യുഎന്നിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ജയശങ്കർ; 'ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം'
ന്യൂഡൽഹി: ഐക്യരാഷ്ട്ര പൊതുസഭയുടെ 81ാം സമ്മേളനത്തിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ ഭീകരവാദത്തെ തുടർച്ചയായി പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണെന്ന് ആരോപിച്ച ജയശങ്കർ, പൊതുസഭയിൽ വസ്‌തുതകളെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പറഞ്ഞു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വെള്ളിയാഴ്‌ച നടത്തിയ പ്രസംഗത്തെ പരാമർശിച്ചായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
പാകിസ്ഥാന്റെ പേര് നേരിട്ട് പറയാതെയായിരുന്നു ജയശങ്കറിന്റെ പരാമർശം. ഭീകരവാദത്തെ സാധാരണ നിലയിലുള്ള ഒന്നായി ചിത്രീകരിക്കാനും അതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഒഴിവാകാനും ശ്രമം നടന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശം ഉപയോഗിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി. ഭീകരവാദത്തിനൊപ്പം സൗഹൃദത്തിനും നല്ല ബന്ധങ്ങൾക്കും മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാധാനത്തിന് മുന്നിലുള്ള സ്ഥിരമായ ഭീഷണികളിലൊന്നാണ് ഭീകരവാദമെന്നും ജയശങ്കർ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് സർക്കാർ തലത്തിലുള്ള പിന്തുണ ലഭിക്കുന്ന സാഹചര്യം ആഗോള ക്രമത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാരുകൾ ഉത്തരവാദികളാക്കപ്പെടണമെന്നും ഭീകരവാദത്തോടുള്ള വിട്ടുവീഴ്‌ചയില്ലാത്ത സമീപനത്തിൽ മാറ്റമുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരവാദത്തിന് ലഭിക്കുന്ന സാമ്പത്തിക പിന്തുണ കണ്ടെത്തി തടയണമെന്നും ജയശങ്കർ പറഞ്ഞു.
കഴിഞ്ഞ ദിവസം യുഎൻ പൊതുസഭയിൽ സംസാരിച്ച ഷഹബാസ് ഷെരീഫ് 2025 മെയ് മാസത്തിലെ ഇന്ത്യ പാകിസ്ഥാൻ സൈനിക സംഘർഷത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ തെറ്റായ കാരണത്തിന്റെ പേരിലുള്ള ബാഹ്യ ആക്രമണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഐക്യരാഷ്ട്ര ചാർട്ടറിലെ 51ാം വകുപ്പ് പ്രകാരം പാകിസ്ഥാൻ സ്വയം പ്രതിരോധിക്കാനുള്ള അവകാശമാണ് ഉപയോഗിച്ചതെന്നും ഷെരീഫ് അവകാശപ്പെട്ടു.
പാകിസ്ഥാൻ സൈന്യത്തെയും ഷെരീഫ് പ്രശംസിച്ചു. സംഘർഷത്തിനിടെ പാകിസ്ഥാൻ സൈന്യം ഇന്ത്യയുടെ ആക്രമണങ്ങളെ നേരിടുകയും തിരിച്ചടി നൽകുകയും ചെയ്‌തുവെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമയോചിതമായി ഇടപെട്ടെന്നും ഷെരീഫ് പ്രസംഗത്തിൽ പറഞ്ഞു. പിന്നീട് ട്രംപ് ഷെരീഫിന്റെ പ്രസംഗത്തിലെ 87 സെക്കൻഡ് ദൈർഘ്യമുള്ള ഭാഗം സ്വന്തം സാമൂഹികമാധ്യമ അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്‌തിരുന്നു.
2025 ഏപ്രിൽ 22ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. 2025 മെയ് 7ന് പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ നടപടി. പിന്നീട് സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നടത്തിയ ഇടപെടലിനെക്കുറിച്ചുള്ള അവകാശവാദം ഇന്ത്യ അംഗീകരിച്ചിട്ടില്ല.
ഇന്ത്യയുടെ നിലപാടനുസരിച്ച് പാകിസ്ഥാൻ സൈന്യത്തിലെ ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ഇന്ത്യൻ സൈന്യത്തിലെ സമാന ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടതിനെ തുടർന്നാണ് വെടിനിർത്തൽ സംബന്ധിച്ച ധാരണ ഉണ്ടായത്. എന്നാൽ ട്രംപ് ഇക്കാര്യത്തിൽ നിരന്തരം അവകാശവാദങ്ങൾ ഉന്നയിച്ചു രംഗത്ത് വന്നിരുന്നു.
അതിനിടെ ഷഹബാസ് ഷെരീഫിന്റെ പ്രസംഗത്തിൽ കശ്‌മീർ വിഷയവും സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉന്നയിച്ചിരുന്നു. ഇന്ത്യ സിന്ധു നദിയിലെ പാകിസ്ഥാന്റെ ജലവിഹിതം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌താൽ അത് യുദ്ധപ്രവർത്തനമായി കണക്കാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു.


Click it and Unblock the Notifications
