സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി; ഇക്കുറി വാട്‌സ്ആപ്പിലൂടെ, 'കാർ ബോംബ് വച്ച് തകർക്കും'
മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈയിലെ വോർലിയിലെ ഗതാഗത വകുപ്പിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. വീട്ടിൽ കയറി നടനെ കൊല്ലുമെന്നും കാർ ബോംബ് വെച്ച് തകർക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. താരത്തിന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് വെടിവെപ്പ് നടന്ന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് പുതിയ ഭീഷണി ഉണ്ടായിരിക്കുന്നത്.
സംഭവത്തെ തുടർന്ന് വോർളി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഭീഷണിയുടെ ഉറവിടവും ആധികാരികതയും അധികൃതർ നിലവിൽ അന്വേഷിച്ചുവരികയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബോളിവുഡ് നടന് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് നേരിട്ടും അല്ലാതെയും നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്.

അതിനോട് ചേർത്തുവയ്ക്കാൻ കഴിയുന്നതാണോ പുതിയ സംഭവ വികാസമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബിഷ്‌ണോയി സമുദായത്തിനെ സംബന്ധിച്ച് മതപരമായ പ്രാധാന്യമുള്ള മൃഗമായ കൃഷ്‌ണമൃഗ വേട്ട കേസിൽ സൽമാൻ ഖാനും പങ്കുണ്ടെന്ന് ആരോപിച്ചാണ് സംഘം അദ്ദേഹത്തെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
മുൻപ് 2024ൽ കൃഷ്‌ണമൃഗത്തെ വേട്ടയാടിയതിന് ഒരു ക്ഷേത്രം സന്ദർശിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് ബിഷ്‌ണോയി സംഘത്തിൽ നിന്ന് സൽമാൻ ഖാന് പുതിയൊരു ഭീഷണി ലഭിച്ചു. ഒക്ടോബർ 30ന്, രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒരു അജ്ഞാത വ്യക്തി വീണ്ടും നടനെ ഭീഷണിപ്പെടുത്തിയിരുന്നു.
വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സൽമാൻ ഖാന്റെ പൻവേലിലെ ഫാംഹൗസിലേക്ക് രണ്ട് വ്യക്തികൾ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. 2023ലും ഗുണ്ടാസംഘ തലവൻ ഗോൾഡി ബ്രാർ അയച്ചതായി പറയപ്പെടുന്ന ഒരു ഭീഷണി ഇമെയിൽ ലഭിച്ചു. അതേസമയം 2022ൽ, നടനെ ഭീഷണിപ്പെടുത്തുന്ന ഒരു കത്ത് അദ്ദേഹത്തിന്റെ വസതിക്ക് സമീപമുള്ള ഒരു ബെഞ്ചിൽ നിന്ന് കണ്ടെത്തിയിരുന്നു.
പതിവായി ഇത്തരം ഭീഷണികൾ വന്ന സാഹചര്യത്തിൽ സൽമാൻ ഖാന് ചുറ്റുമുള്ള സുരക്ഷ മുമ്പ് പലതവണ കർശനമാക്കിയിരുന്നു. നേരത്തെ സൽമാൻ ഖാനുമായി അടുപ്പം വച്ചു പുലർത്തിയിരുന്ന ബാബ സിദ്ദിഖി കൊല്ലപ്പെട്ടിരുന്നു. മരണവാര്‍ത്തയറിഞ്ഞ സല്‍മാന്‍ ഖാന്‍, ബിഗ് ബോസ് റിയാലിറ്റിഷോയുടെ ചിത്രീകരണം നിര്‍ത്തിവെച്ചാണ് മുംബൈ ലീലാവതി ആശുപത്രിയിലെത്തിയത്.
സിദ്ദിഖിയുടെ മരണം സല്‍മാനെ തളര്‍ത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ തന്നെ പറഞ്ഞത്. സല്‍മാന്റെ വസതിയിലെ പതിവ് സന്ദര്‍ശകരായിരുന്നു ബാബാ സിദ്ദിഖിയും മകന്‍ സീഷാനും. നിലവിലെ വധഭീഷണിയോട് കൂടി സൽമാന്റെ സുരക്ഷാ കൂടുതൽ വർധിപ്പിച്ചേക്കും എന്നാണ് ലഭ്യമായ വിവരം. വിഷയത്തിൽ സൽമാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications