കോണ്‍ഗ്രസ് ചീഫായി സ്ഥാനമേല്‍ക്കാന്‍ സച്ചിന്‍
ദില്ലി: രാജസ്ഥാനിലെ കോണ്‍ഗ്രസ് അധ്യക്ഷനായി കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് ചൊവ്വാഴ്ച സ്ഥാനമേല്‍ക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുരുദാസ് കാമത്തിന്റെ സാന്നിധ്യത്തിലായിരിക്കും സച്ചിന്‍ സംസ്ഥാന പ്രസിഡണ്ടിന്റെ ചുമതലയേല്‍ക്കുക. സംഗാനീല്‍ വിമാനത്താവളത്തിലെത്തുന്ന സച്ചിനെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ റോഡ് ഷോയുടെ അകമ്പടിയോടെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണി നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. യുവനേതാക്കളില്‍ ശ്രദ്ധേയനായ സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ അടുത്തായാളായാണ് അറിയപ്പെടുന്നത്.

കേന്ദ്രമന്ത്രിസഭയിലെ കോര്‍പറേറ്റ് കാര്യമന്ത്രിയാണ് 36കാരനായ സച്ചിന്‍ പൈലറ്റ്. രാജസ്ഥാന്‍ പി സി സി അധ്യക്ഷ സ്ഥാനമേറ്റാലും സച്ചിന്‍ പൈലറ്റ് കോര്‍പറേറ്റ് കാര്യ മന്ത്രിസ്ഥാനം വിടില്ല എന്നാണ് അറിയുന്നത്. ഉത്തര്‍പ്രദേശുകാരനായ സച്ചിന്‍ രാജസ്ഥാനിലെ അജ്മീര്‍ മണ്ഡലത്തില്‍ നിന്നുമാണ് ലോക്‌സഭയിലെത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജേഷ് പൈലറ്റിന്റെ മകനാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിന്റെ കഴിവും ഊര്‍ജ്ജസ്വലതയും രാജസ്ഥാനില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പി സി സി പ്രസിഡണ്ട് ചന്ദ്രാഭന്‍ തോറ്റിരുന്നു. 200 അംഗ സഭയില്‍ വെറും 21 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്.












Click it and Unblock the Notifications