'ക്രിക്കറ്റാണോ ടെന്നീസാണോ വേണ്ടതെന്ന് ഞങ്ങള്‍ മകനോട് ചോദിച്ചിരുന്നു, മറുപടി ഞെട്ടിച്ചു'; സാനിയ മിര്‍സ
ബെംഗളൂരു: ഇന്ത്യന്‍ ടെന്നീസിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചതിന് പിന്നില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് സാനിയ മിര്‍സ. ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും കളം വാണ ഇന്ത്യന്‍ ടെന്നീസിലേക്ക് ഒരു വനിതാ താരം കടന്ന് കയറിയത് പൊടുന്നനെയായിരുന്നു. പിന്നാലെ ലോക ടെന്നീസ് ഡബിള്‍സിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായും സാനിയ മിര്‍സ മാറി. അടുത്തിടെയാണ് സാനിയ മിര്‍സ അന്താരാഷ്ട്ര ടെന്നീസില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇതോടൊപ്പം തന്നെ സാനിയ മിര്‍സയും ഭര്‍ത്താവും പാകിസ്ഥാന്‍ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത് എന്നും മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്കിന്റെ കാര്യത്തില്‍ തീരുമാനത്തില്‍ എത്തി എന്നും ഉള്ള തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതിനിടെ ഇപ്പോള്‍ സാനിയ മിര്‍സ മകനെ കുറിച്ചും വിരമിക്കല്‍ ജീവിതത്തെ കുറിച്ചും പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധേയമാകുന്നത്. 2023 ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്സഡ് ഡബിള്‍സ് സെമി ഫൈനലില്‍ വിജയിച്ചതിന് ശേഷം മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക് വിജയം ആഘോഷിക്കാന്‍ കോര്‍ട്ടിലേക്ക് ഓടി എത്തിയത് തനിക്ക് ശക്തവും വൈകാരികവുമായ ഓര്‍മയാണ് എന്നാണ് സാനിയ പറയുന്നത്.
അമ്മ എന്ന പദവി താന്‍ ഏറെ ആസ്വദിക്കുന്നുണ്ട് എന്നും ഒരിക്കല്‍ ഒരു അമ്മയായാല്‍ മറ്റൊന്നും അതിനെ മറികടക്കില്ല എന്നും സാനിയ മിര്‍സ പറഞ്ഞു. ഒരു അമ്മയാകുക എന്നത് നിങ്ങളുടെ കുട്ടിയുടെ തിരഞ്ഞെടുപ്പുകള്‍ക്ക് അനുസരിച്ചാണ് എന്നും സാനിയ മിര്‍സ പറഞ്ഞു. തന്റെ മകനോട് ക്രിക്കറ്റ് താരമാകണോ ടെന്നീസ് താരമാകണോ എന്നും തങ്ങള്‍ ചോദിച്ചിരുന്നു സാനിയ മിര്‍സ പറഞ്ഞു.
അതിന് തനിക്ക് ബാഡ്മിന്റണ്‍ കളിക്കാനാണ് ഇഷ്ടം എന്നാണ് ഇഹ്‌സാന്‍ മിര്‍സ മാലിക് മറുപടി നല്‍കിയത് എന്നും സാനിയ മിര്‍സ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അവന്റെ മുത്തശ്ശിമാര്‍ക്കൊപ്പം ദുബായിലാണ് ഇഹ്‌സാന്‍ മിര്‍സ മാലിക് താമസിക്കുന്നത് എന്നും സാനിയ മിര്‍സ പറഞ്ഞു. ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ ആണ് സാനിയ മിര്‍സയുടെ ഈ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം
കഴിഞ്ഞ ഒക്ടോബര്‍ മാസം മുതലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മില്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നത്. മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്കിന്റെ നാലാം പിറന്നാളിനോട് അനുബന്ധിച്ച് സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച ജന്മദിനാഘോഷ പരിപാടിയുടെ ചിത്രങ്ങളില്‍ ഷൊയ്ബ് മാലിക്ക് ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇത്തരം വാര്‍ത്തകള്‍ പരന്നത്.
ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ ചില നിയമതടസങ്ങള്‍ മൂലമാണ് ഒൗദ്യോഗികമായി വെളിപ്പെടുത്താത് എന്നുമാണ് ഷൊയ്ബ് മാലിക്കിന്റെ ബന്ധുവിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2010 ഏപ്രില്‍ 12 ന് ആണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക്കിനെ സാനിയ മിര്‍സ വിവാഹം കഴിക്കുന്നത്. 2018 ല്‍ സാനിയ മിര്‍സ - ഷൊയ്ബ് മാലിക് ദമ്പതികള്‍ക്ക് ഇഹ്സാന്‍ മിര്‍സ മാലിക് എന്ന ആണ്‍കുഞ്ഞ് പിറക്കുന്നത്.
ഇന്ത്യക്കായി സിംഗിള്‍സിലും ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും ഒട്ടനവധി വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് സാനിയ മിര്‍സ. വിവാഹ ശേഷവും ടെന്നീസ് കോര്‍ട്ടില്‍ സജീവമായിരുന്നു സാനിയ. ഷൊയ്ബ് മാലിക്കാകട്ടെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ദീര്‍ഘനാളായി അവിഭാജ്യഘടകമായിരുന്നു. ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റിലും ടി 20 ലീഗുകളിലും സജീവമാണ് ഷൊയ്ബ് മാലിക്ക്.












Click it and Unblock the Notifications