സല്‍മാന്‍ ഖാന്‍ ബിഗ് ബോസ് ഷൂട്ടിങ് റദ്ദാക്കി? ബാബ സിദ്ദിഖിയുമായുള്ള താരത്തിന്റെ ബന്ധം എന്ത്
മുംബൈ: എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകം മുംബൈയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ സിദ്ദിഖിയും ബോളിവുഡിലെ ഖാന്‍ മാരും തമ്മില്‍ എന്താണ് ബന്ധമെന്ന് അറിയുമോ? സിദ്ദിഖിയുടെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ ഷൂട്ടിംഗ് അടക്കം നിര്‍ത്തിവെച്ചാണ് സല്‍മാന്‍ ഖാന്‍ മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് ഓടിയെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച്ചയാണ് ബാബ സിദ്ദിഖിക്കെതിരെ ആക്രമണമുണ്ടാവുന്നത്. ബാന്ദ്ര വെസ്റ്റില്‍ ബാബയുടെ മകന്‍ സീഷാന്‍ സിദ്ദിഖിന്റെ വസതിക്ക് പുറത്ത് വെച്ചായിരുന്നു ആക്രമണം. ചികിത്സയില്‍ ഇരിക്കവേയാണ് അദ്ദേഹം മരിച്ചത്.

ബാബ സിദ്ദിഖിയുമായി വളരെ അടുത്ത ബന്ധം സല്‍മാന്‍ ഖാനുണ്ട്. ലീലാവതി ആശുപത്രിയില്‍ രാത്രി പന്ത്രണ്ടരയോടെയാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. സിദ്ദിഖി വര്‍ഷത്തില്‍ നടത്താറുള്ള ഇഫ്താര്‍ പാര്‍ട്ടിയുടെ ഭാഗമാകാറുണ്ട് സല്‍മാന്‍. ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ബിഗ് ബോസ് 18ന്റെ ഷൂട്ടിംഗ് അടക്കം നിര്‍ത്തിവെച്ചാണ് സല്‍മാന്‍ ആശുപത്രിയിലേക്ക് എത്തിയതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
ബാബയുടെ മരണത്തിന് പിന്നാലെ റിപ്പോര്‍ട്ടുകളെ സല്‍മാന്‍ ആരാധകര്‍ തള്ളി. സിദ്ദിഖിയുടെ മരണം നടന്ന വെള്ളിയാഴ്ച്ചയാണ് വീക്കെന്‍ഡ് കാ വാര്‍ എപ്പിസോഡ് സല്‍മാന്‍ ഷൂട്ട് ചെയ്യാനിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം വെള്ളിയാഴ്ച്ച ഷൂട്ട് ഇല്ലായിരുന്നുവെന്നാണ് ബിഗ് ബോസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള ശീതയുദ്ധം അവസാനിപ്പിക്കുന്നതിലും ബാബ സിദ്ദിഖിക്ക് നിര്‍ണായക പങ്കുണ്ട്. സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത ഒരു കാലം ബോളിവുഡിലുണ്ടായിരുന്നു. പരസ്പരം സിനിമകളിലും ഇവര്‍ അഭിനയിക്കാറില്ലായിരുന്നു.
സല്‍മാന്റെ ചില പരസ്യ പരാമര്‍ശങ്ങള്‍ ഷാരൂഖിനെ ചൊടിപ്പിക്കുകയും ചെയ്തു. പാര്‍ട്ടികളില്‍ വെച്ച് ഷാരൂഖും സല്‍മാനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധത്തിലെ വിള്ളല്‍ ഇല്ലാതാക്കിയത് സിദ്ദിഖിയുടെ ഇടപെടലായിരുന്നു.
2013ലെ ഇഫ്താര്‍ പാര്‍ട്ടിയിലാണ് ഷാരൂഖും സല്‍മാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ച് സൗഹൃദം പുനരാരംഭിച്ചത്. സിദ്ദിഖിയായിരുന്നു ഈ ഇഫ്താര്‍ സംഘടിപ്പിച്ചത്. 2008ലാണ് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കത്രീന കൈഫിന്റെ പിറന്നാളിന് ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമുണ്ടാവുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം ഇരുവരും പരസ്പരം കാണുന്നത് പോലും ഒഴിവാക്കുകയായിരുന്നു.
2013 ഏപ്രില്‍ 17നാണ് സിദ്ദിഖി ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്. ഷാരൂഖ് ഈ പാര്‍ട്ടിയില്‍ സല്‍മാന്റെ പിതാവ് സലീം ഖാന്റെ അടുത്താണ് ഇരുത്തിയത്. ഇത് സിദ്ദിഖി പറഞ്ഞ് ചെയ്യിച്ചതായിരുന്നു. ഇരുവരും ചടങ്ങില്‍ പരസ്പരം സംസാരിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് ബോളിവുഡിലെ ഈ ശീതയുദ്ധം അവസാനിച്ചത്.












Click it and Unblock the Notifications