ബിസിസിഐയുടെ അന്വേഷണം, ചാമ്പ്യൻസ് ട്രോഫിയിൽ ഇടവുമില്ല; സഞ്ജുവിന് ശരിക്കും ശനിദശയോ?
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യൻ ദേശീയ ടീമിനെ ഇന്നാണ് പ്രഖ്യാപിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ടീം പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മറ്റ് ടീമുകൾ എല്ലാം സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങളായെങ്കിലും ഇന്ത്യൻ ടീം മാത്രം പ്രഖ്യാപനം വൈകിക്കുകയായിരുന്നു. പല കാരണങ്ങൾ കൊണ്ടാണ് ടീം തിരഞ്ഞെടുപ്പും അതിന്റെ പ്രഖ്യാപനം വൈകുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.
ഇപ്പോഴിതാ ടീം പ്രഖ്യാപനം വന്നതിന് പിന്നാലെ മലയാളികൾക്കും രാജസ്ഥാൻ റോയൽസ് ആരാധകർക്കും നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല എന്നതാണ് പ്രത്യേകത. സഞ്ജുവിനെ സംബന്ധിച്ച് ഇത്തരം തഴയലുകൾ പലതവണ അനുഭവിക്കേണ്ടി വന്നതാണെങ്കിലും ഇക്കുറി വലിയ നിരാശയാണ് താരത്തിന് ഉള്ളത്.

അതിൽ പ്രധാന കാര്യം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു സാംസൺ എന്നതാണ്. എന്നിട്ടും താരത്തെ സുപ്രധാന ഐസിസി ടൂർണമെന്റിൽ ഇറക്കാൻ ബിസിസിഐ കൂട്ടാക്കാതെ വരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് ബാക്കിയാവുന്നത്. ഇതോടെ താരത്തിന് ശനിദശയാണ് എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. അതിന് കാരണവുമുണ്ട്.
കഴിഞ്ഞ ദിവസമാണ് പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് വിട്ടുനിന്ന സഞ്ജു സാംസന്റെ നടപടി ബിസിസിഐയെ അസ്വസ്ഥമാക്കിയതായി വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ബിസിസിഐ സഞ്ജുവിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
അതിന് പിന്നാലെയാണ് താരത്തെ ഒഴിവാക്കി കൊണ്ടുള്ള ചാമ്പ്യൻസ് ട്രോഫി ടീം പട്ടിക വന്നിരിക്കുന്നത്. ഇതോടെ ആരാധകർ കടുത്ത നിരാശയിലാണ്. സഞ്ജു രണ്ടാം വിക്കറ്റ് കീപ്പറായി ടീമിൽ ഇടം നേടുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ഇതിനെയൊക്കെ കാറ്റിൽ പറത്തി കൊണ്ടാണ് സഞ്ജു പുറത്തായത്.
ഏകദിനത്തിൽ മികച്ച ശരാശരിയും ഭേദപ്പെട്ട റെക്കോർഡുകളും സ്വന്തമായുള്ള താരത്തിനെ ബിസിസിഐ പരിഗണിക്കും എന്ന് തന്നെയായിരുന്നു കരുതിയത്. ഒന്നാം വിക്കറ്റ് കീപ്പറായി കെഎൽ രാഹുൽ തന്നെയാണ് ടീമിൽ ഇടം നേടിയിട്ടുള്ളത്. നിലവിൽ ഇന്ത്യൻ ടീമിൽ മികച്ച ഫോമിലുള്ള, പരിചയ സമ്പന്നനായ താരമെന്ന നിലയിൽ രാഹുലിന്റെ സ്ഥാനം ഉറപ്പായിരുന്നു.
എങ്കിലും മോശം ഫോമിൽ കളിക്കുന്ന റിഷഭ് പന്തിന് പകരം സഞ്ജുവിനെ ടീമിൽ എടുക്കും എന്ന സ്വപ്‌നവും തകർന്നടിഞ്ഞു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ വച്ചായിരിക്കും നടക്കുക. ഇന്ത്യ സെമിയിലും ഫൈനലിലും എത്തിയാൽ ഇതും യുഎഇയിലാവും നടക്കുക.
അതേസമയം, ഇന്ത്യ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്ണമെന്റിനുള്ള ടീമിനെ ഇന്ന് വൈകീട്ടോടെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തി എന്നതാണ് പ്രത്യേകത. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ട് പരമ്പരയിൽ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുമ്രയും ടീമിലുണ്ട്.












Click it and Unblock the Notifications