നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു, ഭഗവദ്ഗീത ഉദ്ധരിച്ച് രേവന്ത്; നടപടിയില്‍ തെറ്റില്ല
ഹൈദരാബാദ്: നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ച് മാറ്റിയതിനെ ന്യായീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊളിക്കാനുള്ള കാരണമായി ഭഗവദ്ഗീതയെയാണ് അദ്ദേഹം ഉയര്‍ത്തി കാണിച്ചത്. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാണ് പറയുന്നതെന്നും രേവന്ത് പറഞ്ഞു. തടാകങ്ങള്‍ കൈയ്യേറിവയരെ എത്ര ഉന്നതന്‍മാരായാലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതിന് ഭഗവദ്ഗീതയാണ് പ്രചോദനം. ജനങ്ങളുടെ ക്ഷേമത്തിന് ഏതൊരാളും ധര്‍മമാണ് പിന്തുടരേണ്ടതെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. അധര്‍മത്തെ നമ്മള്‍ പരാജയപ്പെടുത്തേണ്ടതുണ്ട്. അത് നമ്മുടെ സുഹൃത്തുക്കളായാല്‍ പോലും അങ്ങനെയാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതാക്കളായ പല്ലം രാജുവിന്റെയും ധനം നാഗേന്ദറിന്റെയും അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളും നേരത്തെ അധികൃതര്‍ പൊളിച്ച് മാറ്റിയിരുന്നു. പാര്‍ട്ടി ഒന്നും നോക്കാതെ എല്ലാവര്‍ക്കെതിരെയും നടപടി ഉണ്ടാവുമെന്ന സൂചനയാണ് രേവന്ത് റെഡ്ഡി നല്‍കുന്നത്. അര്‍ജുനന് കുരുക്ഷേത്ര യുദ്ധത്തില്‍ നിന്ന് പിന്‍മാറാനായിരുന്നു താല്‍പര്യം. സ്വന്തം ബന്ധുക്കളെ തന്നെ കൊല്ലുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്.
എന്നാല്‍ നല്ലത് സംഭവിക്കാനും, അര്‍ധമത്തെ ധര്‍മം കൊണ്ട് ജയിക്കാനും പോരാടിയേ തീരൂ എന്ന് ശ്രീകൃഷ്ണനാണ് പറഞ്ഞത്. അതാണ് ഇവിടെ ഞാനും ചെയ്യുന്നത്. അനധികൃത കൈയ്യേറ്റങ്ങളെ പൊളിച്ചുമാറ്റുന്നത് തടാകങ്ങളെ സംരക്ഷിക്കാനാണ്. എന്റെ സര്‍ക്കാരിനെ തന്നെ വീഴ്ത്താന്‍ ശേഷിയുള്ള ഒരുപാട് ആളുകളെ ഞാന്‍ അസംതൃപ്തരാക്കുമെന്ന കാര്യം ഉറപ്പാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ഹൈദരാബാദിനെ സംരക്ഷിക്കുകയെന്ന കടമ ഞങ്ങള്‍ക്കുണ്ട്. മറ്റൊരു ചെന്നൈയോ ഉത്തരാഖണ്ഡോ വയനാടോ ആവാതെ അതിനെ സംരക്ഷിച്ച് നിര്‍ത്തേണ്ടതുണ്ടെന്നും രേവന്ത് വ്യക്തമാക്കി. ഹൈദരാബാദ് മേഖലയില്‍ ഉള്ള അനധികൃതമായ നിര്‍മിച്ച കെട്ടിടങ്ങളെല്ലാം പൊളിക്കാനുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. പ്രത്യേകിച്ച് പരിസ്ഥിതി കൈയ്യേറ്റം അംഗീകരിക്കില്ലെന്നാണ് രേവന്തിന്റെ നിലപാട്.
നാഗാര്‍ജുനയുടെ എന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചതിനെതിരെ താരം രംഗത്ത് വന്നിരുന്നു. എന്നാല്‍ കൈയ്യേറ്റ ഭൂമിയിലാണ് ഇവ നിര്‍മിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. തമ്മിഡികുണ്ട തടാക ഭൂമിയിലാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉള്ളതെന്നാണ് വിശദീകരണം. നേരത്തെ പൊളിക്കല്‍ നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ കോടതി ഉത്തരവിനെ മറികടന്നാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചതെന്ന് നാഗാര്‍ജുന പറഞ്ഞു. അതേസമയം ബഫര്‍ സോണിലാണ് ഈ കെട്ടിടമുള്ളതെന്നും, ഇവിടെ നിര്‍മാണത്തിന് ആര്‍ക്കും അനുമതി നല്‍കാറില്ലെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.












Click it and Unblock the Notifications