'നടന്നത് വൈകാരികമായ ചർച്ചകൾ മാത്രം, സഖ്യമായിട്ടില്ല'; താക്കറെമാരുടെ കൂടിച്ചേരലിൽ സഞ്ജയ് റാവത്ത്
മുംബൈ: വിവിധ രാഷ്ട്രീയ ഭിന്നതകളെ തുടർന്ന് രണ്ട് പതിറ്റാണ്ട് മുൻപ് വേർപിരിഞ്ഞ ബന്ധുക്കളായ രാജ് താക്കറെയും ഉദ്ധവ് താക്കറെയും വീണ്ടും ഒന്നിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചർച്ചകളോട് പ്രതികരിച്ച് ശിവസേന യുബിടി എംപി സഞ്ജയ് റാവത്ത്. ഒരു സഖ്യവും നിലവിലില്ലെന്നും വൈകാരിക ചർച്ചകൾ മാത്രമേ നടക്കുന്നിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിച്ചേരലിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഈ രണ്ട് സഹോദരന്മാർ തമ്മിലുള്ള ബന്ധം ഒരിക്കലും തകർന്നിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സഞ്ജയ് റാവത്ത് പറഞ്ഞു. 'എംഎൻഎസും ശിവസേനയും തമ്മിൽ ഇപ്പോൾ ഒരു സഖ്യവുമില്ല, വൈകാരിക ചർച്ചകൾ മാത്രമാണ് നടക്കുന്നത്... രാജ് താക്കറെയും ഉദ്ധവ് താക്കറെയും സഹോദരന്മാരാണ്. വർഷങ്ങളോളം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു' സഞ്ജയ് റാവത്ത് പറയുന്നു.

'ഞങ്ങളുടെ ബന്ധം തകർന്നിട്ടില്ല... രണ്ട് സഹോദരന്മാരും സഖ്യത്തെക്കുറിച്ച് തീരുമാനിക്കും. ഉദ്ധവ് ജി പറഞ്ഞത് ഞങ്ങൾ അംഗീകരിച്ചു: മഹാരാഷ്ട്രയ്ക്ക് വേണ്ടി, ഞങ്ങൾ (എംഎൻഎസും ശിവസേനയും -യുബിടി) ഒന്നിക്കണമെങ്കിൽ, അതിന് ഞങ്ങൾ തയ്യാറാണ്' ശിവസേന എംപി കൂടിയാണ് സഞ്ജയ് റാവത്ത് നിലപാട് വ്യക്തമാക്കി.
കൂടാതെ മഹാരാഷ്ട്രയുടെ അഭ്യുദയകാംക്ഷികളെന്ന് അവകാശപ്പെടുന്ന പാർട്ടികളാണ് യഥാർത്ഥത്തിൽ അവരുടെ ശത്രുക്കളെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ അഭിമാനത്തെ ആക്രമിക്കാൻ ശിവസേനയെ തകർത്തു. അത്തരം പാർട്ടികളുമായി ഒരു ബന്ധവും നിലനിർത്തരുതെന്നും റാവത്ത് കൂട്ടിച്ചേർത്തു.
'മഹാരാഷ്ട്രയുടെ അഭിമാനത്തെ ആക്രമിക്കാൻ അവർ ബാലാസാഹേബിന്റെ ശിവസേനയെ തകർത്തു, അത്തരം പാർട്ടികളുമായി നമുക്ക് ഒരു ബന്ധവും പാടില്ല, അപ്പോൾ മാത്രമേ നമുക്ക് യഥാർത്ഥ മഹാരാഷ്ട്രക്കാരാകാൻ കഴിയൂ. ഇത് ഒരു വ്യവസ്ഥയല്ല, മറിച്ച് മഹാരാഷ്ട്രയിലെ ജനങ്ങളുടെ വികാരമാണ്, ഇതാണ് ഉദ്ധവ് ജി പറഞ്ഞത്' സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ട് ബന്ധുക്കളുടെയും കൂടിച്ചേരൽ സാധ്യതയെ സ്വാഗതം ചെയ്യുകയും അതിനെ നല്ല നടപടിയെന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു. 'രണ്ടുപേരും ഒന്നിച്ചാൽ, ഞങ്ങൾ അതിൽ സന്തോഷിക്കും. ആളുകൾ അവരുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുകയാണെങ്കിൽ, അതൊരു നല്ല കാര്യമാണ്. ഇതിനെക്കുറിച്ച് എനിക്ക് മറ്റെന്താണ് പറയാൻ കഴിയുക?' എന്നായിരുന്നു ഫഡ്‌നാവിസിന്റെ ചോദ്യം.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പ്രകാരം സ്‌കൂളുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ വർധിച്ചുവരുന്ന അതൃപ്‌തിയുടെ കൂടി പശ്ചാത്തലത്തിലാണ് താക്കറെ സഹോദരങ്ങൾ വീണ്ടും ഒന്നിക്കാനുള്ള ചരട് വലികൾ അണിയറയിൽ നടക്കുന്നത്.
ഇരുപാർട്ടികളും ഒന്നിക്കുന്നത് ബിജെപിയെ എതിരിടാൻ ആണെന്ന പ്രചാരണവും ശക്തമാണ്, പ്രത്യേകിച്ച് മേൽപറഞ്ഞ ദേശീയ വിദ്യാഭ്യാസ നയത്തിലെ പരിഷ്ക്കാരം കണക്കിലെടുക്കുമ്പോൾ. പ്രധാന പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ, ഞങ്ങൾക്കിടയിലുള്ള തർക്കങ്ങളും വഴക്കുകളും വളരെ ചെറുതാണ്. മഹാരാഷ്ട്രയ്ക്കും മറാത്തി ജനതയ്ക്കും, ഞങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ നിസാരമാണ്; എന്നായിരുന്നു രാജ് താക്കറെ പറഞ്ഞത്.
ചെറിയ പിണക്കങ്ങൾ മാറ്റിവെച്ച് മറാത്തി സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കായി ഒന്നിക്കാൻ ഞാൻ തയ്യാറാണ്; എന്നായിരുന്നു ഉദ്ധവ് താക്കറെ ഇതിന് നൽകിയ മറുപടി. അതോടെയാണ് ഇരുവരും ഒന്നിക്കുകയാണ് എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായത്. ഇതിന്റെ ചർച്ചകൾ നിലവിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
2005ൽ പാർട്ടി സ്ഥാപകൻ ബാൽ താക്കറെ തന്റെ മകൻ ഉദ്ധവിനെ പിൻഗാമിയായി നാമനിർദ്ദേശം ചെയ്‌തതിനെത്തുടർന്ന്, രാജ് താക്കറെ അന്നത്തെ അവിഭക്ത ശിവസേനയിൽ നിന്ന് പുറത്തുപോവുകയായിരുന്നു. പിന്നീട് ഒരു വർഷത്തിനുശേഷം, രാജ് താക്കറെ മഹാരാഷ്ട്ര നവനിർമ്മാൺ സേന എന്ന സ്വന്തം പാർട്ടി ആരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications