്ദ്ര മോദി കൂടിക്കാഴ്‌ചയ്ക്ക് ശേഷം പറഞ്ഞു.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള ബന്ധത്തിന് തന്റെ രാജ്യം മുൻഗണന നൽകുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രൊബാവോ സുകിയാന്റോ പറഞ്ഞു. ഇന്ത്യയിലെ ഇന്തോനേഷ്യൻ എംബസി കേന്ദ്ര സർക്കാർ സംഭാവന ചെയ്‌ത ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.












Click it and Unblock the Notifications