ബ്രാ ധരിച്ച് മംഗള്‍സൂത്ര പരസ്യം, ഹിന്ദുവിനെതിര്, പിന്‍വലിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് മന്ത്രി
ദില്ലി: ഡിസൈനര്‍ സഭ്യസാചി മുഖര്‍ജിയുടെ മംഗള്‍സൂത്ര പരസ്യത്തില്‍ വിവാദം കടുക്കുന്നു. ഇവര്‍ അടുത്തിടെ റോയല്‍ ബംഗാള്‍ മംഗള്‍സൂത്ര എന്ന ആഭരണ കളക്ഷന്‍ സഭ്യസാചി പുറത്തിറക്കിയിരുന്നു. ഇതിന്റെ പരസ്യ ചിത്രങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഇവര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ഒരു യുവതി ബ്രാ ധരിച്ച് താലിമാല ചാര്‍ത്തി നില്‍ക്കുന്നതായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഹിന്ദു സ്ത്രീകള്‍ വിവാഹ സമയത്ത് അണിയുന്ന വിശുദ്ധമായ ഒന്നാണ് താലിയെന്നും അതിങ്ങനെ മോശമായ രീതിയില്‍ കാണിക്കാനുള്ളതല്ലെന്നും വിമര്‍ശനമുയര്‍ന്നു. സബ്യസാചിയുടെ പേര് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കണമെന്നും പ്രചാരണമുണ്ടായിരുന്നു. നഗ്നതാ പ്രദര്‍ശനമാണെന്ന് വരെ സൈബര്‍ പോരാളികള്‍ ആരോപിച്ചിരുന്നു.

നിരവധി പേര്‍ താലിമാല പവിത്രമാണെന്ന തരത്തില്‍ സബ്യസാച്ചിക്ക് കാര്യങ്ങള്‍ പഠിപ്പിച്ച് കൊടുക്കുന്നതും കമന്റില്‍ കാണാം. ഒരു ആഭരണത്തെ കാണിക്കാന്‍ ഇത്രയും മോശം വഴി വേണോ എന്നും ചിലര്‍ ചോദിച്ചിരുന്നു. അതേസമയം വിവാദം രാഷ്ട്രീയ പോരിനും വേദിയായിരിക്കുകയാണ്. സബ്യസാചിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. എത്രയും പെട്ടെന്ന് ഈ പരസ്യം പിന്‍വലിക്കണമെന്നാണ് മിശ്ര ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരസ്യം ഹിന്ദുവിരുദ്ധവും മതത്തെ അവഹേളിക്കുന്നതുമാണെന്ന് മിശ്ര പറഞ്ഞു. ബിജെപി കടുത്ത നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
24 മണിക്കൂറിനുള്ളില്‍ ഈ പരസ്യം പിന്‍വലിച്ചില്ലെങ്കില്‍ സഭ്യസാചിക്കെതിരെ നിയമനടപടി സ്വീകരിക്കും. കേസിന്റെ പിന്നാലെ അദ്ദേഹം നടക്കേണ്ടി വരുമെന്നും നരോത്തം മിശ്ര പറഞ്ഞു. ഹിന്ദുത്വത്തെ അപമാനിക്കുന്നതാണ് ഈ പരസ്യം. കഴിഞ്ഞ ദിവസം ഈ പരസ്യം ഞാന്‍ കണ്ടിരുന്നു. താലിമാലയിലെ മഞ്ഞ ഭാഗം പാര്‍വതി ദേവിയെ സൂചിപ്പിക്കുന്നത്. കറുത്ത ഭാഗം ശിവ ഭഗവാനെയും. വൈവാഹിക ജീവിതത്തിലെ പൊരുത്തത്തെയും സന്തോഷത്തെയുമാണ് താലിമാല സൂചിപ്പിക്കുന്നത്. ഈ പരസ്യത്തിനെ ഞാന്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതാണ്. ഇപ്പോള്‍ സഭ്യസാചി മുഖര്‍ജി ഈ പരസ്യം പിന്‍വലിക്കണമെന്നും മിശ്ര ആവശ്യപ്പെട്ടു.
നേരത്തെ മഹാരാഷ്ട്ര ബിജെപിയുടെ ലീഗല്‍ അഡൈ്വസറായ അശുതോഷ് ദുബെയും സഭ്യസാചിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. അര്‍ധനഗ്നരായ മോഡലുകള്‍ താലിമാലാ പരസ്യത്തില്‍ ഉപയോഗിച്ചുവെന്നാണ് ഇയാള്‍ നോട്ടീസില്‍ ഉന്നയിക്കുന്നത്. താലിമാല ഇന്ത്യയില്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നത് മതപരമായ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ്. അതിനൊരു ശാസ്ത്രീയമായ ന്യായീകരണം കൂടിയുണ്ട്. നിങ്ങളുടെ പരസ്യത്തില്‍ സ്വവര്‍ഗാനുരാഗികള്‍ അത് ധരിക്കുന്നതാണ് ഉള്ളത് സ്ത്രീകള്‍ വസ്ത്രത്തിന്റെ ഉള്ളില്‍ ധരിക്കുന്നതാണ്. ഇതെല്ലാം ഒരു മതത്തിന്റെ വികാരത്തെ ഹനിക്കുന്നതാണെന്നും നോട്ടീസില്‍ പറയുന്നു. സഭ്യസാചി വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications