ഡൽഹിയിലെ പ്രതിഷേധങ്ങളുടെ ഭാഗമായുള്ള നിയന്ത്രണം; വിഷയം പരിഗണിക്കാൻ സുപ്രീം കോടതിയുടെ പ്രത്യേക സിറ്റിങ്
ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധങ്ങളുടെ ഭാഗമായി മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടതും ട്രെയിൻ സർവീസുകൾ റദ്ദാക്കിയതും സംബന്ധിച്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ഞായറാഴ്‌ച പ്രത്യേക സിറ്റിങ് നടത്തും. കോടതി നേരത്തെ നൽകിയ നിർദേശങ്ങൾ അധികൃതർ ലംഘിച്ചെന്നാരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണ് പരിഗണിക്കുന്നത്. ജസ്‌റ്റിസുമാരായ ജോയ്മാല്യ ബാഗ്‌ച്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ഹർജി കേൾക്കും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടിയും മറ്റ് സംഘടനകളും ഒക്ടോബർ 10ന് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരുന്നു. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പ്രതിഷേധത്തിന് പിന്നിൽ. പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ വ്യാപക സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പ്രതിഷേധം കണക്കിലെടുത്ത് നിരവധി മെട്രോ സ്‌റ്റേഷനുകളിലെ പ്രവേശനവും പുറത്തേക്കുള്ള വഴികളും നിയന്ത്രിക്കുകയും ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്‌തിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിച്ച സുപ്രീംകോടതി, ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ പൊതുഗതാഗതം പൂർണമായി തടയരുതെന്ന് ഒക്ടോബർ 9ന് നിർദേശിച്ചിരുന്നു. സാഹചര്യം വിലയിരുത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും പൊതുജനങ്ങൾക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ കോടതി നിർദേശങ്ങൾ നിലനിൽക്കെ മെട്രോ സ്‌റ്റേഷനുകൾ അടച്ചിടുകയും ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും ചെയ്‌തുവെന്നാണ് പുതിയ ഹർജിയിലെ ആരോപണം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡൽഹി പോലീസ് കമ്മീഷണർ, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അധ്യക്ഷ എന്നിവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധം നടത്താനുള്ള അവകാശവും പൊതുജനങ്ങളുടെ യാത്രാസൗകര്യവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കണമെന്നതാണ് കേസിലെ പ്രധാന വിഷയം. ഞായറാഴ്‌ച്ച നടക്കുന്ന പ്രത്യേക സിറ്റിങ്ങിൽ അധികൃതർ കോടതി നിർദേശങ്ങൾ പാലിച്ചിരുന്നോയെന്നും തുടർനടപടികൾ ആവശ്യമുണ്ടോയെന്നും സുപ്രീം കോടതി പരിശോധിക്കും.
അതിനിടെ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് പുറത്ത് അഭിഭാഷകരും പ്രതിഷേധിച്ചിരുന്നു. തുടർന്ന് ചീഫ് ജസ്‌റ്റിസ് ഇടപെട്ടാണ് ഇവരെ വിട്ടയച്ചത്. ഏകദേശം രണ്ട് മണിക്കൂറോളം കസ്‌റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് അഭിഭാഷകർക്ക് മോചനം ലഭിച്ചത്. പ്രതിഷേധിച്ച അഭിഭാഷകരെ പോലീസ് യമുന സ്പോർർട്‌സ് കോംപ്ലക്‌സിലേക്ക് മാറ്റിയിരുന്നു. പിന്നീടാണ് സംഘടനകളുടെ ആവശ്യം കണക്കിലെടുത്ത് ചീഫ് ജസ്‌റ്റിസ് ഇടപെട്ടത്.


Click it and Unblock the Notifications
