സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും മോചിപ്പിക്കണം; അപേക്ഷ നൽകി സിജെപി, തീരുമാനം ഇന്നറിയാം
ന്യൂഡൽഹി: പോലീസ് കസ്‌റ്റഡിയിൽ കഴിയുന്ന സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി. ഇരുവരുടെയും ജാമ്യക്കാർ സംബന്ധിച്ച രേഖകൾ സമർപ്പിച്ച ശേഷമാണ് നടപടി. ഞായറാഴ്‌ച ഉച്ചയോടെ ഇരുവരുടെയും മോചന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കസ്‌റ്റഡിയിലെടുത്ത ദിവസം ജാമ്യക്കാർ ഹാജരാകാതിരുന്നതിനാലാണ് ഇരുവരെയും ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതെന്ന് നിയമസംഘം അറിയിച്ചു. ഇവരുടെ സഹപ്രവർത്തകനായ അജിങ്ക്യ ഷിൻഡെയ്ക്ക് സമാധാന ബോണ്ടിൽ ഒപ്പിട്ടതിന് പിന്നാലെ പോകാൻ അനുമതി ലഭിച്ചിരുന്നു. ആവർത്തിച്ചുള്ള നിയമലംഘനങ്ങളും പൊതുസമാധാനം തകർക്കാനോ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കാനോ സാധ്യതയുണ്ടെന്ന ആശങ്കയുമാണ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കസ്‌റ്റഡിയിലെടുക്കാൻ കാരണമായി പോലീസ് ചൂണ്ടിക്കാട്ടിയത്.

നേരത്തെ ഒരു പ്രതിഷേധത്തിനിടെ കസ്‌റ്റഡിയിലെടുത്തപ്പോൾ ഒരു വർഷത്തേക്ക് സമാധാനം പാലിക്കുമെന്ന് ഉറപ്പുനൽകുന്ന ബോണ്ടിൽ ഇരുവരും ഒപ്പിട്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സർക്കാർ വിയോജിപ്പുകളെ അടിച്ചമർത്തുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ ആരോപിച്ചു. സൗരവിനെയും അശുതോഷിനെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടിരിക്കുകയാണെന്നും ജന്തർ മന്തറിൽ ദേശീയ പതാക ഉയർത്തിയതാണ് അവരുടെ കുറ്റമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്‌ഐആറിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തെ തുടർന്നുള്ള സിജെപി പ്രതിഷേധങ്ങൾക്കിടയിലാണ് നേതാക്കളെ കസ്‌റ്റഡിയിലെടുത്തത്. ജന്തർ മന്തറിൽ പ്രതിഷേധങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പാർട്ടിയുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ഒക്ടോബർ 11ന് ഡൽഹി പോലീസ് കമ്മീഷണർ അനുരാഗ് കുമാർ പുറപ്പെടുവിച്ച ഉത്തരവിൽ രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവ പ്രതിഷേധങ്ങൾക്കുള്ള വേദികളായി നിശ്ചയിച്ചിരുന്നു. ഇതോടെ ജന്തർ മന്തർ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടു.
ഈ തീരുമാനത്തെയും സിജെപി എതിർത്തു.
രാജ്യതലസ്ഥാനത്തിന്റെ രാഷ്ട്രീയ കേന്ദ്രത്തിൽനിന്ന് പ്രതിഷേധങ്ങളെ മാറ്റുന്നത് ജനങ്ങളുടെ വിയോജിപ്പുകൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത് കുറയ്ക്കുമെന്നാണ് പാർട്ടിയുടെ വാദം. അതിനിടെ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്ന സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ വിട്ടയച്ചിരുന്നു. സമാധാന ബോണ്ടിൽ ഒപ്പിട്ട ശേഷമായിരുന്നു അദ്ദേഹത്തിനെ പോലീസ് വിട്ടയച്ചത്.
അതിനിടെ ഗ്യാനേഷ് കുമാറിന്റെ രാജിയുമായി ബന്ധപ്പെട്ടുള്ള സിജെപി പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്‌ച്ച തിരംഗ മാർച്ച് നടത്താൻ ഒരുങ്ങുന്നതിനിടെയാണ് നേതാക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രധാന നേതാക്കളെ കസ്‌റ്റഡിയിൽ എടുക്കുന്ന രീതിയാണ് നിലവിൽ പോലീസ് സ്വീകരിക്കുന്നത്.


Click it and Unblock the Notifications
