ആര്‍ജി കാര്‍ കോളേജ് പ്രിന്‍സിപ്പാളിന് അനുയായി സംഘം, എതിര്‍ക്കുന്നവരെ ഒതുക്കും; വെളിപ്പെടുത്തല്‍
കൊല്‍ക്കത്ത: ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ക്രൂരമായ കാര്യങ്ങള്‍ വെളിപ്പെടുത്തി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും. പ്രിന്‍സിപ്പാളിനെയും അദ്ദേഹത്തിന്റെ അനുയായികളായ ജൂനിയര്‍ ഡോക്ടര്‍മാരെയും പിന്തുണയ്ക്കാത്ത എല്ലാവര്‍ക്കും വലിയ പീഡനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നേരിട്ടിരുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
നേരത്തെ കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടറുടെ പിതാവ് കോളേജിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ മകള്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ പോകാന്‍ പോലും അവള്‍ക്ക് ആഗ്രഹമില്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞ അതേകാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികളും പറയുന്നത്. രണ്ടാം വര്‍ഷത്തില്‍ എനിക്ക് ലഭിച്ചിരുന്ന മാര്‍ക്കുകള്‍ മികച്ചതായിരുന്നു. നല്ല രീതിയില്‍ തന്നെ ഞാന്‍ പഠിച്ചിരുന്നു. എന്നാല്‍ ഹോസ്റ്റലില്‍ കോമണ്‍ റൂം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ അണിചേര്‍ന്നതോടെ എനിക്ക് നേരിടേണ്ടി വന്നത് പീഡനങ്ങളാണ്.
മൂന്നാം വര്‍ഷ പരീക്ഷയില്‍ ഞാന്‍ പരാജയപ്പെട്ടു. ഹോസ്റ്റലില്‍ നിന്ന് എന്നെ സസ്‌പെന്‍ഡ് ചെയ്തു. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചെന്നും ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഇന്റേണ്‍ വെളിപ്പെടുത്തി. ന്യൂസ് 18നോടായിരുന്നു പ്രതികരണം.
സൈക്യാട്രി വാര്‍ഡില്‍ ഞാന്‍ പ്രവേശിപ്പിക്കപ്പെട്ടു, ആത്മഹത്യ ശ്രമിക്കേണ്ടി വന്നു, അതിന് ചികിത്സയും തേടിയെന്ന് ഈ ഇന്റേണ്‍ പറയുന്നു. എന്റെ പേരോ മുഖമോ പോലും പരസ്യമാക്കാന്‍ ഭയമാണ്. പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് സന്ദീപ് ഘോഷ് മാറിയിട്ടുണ്ടാവും. എന്നാല്‍ ഇയാളുടെ അനുയായികള്‍ എല്ലാം ശ്രദ്ധിക്കുന്നുണ്ട്.
ഞാന്‍ മാധ്യമങ്ങളോട് സംസാരിച്ചുവെന്ന് അറിഞ്ഞാല്‍ എന്നെ കോളേജില്‍ പ്രവേശിക്കുന്നത് പോലും അവര്‍ തടയും. എന്റെ കരിയര്‍ അവര്‍ ഇല്ലാതാക്കും. എന്നാല്‍ എത്ര കാലം ഈ ഭീകര സഹിച്ച് ജീവിക്കാനാവുമെന്നും കോളേജിലെ വിദ്യാര്‍ത്ഥി ചോദിച്ചു.
ജൂനിയര്‍ ഡോക്ടര്‍ക്ക് സംഭവിച്ചത് പോലെയുള്ള കാര്യങ്ങള്‍ ആര്‍ക്കും സംഭവിക്കാമെന്നും മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു. സന്ദീപ് ഘോഷിനെ പിന്തുണയ്ക്കുന്നവര്‍ക്ക് മാത്രമാണ് സ്വര്‍ണ മെഡലുകളും ഹൗസ് സ്റ്റാഫ് റോളുകളും നല്‍കുന്നത്. ഏതെങ്കിലും തരത്തില്‍ പ്രതികരിച്ചാല്‍, രാത്രിയിലൊക്കെ ഡ്യൂട്ടി ലഭിക്കും. എല്ലാ വിധ പീഡനങ്ങളും സഹിക്കേണ്ടി വരുമെന്നും ഈ വിദ്യാര്‍ത്ഥി പറഞ്ഞു.
ജൂനിയര്‍ ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിന് ശേഷം പ്രതിഷേധ പ്രകടനം നടത്താനുള്ള തീരുമാനം വേണ്ടെന്നാണ് പ്രിന്‍സിപ്പാളിന്റെ അനുയായികള്‍ പറഞ്ഞു. ഈ സീനിയേഴ്‌സ് പ്രതിഷേധത്തിന്റെ ഭാഗമാകേണ്ടെന്നാണ് പറഞ്ഞതെന്ന് ചെസ്റ്റ് മെഡിസിന്‍ വിദ്യാര്‍ത്ഥി പറഞ്ഞു. പ്രിന്‍സിപ്പാളിന് എന്തൊക്കെയോ ഒളിക്കാനുണ്ട്. ഒന്നുകില്‍ മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമാണ് അദ്ദേഹം. അല്ലെങ്കില്‍ സെക്‌സ് റാക്കറ്റ്.
സിബിഐയാണ് ഇതില്‍ ഉത്തരം പറയേണ്ടത്. പ്രിന്‍സിപ്പാളിനെ മാറ്റാനാവില്ലെന്ന് പറഞ്ഞ് 2021ല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വലി പ്രതിഷേധം തന്നെ നടത്തിയിരുന്നു. അതില്‍ നിന്ന് തന്നെ എന്തോ മറയ്ക്കാനുണ്ടെന്ന് വ്യക്തമാണെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.












Click it and Unblock the Notifications