ബെംഗളൂരു നഗരത്തിലെ വൈറ്റ് ടോപ്പിംഗ്; വേഗത്തിലാക്കാൻ 16 എഞ്ചിനീയർമാർ, 500 കി.മി 2028ൽ പൂർത്തിയാക്കും
ബെംഗളൂരു: നഗരം അടുത്തകാലത്തായി ഏറ്റവും അധികം പുരോഗതി കൈവരിച്ചത് ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിലാണെന്ന് നിസംശയം പറയാം. ഇപ്പോഴിതാ 2028-ഓടെ ബെംഗളൂരു നഗരത്തിലെ ഏകദേശം 500 കിലോമീറ്റർ റോഡുകൾ 'വൈറ്റ് ടോപ്പ്' ചെയ്യാൻ ലക്ഷ്യമിടുന്ന, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ ഭാഗമായി ബി-സ്‌മൈൽ വമ്പൻ നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ്.
ഇതിനായി അവർ ഏറ്റവും അധികം നേരിടുന്നത് എഞ്ചിനീയർമാരുടെ കുറവ് തന്നെയാണ്. ഇതൊരു പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നിർബന്ധിത അനുമതികളും സമയമെടുക്കുന്ന യൂട്ടിലിറ്റികൾ മാറ്റിവയ്ക്കലും കൂടാതെ, ജോലികൾക്ക് നിരീക്ഷണത്തിനായി എഞ്ചിനീയർമാർ ഇല്ലാത്തതും പദ്ധതികളുടെ നടത്തിപ്പിന് കാലതാമസമുണ്ടാക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

എന്നാൽ ഇനി അത്തരമൊരു പരാതിക്ക് ഇട നൽകാതെ നടപടികൾ വേഗത്തിലാക്കാൻ ഇപ്പോൾ അധികൃതർ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സമയബന്ധിത പൂർത്തീകരണവും നിശ്ചിത നിലവാരവും ഉറപ്പാക്കാൻ, ബി-സ്‌മൈൽ 16 എഞ്ചിനീയർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഒരുങ്ങുകയാണ്. നഗരത്തിലുടനീളമുള്ള വൈറ്റ് ടോപ്പിംഗ് ജോലികളുടെ മേൽനോട്ടമാണ് ഇവരുടെ പ്രധാന ചുമതല.
'നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈറ്റ് ടോപ്പിംഗ് ജോലികൾ പുരോഗമിക്കുകയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ അവ പൂർത്തിയാക്കാൻ ഞങ്ങൾ ലക്ഷ്യമിടുമ്പോഴും, വിവിധ വകുപ്പുകളുടെ അനുമതികൾ, യൂട്ടിലിറ്റി മാറ്റിവയ്ക്കൽ, മറ്റ് അപ്രതീക്ഷിത പ്രശ്‌നങ്ങൾ എന്നിവ കാരണം കാലതാമസം നേരിടുന്നു' എന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
'ചിലപ്പോൾ റോഡുകൾ കുഴിച്ച് കഴിഞ്ഞാൽ മാത്രമാണ് യഥാർത്ഥ പ്രശ്‌നങ്ങൾ പുറത്തുവരുന്നത്. സൈറ്റിൽ പ്രത്യേക എഞ്ചിനീയർമാർ ഉള്ളത് ഇത്തരം പ്രതിസന്ധികൾ വേഗത്തിൽ പരിഹരിച്ച് പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ കാര്യമായ മാറ്റങ്ങളാണ് ബെംഗളൂരുവിലെ വൈറ്റ് ടോപ്പിംഗ് ജോലികളിൽ വരാൻ പോവുന്നത്.
അടുത്തിടെ ബിബിഎംപി കോട്ടൺപേട്ടിൽ വൈറ്റ് ടോപ്പിംഗ് ജോലികൾ തുടങ്ങിയപ്പോൾ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു മഴവെള്ള പാത്തി കണ്ടെത്തുകയുണ്ടായി. ഖനനത്തിനിടെ പാത്തി തകരുകയും, ഇത് പദ്ധതിക്ക് കാര്യമായ കാലതാമസമുണ്ടാക്കുകയും ചെയ്‌തിരുന്നു. ഇതോടെയാണ് കഴിവുറ്റ എഞ്ചിനീയർമാരുടെ സാങ്കേതിക സഹായം കൂടി പദ്ധതികൾക്ക് ഉറപ്പാക്കാൻ അധികൃതർ നടപടി തുടങ്ങിയത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കീഴിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ അർബൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ സമാന പദ്ധതികൾ നടപ്പാക്കിയ പരിചയമുള്ള 16 എഞ്ചിനീയർമാരെ നിയമിക്കാനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. ഇവരിൽ നാലുപേരെ ജൂനിയർ എഞ്ചിനീയർമാരായും 12 പേരെ അസിസ്‌റ്റന്റ് എഞ്ചിനീയർമാരായുമായിരിക്കും നിയമിക്കുക.












Click it and Unblock the Notifications