സാമന്ത വെളിപ്പെടുത്തി; ഇനി നാഗ ചൈതന്യക്കൊപ്പമില്ല... ഡിവോഴ്‌സ് പ്രഖ്യാപിച്ചു, പ്രതികരണം ഇങ്ങനെ
ഹൈദരാബാദ്: ഏറെ നാളായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ചര്‍ച്ചയായിരുന്നു താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വിവാഹം ബന്ധം വേര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്ത. ഇതുവരെ താരങ്ങളോ താര കുടുംബങ്ങളോ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിരുന്നില്ല. പല കോണുകളില്‍ നിന്ന് പ്രതികരണം തേടിയുള്ള ചോദ്യങ്ങല്‍ ആവര്‍ത്തിക്കുന്ന ഘട്ടത്തില്‍ ആ സത്യം സാമന്ത വെളിപ്പെടുത്തി.
ഇരുവരും പിരിയുകയാണെന്ന് സാമന്ത വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴിയാണ് സാമന്തയുടെ പ്രതികരണം. ഇതോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അവസാനമായി എന്ന് പറയാന്‍ സാധിക്കില്ല. കാരണം ഇനി എന്താണ് ഇവരുടെ തീരുമാനം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇരുവരും അവരുടേതായ വഴിയില്‍ നീങ്ങുമെന്നും സൗഹൃദം നിലനിര്‍ത്തുമെന്നും സാമന്ത പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം 4 വര്‍ഷം മുമ്പാണ് നടന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഇവര്‍ വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സാമന്തയോട് ഇത് സംബന്ധിച്ച് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി താരം നല്‍കിയില്ല. വിവാഹ മോചനത്തെ കുറിച്ച് അറിയിക്കണം എന്ന് തോന്നുമ്പോള്‍ വ്യക്തമായ മറുപടി നല്‍കുമെന്നായിരുന്നു സാമന്തയുടെ മറുപടി.

നാഗ ചൈതന്യയുമായുള്ള വിവാഹം ബന്ധം മതിയാക്കുകയാണെന്ന് സാമന്ത അടുത്തിടെ ചില സൂചനകള്‍ നല്‍കിയിരുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സാമന്ത സോഷ്യല്‍ മീഡിയയിലെ പ്രൊഫൈലില്‍ മാറ്റം വരുത്തിയത് ഇതിന്റെ ഭാഗമാണത്രെ. നാഗചൈതന്യയുടെ കുടുംബ പേരായ അകിനേനി ചേര്‍ത്തായിരുന്നു നേരത്തെയുള്ള പ്രൊഫൈല്‍. ഇത് എസ് എന്ന് മാത്രമാക്കി മാറ്റുകയായിരുന്നു.

നാഗ ചൈതന്യയും സാമന്തയും കുടുംബ കോടതിയെ സമീപിച്ചെന്ന് വാര്‍ത്തകളുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് സാമന്ത തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ വേളയില്‍ മാധ്യമങ്ങള്‍ വിവാഹ മോചന വിഷയത്തിലെ പ്രതികരണം ചോദിച്ചിരുന്നു. ഞാന്‍ ക്ഷേത്രത്തില്‍ വന്നതാണ്. നിങ്ങള്‍ക്ക് ബുദ്ധിയില്ലേ എന്നായിരുന്നു സാമന്ത തലയിലേക്ക് വിരല്‍ ചൂണ്ടി നല്‍കിയ മറുപടി.

എന്നാല്‍ ഇപ്പോള്‍ സാമന്തയും നാഗ ചൈതന്യയും വിവാഹ മോചനം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അവര്‍ ആരാധകരെ അറിയിച്ചത്. ഭാര്യ, ഭര്‍ത്താവ് എന്ന നിലയിലുള്ള ബന്ധമാണ് പിരിയുന്നതെന്നും അവരുടേതായ വഴിയില്‍ ഇരുവരും മുന്നോട്ട് പോകുമെന്നും സാമന്ത വ്യക്തമാക്കുന്നു. ഏറെ നാളത്തെ ആലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും സാമന്ത അറിയിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഞങ്ങള്‍ അടുത്ത സൗഹൃദത്തിലായിരുന്നു. അതാണ് ഞങ്ങളുടെ വിവാഹത്തിലേക്ക് എത്തിയത്. ഇനിയും സൗഹൃദം നിലനിര്‍ത്തും. ആരാധകരോടും മാധ്യമങ്ങളോടും ഒരു അപേക്ഷയുണ്ട്. ഞങ്ങളുടെ പ്രതിസന്ധി നിറഞ്ഞ ഒരു സമയമാണിത്. നിങ്ങളുടെ പിന്തുണ വേണം. ഞങ്ങളുടെ സ്വകാര്യതയില്‍ കൈ കടത്തരുതെന്നും സാമന്ത പറഞ്ഞു.

2014ല്‍ പുറത്തിറങ്ങിയ ഓട്ടോനഗര്‍ സൂര്യയുടെ ലൊക്കേഷനില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും അടുത്തത്. 2017ല്‍ ഗോവയില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം ആരാധകര്‍ ഇവരെ ചായ് സാം എന്നാണ് വിളിച്ചിരുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറാന്‍ സാമന്ത തീരുമാനിച്ചു എന്ന വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ല എന്നാണ് സാമന്ത പ്രതികരിച്ചത്.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ഒരു ആരാധകന്റെ ചോദ്യത്തിന് സാമന്ത നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു- ഒരുപാട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് ഞാന്‍ താമസം മാറുന്നു എന്നത്. മുംബൈയിലേക്ക് മാറുന്നില്ല. ഹൈദരാബാദില്‍ തന്നെ തുടരും. ഹൈദരാബാദാണ് എന്റെ വീടും നാടും. ഹൈദരാബാദ് വിട്ട് ഒരിക്കലും പോകില്ല. ഞാന്‍ ഇവിടെ തന്നെ ജീവിക്കുമെന്നും സാമന്ത ആരാധകനോട് പ്രതികരിച്ചു. ഡിവോഴ്‌സിന് ശേഷമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ തിരക്കുന്നത്. അതേസമയം, ഒട്ടേറെ പേര്‍ സാമന്തയെ പിന്തുണച്ചും രംഗത്തുവന്നിട്ടുണ്ട്.












Click it and Unblock the Notifications