ആശുപത്രി വിട്ടതും സെയ്‌ഫ് അലി ഖാനെ തേടി മറ്റൊരു മോശം വാർത്ത; 15,000 കോടിയുടെ സ്വത്ത് നഷ്‌ടമാവും?
ന്യൂഡൽഹി: നടൻ സെയ്‌ഫ് അലി ഖാന്റെ കുടുംബ സ്വത്തുക്കൾ കേന്ദ്രം ഏറ്റെടുത്തേക്കും. ഏകദേശം 15000 കോടി രൂപയോളം മൂല്യം വരുന്ന സ്വത്തുക്കൾ കോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലേക്ക് വരുന്നത്. മധ്യപ്രദേശിലെ പട്ടൗഡി കുടുംബത്തിന്റെ സ്വത്തുവകകളാണ് ഇത്. ഇതിൽ ഭൂരിഭാഗവും ഭോപ്പാൽ നഗരത്തിലുള്ളവയാണ് എന്നാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
1968ലെ എനിമി പ്രോപ്പർട്ടി ആക്‌ട് പ്രകാരം പൂർവിക സ്വത്തുക്കൾ ഏറ്റെടുക്കുന്നതിന് നൽകിയിരുന്ന സ്‌റ്റേ മധ്യപ്രദേശ് ഹൈക്കോടതി നീക്കിയതോടെയാണ് പുതിയ സംഭവ വികാസം. 1947ലെ വിഭജനത്തിനുശേഷം പാക്കിസ്ഥാനിലേക്ക് കുടിയേറിയ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കേന്ദ്ര സർക്കാരിന് അവകാശപ്പെടാവുന്ന പ്രത്യേക നിയമമാണ് ഇത്.

2024 ഡിസംബർ 13-ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പട്ടൗഡി കുടുംബത്തോട് 30 ദിവസത്തിനകം അപ്പീൽ അതോറിറ്റിക്ക് മുന്നിൽ തങ്ങളുടെ ഭാഗം ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടുംബം ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചോ എന്നത് വ്യക്തമല്ല. എനിമി പ്രോപ്പർട്ടി ആക്‌ട് പ്രകാരം ഇതോടെ സ്വത്തുവകൾ സർക്കാരിന് ഏറ്റെടുക്കാനുള്ള അവസരമാണ് കൈവരുന്നത്.
നിലവിലെ അവ്യക്തമായ സാഹചര്യം കാരണം ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഭോപ്പാൽ ജില്ലാ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും ഹൈക്കോടതി ഉത്തരവിന് ശേഷം മാത്രമേ നടപടിയുണ്ടാകൂവെന്ന് ഭോപ്പാൽ കളക്‌ടർ കൗശലേന്ദ്ര വിക്രം സിംഗ് വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
എന്താണ് ഏറ്റെടുക്കലിലേക്ക് നയിക്കുന്ന കേസ്?
മുംബൈ ആസ്ഥാനമായുള്ള എനിമി പ്രോപ്പർട്ടി കസ്‌റ്റോഡിയൻ ഓഫീസ് 2015ൽ ഭോപ്പാലിലെ നവാബിനെ സർക്കാർ സ്വത്തായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പട്ടൗഡി കുടുംബം കോടതിയെ സമീപിച്ചു. സെയ്‌ഫ് അലി ഖാൻ, മാതാവ് ഷർമിള ടാഗോർ, സഹോദരിമാരായ സോഹ അലി ഖാൻ, സബ അലി ഖാൻ, മൻസൂർ അലി ഖാൻ പട്ടൗഡിയുടെ സഹോദരി സബിഹ സുൽത്താൻ എന്നിവർഉൾപ്പെട്ട കേസ് 2015-ൽ ഹൈക്കോടതി വാദം കേൾക്കാൻ തുടങ്ങിയിരുന്നു.
ഫ്ലാഗ് ഹൗസ്, അഹമ്മദാബാദ് പാലസ് എന്നിവ ഉൾപ്പെടുന്ന ഭോപ്പാലിലും റെയ്‌സണിലും പട്ടൗഡി കുടുംബം തങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. ഊർ-ഇ-സബ, ഫ്‌ളാഗ് ഹൗസ്, ദാർ-ഉസ്-സലാം, ഫോർ ക്വാർട്ടേഴ്‌സ്, ന്യൂ ക്വാർട്ടേഴ്‌സ്, ഫർസ് ഖാന, കൊഹിഫിസ, അഹമ്മദാബാദ് കൊട്ടാരം എന്നിവയിലാണ് കുടുംബം അവകാശവാദം ഉന്നയിച്ചത്.
1947-ൽ ഭോപ്പാൽ ഒരു നാട്ടുരാജ്യമായിരുന്നു, അവിടുത്തെ അവസാന നവാബ് നവാബ് ഹമീദുള്ള ഖാൻ ആയിരുന്നു, മൻസൂർ അലി ഖാൻ പട്ടൗഡിയുടെ മാതൃപിതാമഹനായിരുന്നു അദ്ദേഹം. നവാബ് ഹമീദുള്ള ഖാന് മൂന്ന് പെൺമക്കളുണ്ടായിരുന്നു, അതിൽ മൂത്തവളായ ആബിദ സുൽത്താൻ 1950-ൽ പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. എന്നാൽ രണ്ടാമത്തെ മകൾ ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. അവരാണ് സെയ്‌ഫിന്റെ മുൻതലമുറ.
അതേസമയം, ബാന്ദ്രയിലെ വീട്ടിൽ ഒരാൾ അതിക്രമിച്ച് കടന്ന് നടത്തിയ ആക്രമണത്തിൽ സാരമായി പരിക്കേറ്റ നടൻ സെയ്‌ഫ് അലി ഖാൻ ഇന്നലെയാണ് ആശുപത്രി വിട്ടത്. ആക്രമിയെ തടയുന്നതിനിടെ നടന് ആറ് തവണ കുത്തേറ്റിരുന്നു. ഇതിനിടയിലാണ് പാരമ്പര്യ സ്വത്തിൽ 15,000 കോടി നഷ്‌ടമാവുന്നു എന്ന വാർത്താ കൂടി താരത്തെ തേടി എത്തുന്നത്.












Click it and Unblock the Notifications