ഒന്നും വേണ്ട സ്വസ്ഥത മതി എന്ന് തോന്നിപ്പോകും...; വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സാനിയ
ഹൈദരാബാദ്: ഇന്ത്യന്‍ മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്നും ഇരുവരും വിവാഹമോചനം നടത്തിയെന്നുമുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറെ നാളുകളായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല. അടുത്തിടെ ഷൊയ്ബ് മാലിക്ക് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളില്ല എന്ന തരത്തില്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ പലപ്പോഴും സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന ഊഹാപോഹങ്ങള്‍ക്ക് കാരണമാകുന്നത് സാനിയ മിര്‍സ പലപ്പോഴായി പങ്ക് വെക്കുന്ന ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളാണ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ ആണ് താന്‍ കടന്ന് പോകുന്നത് എന്ന് വ്യക്തമാക്കുന്ന സ്റ്റോറികള്‍ സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്. കൂടാതെ ഇക്കാലത്തിനിടെ ഒരിക്കല്‍ പോലും ഷൊയ്ബ് മാലിക്കിനൊപ്പമുള്ള ചിത്രങ്ങള്‍ സാനിയ മിര്‍സ പങ്ക് വെച്ചിട്ടുമില്ല.

സാനിയയും ഷൊയ്ബും കുറച്ചുകാലമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷൊയ്ബ് മാലിക്കിന്റെ അടുത്ത ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്ക് ആകട്ടെ പലപ്പോഴും മാലിക്കിനും സാനിയയ്ക്കും ഒപ്പമാണ് താനും. അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിച്ച ഇരുവരും ഇപ്പോള്‍ നിരവധി ഷോകളുടെ ഭാഗമാണ്.
സാനിയയും മാലിക്കും ഒന്നിച്ച് അവതരിപ്പിക്കുന്ന പരിപാടികളും ഉണ്ട്. ഇത് സംബന്ധിച്ച ചില കരാര്‍ ഉള്ളതിനാലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് സാനിയ മിര്‍സ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കിട്ട സ്റ്റോറി സൂചിപ്പിക്കുന്നത് മാലിക്കുമായി ചില പ്രശ്‌നങ്ങളുണ്ട് എന്നാണ്.
എങ്കില്‍ നിങ്ങള്‍ക്ക് സ്വസ്ഥതയല്ലാതെ മറ്റൊന്നും ആവശ്യമില്ലാത്ത ഘട്ടത്തില്‍ നിങ്ങള്‍ എത്തിച്ചേരും എന്നാണ് സാനിയ മിര്‍സ രണ്ട് ദിവസം മുന്‍പ് പങ്ക് വെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്. വിവാഹമോചനത്തെക്കുറിച്ചുള്ള കിംവദന്തികളെ സാനിയ പ്രത്യേകം സൂചിപ്പിച്ചിട്ടില്ലെങ്കിലും ഇന്‍സ്റ്റാ സ്റ്റോറി തന്റെ നിലവിലെ വൈകാരികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?
കഴിഞ്ഞ ആഴ്ചയാണ് ഷൊയ്ബ് മാലിക്ക് താന്‍ സാനിയ മിര്‍സയെ മിസ് ചെയ്യുന്നു എന്ന് തുറന്ന് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് സാനിയ മിര്‍സയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഈദ് ഉല്‍ ഫിത്വറിന് തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു ഷൊയ്ബ് മാലിക്ക് പറഞ്ഞിരുന്നത്. തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തങ്ങള്‍ക്കിരുവര്‍ക്കും ചില പ്രൊഫഷണല്‍ പ്രതിബദ്ധതകള്‍ ഉണ്ട് എന്നും അതിനാല്‍ തന്നെ ഈദ് പോലുള്ള ദിവസങ്ങളില്‍ പോലും ഒന്നിച്ചിരിക്കാന്‍ സാധിക്കാറില്ല എന്നുമാണ് മാലിക്ക് പറഞ്ഞത്. 2010 ഏപ്രില്‍ 12 ന് ആയിരുന്നു ഷൊയ്ബ് മാലിക്ക് സാനിയ മിര്‍സ വിവാഹം. വിവാഹശേഷം സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ദുബായില്‍ ആയിരുന്നു താമസിച്ചിരുന്നത്. 2018 ഒക്ടോബര്‍ 30 ന് ആണ് സാനിയ -മാലിക് ദമ്പതികള്‍ക്ക് ഇഹ്‌സാന്‍ മിര്‍സ മാലിക് എന്ന ആണ്‍കുഞ്ഞ് ജനിക്കുന്നത്.
ഇഹ്‌സാന്റെ നാലാം ജന്മദിനത്തിന് പിന്നാലെയാണ് സാനിയയും മാലിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതിനിടെ സാനിയ മിര്‍സയുടെ ജന്മദിനത്തിന് ഷൊയ്ബ് മാലിക്ക് ആശംസ അറിയിച്ചിരുന്നു. എന്നാല്‍ സാനിയ മിര്‍സ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഈ വര്‍ഷമാണ് സാനിയ മിര്‍സ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.












Click it and Unblock the Notifications