Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇൻഷുറൻസ് ഇല്ലാതെ വാഹനവുമായി നിരത്തിൽ ഇറങ്ങിയാൽ പണി പാളും? പിഴ അഞ്ചിരട്ടിയായി ഉയരും! നീക്കം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളിൽ ശക്തമായ നടപടികൾ എടുക്കാൻ ഒരുങ്ങി റോഡ് ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി ഇൻഷുറൻസിൽ ഉൾപ്പെടെ കാര്യമായ നിയന്ത്രണങ്ങൾ കൊണ്ട് വരാനും പിഴത്തുക ഉൾപ്പെടെ കൂട്ടാനുമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ വാഹന ഉടമകൾ ഇൻഷുറൻസിനെ സമീപിക്കുന്ന രീതിയെ അടിസ്ഥാനപരമായി മാറ്റാൻ കഴിയുന്ന നിർദ്ദേശങ്ങളാണ് റോഡ് ഗതാഗത മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടോർ വാഹന നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതോടെ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ പിഴ ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത് നിലവിലെ പിഴകളിൽ നിന്ന് വളരെ അധികമായിരിക്കും. റോഡുകളിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ മൂലമുണ്ടാവുന്ന വർധിച്ചുവരുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

vehicleinsurance

ഇതിൽ നിബന്ധനകളുണ്ട്. ആദ്യഘട്ടത്തിൽ ഇത്തരത്തിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനം നിരത്തിൽ ഇറക്കുന്നവർക്ക് അടിസ്ഥാന ഇൻഷുറൻസ് തുകയുടെ മൂന്നിരട്ടിയാവും അടക്കേണ്ടി വരിക. മറിച്ച് ഇത് ആവർത്തിച്ചാൽ പിഴത്തുക അഞ്ചിരട്ടിയായി ഉയരും. ഇതോടെ രാജ്യത്തെ ജനങ്ങൾ വാഹന ഇൻഷുറൻസ് എടുക്കാൻ കൂടുതൽ താൽപര്യം എടുക്കുമെന്നാണ് സർക്കാരും മന്ത്രാലയവും പ്രതീക്ഷിക്കുന്നത്.

ഇപ്പോഴത്തെ നിയമ പ്രകാരം ആദ്യ തവണത്തെ കുറ്റത്തിന് 2000 രൂപയാണ് പിഴ. പിന്നീട് കുറ്റം ആവർത്തിച്ചാൽ 4000 രൂപയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ നൽകുക. എന്നാൽ മന്ത്രാലയത്തിന്റെ ഭേദഗതി പ്രകാരം, നിയമലംഘകർ ആദ്യതവണ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്നിരട്ടിയും കുറ്റം ആവർത്തിച്ചാൽ അഞ്ചിരട്ടിയും അടയ്‌ക്കേണ്ടതായി വരും.

സാധാരണഗതിയിൽ എഐ ക്യാമറകൾ, അല്ലെങ്കിൽ ചെക്കിങ്ങുകൾ എന്നിവയിൽ ഭൂരിഭാഗവും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പോലെയുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ ഇൻഷുറൻസ് വിഷയത്തിൽ അത്രത്തോളം ശുഷ്‌കാന്തി കാട്ടിയിരുന്നില്ല. എന്നാൽ വാഹനാപകടങ്ങൾ കൂടുമ്പോൾ ഇത്തരം ഇൻഷുറൻസ് ഇല്ലാ വാഹനങ്ങൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്.

അതുപോലെ തന്നെ വേഗപരിധിയെക്കുറിച്ചുള്ള ദീർഘകാലമായി നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ദേശീയപാതകളിലെയും എക്‌സ്പ്രസ് വേകളിലെയും വേഗപരിധി കേന്ദ്രം നിശ്ചയിക്കണമെന്ന നിർദ്ദേശവും മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന പാതകളിലെയും മറ്റ് റോഡുകളിലെയും വേഗപരിധി സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്നും മന്ത്രാലയം നിർദേശിക്കുന്നു.

ഇതിൽ നില നിൽക്കുന്ന ആശയക്കുഴപ്പം മൂലം പലപ്പോഴും ഡ്രൈവർമാർക്ക് പിഴ കിട്ടുന്നത് സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. കേന്ദ്രം നിശ്ചയിക്കുന്ന വേഗ പരിധിയിൽ നിന്നും സംസ്ഥാനം വ്യത്യസ്‌ത പരിധി നിശ്ചയിക്കുന്നത് കൊണ്ട് കൂടിയാണ് ഇത്തരമൊരു ആശങ്ക നിലവിലുണ്ടായിരുന്നത്. ഇതിലാണ് ഇപ്പോൾ മന്ത്രാലയം ഇടപെടുന്നത്.

ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും കർശന നിയന്ത്രണങ്ങൾക്ക് നിർദ്ദേശം മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ലൈസൻസ് പുതുക്കാൻ നിർബന്ധിത ടെസ്‌റ്റ് ഏർപ്പെടുത്തുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

നിലവിൽ ഈ ഭേദഗതികളും നിർദ്ദേശങ്ങളും മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം അറിയാനായി കൈമാറിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം. തുടർന്ന് മന്ത്രിസഭ കൂടി അംഗീകരിച്ചാൽ ഇക്കാര്യത്തിൽ പ്രഖ്യാപനം ഔദ്യോഗികമായി നടത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+