'യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കണം', കേന്ദ്രത്തോട് കോൺഗ്രസ് എംപിമാർ
ദില്ലി: റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുളള കോൺഗ്രസ് എംപിമാർ. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് അടക്കമുളള എംപിമാർ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. റഷ്യ യുദ്ധം ആരംഭിച്ചതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി പോയ വിമാനത്തിന് യുക്രൈനിൽ ഇറങ്ങാൻ സാധിക്കാതെ തിരിച്ച് പോരേണ്ടി വന്നിരുന്നു. ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങിയിരിക്കുന്നത്.
കെസി വേണുഗോപാൽ എംപിയുടെ പ്രതികരണം: '' യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് വിദേശകാര്യ മന്ത്രിയോടാവശ്യപ്പെട്ടു. പഠനം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് രണ്ടായിരത്തോളം മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇപ്പോഴും യുക്രൈയിനിൽ തന്നെ തുടരുകയാണ്. ഇവരുടെ സുരക്ഷാ സംബന്ധിച്ചു രക്ഷിതാക്കളുടെ ആശങ്കകൾ കണക്കിലെടുത്തു അടിയന്തിര ഇടപെടൽ നടത്തണമെന്നും മടങ്ങിവരാൻ താല്പര്യപെടുന്നവരെ രക്ഷാദൗത്യത്തിൽ ഉൾപെടുത്തി മടക്കി കൊണ്ടുവരാൻ നടപടിയെടുക്കണമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനയച്ച കത്തിൽ ആവശ്യപ്പെട്ടു.
യുദ്ധത്തെ തുടർന്ന് യുക്രൈൻ വ്യോമപാത അടച്ചിരിക്കുന്ന സാഹചര്യത്തിൽ മറ്റു മാർഗങ്ങൾ കണ്ടെത്തി രക്ഷാ ദൗത്യം ഊർജ്ജിതപ്പെടുത്തണം. യുദ്ധം മൂർച്ഛിച്ചിരിക്കുന്ന സാഹചര്യത്തിൽ ആശങ്കകൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ പൗരന്മാർ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന വിഡിയോകളും യുദ്ധമുഖത്തെ ചിത്രങ്ങളും ആശങ്കയേറ്റുന്നു. മടങ്ങിവന്നാൽ തിരികെ പോയി പഠനം പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്ക കാരണമാണ് മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ഇപ്പോഴും യുക്രൈനിൽ തുടരുന്നത്. ഈ സാഹചര്യത്തിൽ അവിടെ തങ്ങുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും മറ്റുള്ളവർക്ക് സുരക്ഷിതമായ ആകാശപാതയിലൂടെ മടങ്ങിവരവിനുള്ള അവസരവും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു .

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' റഷ്യ - ഉക്രെയിൻ സംഘർഷം കേന്ദ്ര സർക്കാർ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും, ഉക്രെയിനിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ ഇപ്പോൾ അവിടെ തുടരേണ്ട അടിയന്തിര ആവശ്യം ഇല്ലാത്തവരോട് ഇന്ത്യയിലേക്ക് താൽകാലികമായി മടങ്ങി വരുന്നത് പരിഗണിക്കാനും നിർദേശിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ഈ വിഷയത്തിൽ ഞാൻ നൽകിയ കത്തിന് മറുപടിയായി അറിയിച്ചു. കേന്ദ്ര വിദേശ കാര്യ വകുപ്പ് വ്യോമയാന വകുപ്പുമായും വിവിധ വിമാനക്കമ്പനികളുമായും ഇന്ത്യയിലെയും ഉക്രെയിനിലെയും വിവിധ നഗരങ്ങൾ തമ്മിലുള്ള വിമാന സർവീസുകൾ ഇന്ത്യൻ വിദ്യാർത്ഥികളുടെയും മറ്റ് ഇന്ത്യൻ പൗരന്മാരുടെയും ആവശ്യത്തിന് അനുസൃതമായി വർധിപ്പിക്കാനായി ശ്രമിക്കുന്നതായും കത്തിലൂടെ അറിയിച്ചു.
ഭീതി വിതച്ച് യുക്രെയിൻ - റഷ്യ സംഘർഷം, നടുക്കുന്ന ചിത്രങ്ങൾ, ആശങ്കയോടെ ലോകം
ഉക്രേനിയൻ ഇന്റർനാഷണൽ എയർലൈൻസിലൂടെ ഇപ്പോൾ ഉക്രെയിനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര ടിക്കറ്റു ബുക്ക് ചെയ്യാമെന്നും കത്തിൽ വിദേശകാര്യ മന്ത്രാലയവും വിശദീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നിലവിൽ വന്നുവെന്നും, ഉക്രെയിനിലെ ഇന്ത്യൻ എംബസി സാധാരണ നിലയിൽ തന്നെ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നും കത്തിൽ വിശദമാക്കി. ഉക്രെയിനിൽ നിന്ന് തിരികെ ഇന്ത്യയിലേക്കു വരുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം നൽകണമെന്ന ആവശ്യം ഉക്രെയിനിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട സർവകലാശാലകൾക്ക് മുന്നിൽ ഉന്നയിക്കുമെന്നും, വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
Recommended Video
യുദ്ധസമാനമായ സാഹചര്യത്തിലേക്ക് എത്തിച്ചേരുമ്പോൾ, ഉക്രെയിനിൽ താമസിക്കുന്ന മലയാളികളായ വിദ്യാർഥികളുൾപ്പെടെയുള്ളവരെ അടിയന്തിരമായി തിരികെ എത്തിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ട നടപടികൾ കേന്ദ്ര സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കറിനും സഹമന്ത്രി വി മുരളീധരനും കത്തു നൽകിയിരുന്നു. കേരളത്തിൽ നിന്നുള്ള അനവധി വിദ്യാർത്ഥികളാണ് ഉക്രെയിനിലെ വിവിധ മെഡിക്കൽ കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്നത്, ഇവരുടെ സുരക്ഷ, കേന്ദ്ര സർക്കാറിന്റെ പ്രഥമ പരിഗണനയാകണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications