സ്വവർഗ വിവാഹം: നാല് വിധികൾ, സ്പെഷ്യൽ മാര്യേജ് ആക്ട് സെക്ഷൻ 4 തുല്യതയ്ക്ക് എതിരെന്ന് സുപ്രീം കോടതി
ന്യൂദല്‍ഹി: സ്വവര്‍ഗവിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗള്‍, എസ് ആര്‍ ഭട്ട്, ഹിമ കോഹ്ലി, പി എസ് നരസിംഹ എന്നിവരാണ് വിധി പുറപ്പെടുവിക്കുന്നത്. സ്വവര്‍ഗരതി ഒരു അര്‍ബന്‍ സങ്കല്‍പ്പമോ സമൂഹത്തിലെ ഉയര്‍ന്ന വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതോ അല്ല എന്ന് ഡിവൈ ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു.
കോടതി പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഭരണഘടന ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.വിവാഹം എന്നത് സ്ഥിരം ചട്ടക്കൂടിലെ വ്യവസ്ഥയല്ലെന്നും വിവാഹത്തില്‍ പലപ്പോഴും നിയമം വഴി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശൈശവ വിവാഹം, സതി തുടങ്ങിയവയും വിധി പ്രസ്താവത്തിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ മാറ്റം വേണമോ എന്ന് പാര്‍ലമെന്റിന് തീരുമാനിക്കാം. ഭിന്നലിംഗ ദമ്പതികള്‍ക്ക് മാത്രമേ നല്ല മാതാപിതാക്കളാകാന്‍ കഴിയൂ പറയാനാകില്ല എന്ന് ചന്ദ്രചൂഢ് പറഞ്ഞു. രാജ്യത്തെ ദത്തെടുക്കല്‍ ചട്ടങ്ങള്‍ ക്വിയര്‍ ദമ്പതികളോടുള്ള വിവേചനമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്വിയര്‍ കമ്മ്യൂണിറ്റി വിവേചനം നേരിടുന്നില്ല എന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. ക്വിയര്‍ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണം. ക്വിയര്‍ ദമ്പതികള്‍ക്ക് സുരക്ഷിതമായ വീടുകള്‍ നല്‍കണം എന്നും നിര്‍ബന്ധിത ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നില്ലെന്ന് ഉറപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു. ക്വിയര്‍ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാം എന്നും ക്വിയര്‍ കമ്മ്യൂണിറ്റിയിലുള്ളവരെ രക്ഷിതാക്കളുടെ അടുത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിവാഹം എന്ന നിയമപരവും സാമൂഹികവുമായ പദവിയുമായുള്ള തങ്ങളുടെ ബന്ധം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 18 സ്വവര്‍ഗ ദമ്പതികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് 10 ദിവസം നീണ്ട വാദം കേള്‍ക്കലാണ് ഇക്കഴിഞ്ഞ മേയ് മാസത്തില്‍ നടന്നിരുന്നത്. 2023 ഏപ്രില്‍ 18 മുതല്‍ മെയ് 11 വരെ 10 ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് സുപ്രീംകോടതി ഈ ഹര്‍ജികളില്‍ വാദം കേട്ടിരുന്നത്.
സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം 21 വയസ് കഴിഞ്ഞ പുരുഷനും 18 വയസ് കഴിഞ്ഞ സ്ത്രീക്കും വിവാഹിതരാകാം എന്നാണ് പറഞ്ഞിട്ടുള്ളത്. ഇതില്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് മാറ്റി ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി രണ്ട് പങ്കാളികള്‍ തമ്മിലുള്ള വിവാഹം എന്ന ആവശ്യം പരിഗണിക്കണം എന്ന ആവശ്യം വാദത്തിനിടെ ഉയര്‍ന്നിരുന്നു.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാനും വിവാഹം കഴിക്കാനും അനുമതിയുണ്ടെന്നിരിക്കെ സ്വവര്‍ഗമെന്നതിന്റെ പേരില്‍ മാത്രം വിവാഹത്തിന് നിയമസാധുത നിഷേധിക്കരുതെന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്. നേരത്തെ ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് 2018 ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.












Click it and Unblock the Notifications